‘മോചനത്തിന് 30 ലക്ഷം നൽകണം’; വിദേശത്ത് പോകാൻ പണത്തിനായി പിതാവിന് ‘കിഡ്നാപ്പിങ്’ ചിത്രങ്ങളയച്ച് വിദ്യാർഥിനിയുടെ നാടകം

ഭോപാൽ: വിദേശത്ത് പോകാനുള്ള പണം കണ്ടെത്താൻ പിതാവിന് മുമ്പിൽ തട്ടിക്കൊണ്ടുപോകൽ നാടകമൊരുക്കി വിദ്യാർഥിനി. മധ്യപ്രദേശ് സ്വദേശിനിയും രാജസ്ഥാനിലെ കോട്ടയിൽ എൻട്രൻസ് പരിശീലന വിദ്യാർഥിനിയുമായ കാവ്യയാണ് (21) മോചനത്തിന് 30 ലക്ഷം രൂപ ആവശ്യപ്പെട്ട് കൈയും കാലും കെട്ടിയ നിലയിലുള്ള ചിത്രങ്ങളയച്ചത്. നാടകം പൊളിഞ്ഞതോടെ വിദ്യാർഥിനിയും രണ്ട് ആൺ സുഹൃത്തുക്കളും ഒളിവിലാണ്.

മാതാവിനൊപ്പം ഹോസ്റ്റലിൽ എത്തിയ കാവ്യ മൂന്ന് ദിവസം മാത്രം അവിടെ താമസിച്ച ശേഷം സുഹൃത്തുക്കൾക്കൊപ്പം ഭോപ്പാലിലേക്ക് പുറപ്പെടുകയായിരുന്നു. രാജസ്ഥാനിൽ തന്നെ ഉണ്ടെന്ന് മാതാപിതാക്കളെ വിശ്വസിപ്പിക്കാൻ ഇടക്കിടെ ചിത്രങ്ങൾ അയച്ചുനൽകിയിരുന്നെന്ന് പൊലീസ് പറഞ്ഞു.

മാർച്ച് 18നാണ് പിതാവ് രഘുവീർ ധാകഡ് മകളെ കാണാനില്ലെന്ന് പറഞ്ഞ് കോട്ട ​പൊലീസിനെ സമീപിച്ചത്. തട്ടിക്കൊണ്ടുപോയവർ 30 ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടെന്നും മകളുടെ കൈയും കാലും കെട്ടിയ നിലയിലുള്ള ചിത്രങ്ങൾ അയച്ചുനൽകിയെന്നും അദ്ദേഹം നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് ​നടത്തിയ അന്വേഷണത്തിൽ കാവ്യ മൂന്ന് ദിവസമേ ഹോസ്റ്റലിൽ നിന്നിട്ടുള്ളൂവെന്നും ബാക്കി ദിവസങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പം ഇൻഡോറിലാണ് കഴിഞ്ഞിരുന്നതെന്നും കണ്ടെത്തി.

കാവ്യയും ഒരു സുഹൃത്തും വിദേശത്ത് പോകാൻ ആഗ്രഹിച്ചിരുന്നെന്നും എന്നാൽ, അതിനുള്ള പണം ഇല്ലായിരുന്നെന്നും അത് കണ്ടെത്താൻ തട്ടിക്കൊണ്ടുപോൽ നാടകം ഒരുക്കുകയുമായിരുന്നെന്നും മറ്റൊരു സുഹൃത്ത് പൊലീസിന് മൊഴിനൽകി. കാവ്യയുടെയും മുങ്ങിയ രണ്ട് സുഹൃത്തുക്കളുടെയും ഫോണുകൾ ഓഫാക്കിയ നിലയിലാണ്. ഇവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

Tags:    
News Summary - '30 lakhs to be paid for release'; The drama of the student sending her father 'kidnapping' pictures to get money to go abroad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.