വൻ ലാഭം വാഗ്ദാനം ചെയ്ത് ഓഹരി തട്ടിപ്പ്; അക്കൗണ്ടന്റിന് നഷ്ടമായത് 4.12 കോടി രൂപ
രാജ്കോട്ട്: ഓഹരി വിപണി നിക്ഷേപത്തിലൂടെ വൻ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് രാജ്കോട്ടിലെ 32കാരനായ അക്കൗണ്ടന്റിൽനിന്ന് 4.12 കോടി രൂപ തട്ടിയെടുത്തതായി പരാതി. ‘ഹലോ ട്രേഡ്സ്’ എന്ന പേരിലുള്ള ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം.
മിതേഷ് എന്ന അക്കൗണ്ടന്റാണ് പരാതിക്കാരൻ. സംഭവത്തിൽ രാജ്കോട്ട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ നരേഷ് സേവകറാമണിയും വിവിധ ബാങ്ക് അക്കൗണ്ട് ഉടമകളുമാണ് പരാതിയിൽ പ്രതികൾ.
2021ൽ ഓഹരി വിപണി നിക്ഷേപവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വിവരങ്ങൾ തേടുന്നതിനിടെയാണ് നരേഷ് സേവകറാമണിയുമായി പരിചയപ്പെട്ടതെന്ന് മിതേഷ് പരാതിയിൽ പറയുന്നു. തുടക്കത്തിൽ അധിക ഫീസോ കമീഷനോ ഈടാക്കാതെ സ്റ്റോക്ക് ട്രേഡിങ് പഠിപ്പിക്കാമെന്ന് നരേഷ് വാഗ്ദാനം ചെയ്തിരുന്നു. 2021 മുതൽ 2024 വരെ ചെറിയ തുകകൾ നിക്ഷേപിച്ച് ട്രേഡിങ് പഠിച്ചശേഷം വലിയ തോതിൽ നിക്ഷേപിക്കാൻ മിതേഷ് തീരുമാനിച്ചു. ഇതിനായി സുഹൃത്തുക്കളിൽനിന്ന് ഉൾപ്പെടെ പണം കടം വാങ്ങിയതായും പരാതിയിൽ പറയുന്നു.
2024ൽ നരേഷ് മിതേഷിനെ ‘ഹലോ ട്രേഡ്സ്’ എന്ന ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്ഫോം പരിചയപ്പെടുത്തി. ഏജന്റായി പ്രവർത്തിക്കുന്നതിന് കമീഷൻ നൽകണമെന്നും പറഞ്ഞു. പ്ലാറ്റ്ഫോമിൽ അക്കൗണ്ട് തുറന്നശേഷം നിക്ഷേപത്തിനായി വിവിധ ബാങ്ക് അക്കൗണ്ടുകളും ക്യുആർ കോഡുകളും നൽകുകയായിരുന്നു. ഹലോ ട്രേഡ്, സിദ്ധി വിനായക് എന്റർപ്രൈസ്, പാസിഫൈ ഇൻഫ്ര, വീസ്‌ബോഡ് സോഫ്റ്റ്‌വെയർ, മങ്കി എന്റർപ്രൈസ്, മാരുതി മണി, ദൃഷ്ടി തുടങ്ങിയ പേരുകളിലുള്ള അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിച്ചതെന്ന് പരാതിയിൽ പറയുന്നു. ഓരോ ഇടപാടിന്റെയും സ്ക്രീൻഷോട്ടുകൾ വാട്സാപ്പിലൂടെ അയച്ചതായും തുടർന്ന് അതേ തുക ഓൺലൈൻ പ്ലാറ്റ്ഫോമിലെ മിതേഷിന്റെ അക്കൗണ്ടിൽ ബാലൻസായി കാണിച്ചിരുന്നതായും പരാതിയിലുണ്ട്.
2024 മുതൽ 2026 ഫെബ്രുവരി വരെയുള്ള കാലയളവിൽ 6,35,47,843 രൂപ പ്ലാറ്റ്ഫോമിലൂടെ നിക്ഷേപിച്ചതായാണ് മിതേഷിന്റെ പരാതി. ഇതിൽ 4,23,15,169 രൂപ പിന്നീട് തിരികെ ലഭിച്ചു. എന്നാൽ 2,12,33,655 രൂപ നിക്ഷേപിച്ച തുകയായി ബാക്കിനിന്നു. ഇതിനുപുറമെ പ്ലാറ്റ്ഫോമിലെ അക്കൗണ്ടിൽ ഏകദേശം രണ്ട് കോടി രൂപ ലാഭമായി കാണിച്ചിരുന്നതായും പരാതിയിൽ പറയുന്നു.
2026 ഫെബ്രുവരി രണ്ടിന് നിക്ഷേപിച്ച തുകയും പ്ലാറ്റ്ഫോമിൽ കാണിച്ചിരുന്ന ലാഭവും പിൻവലിക്കാൻ മിതേഷ് ശ്രമിച്ചതോടെയാണ് തട്ടിപ്പ് സംശയിക്കപ്പെട്ടത്. പിൻവലിക്കൽ ഓപ്ഷൻ ഉപയോഗിച്ചപ്പോൾ എറർ സന്ദേശം ലഭിച്ചു. ഇക്കാര്യം നരേഷിനെ അറിയിച്ചപ്പോൾ ഒന്നോ രണ്ടോ ദിവസത്തിനകം പണം പിൻവലിക്കാനുള്ള സൗകര്യം ഒരുക്കാമെന്ന് പറഞ്ഞതായാണ് പരാതി. എന്നാൽ പിന്നീട് നരേഷ് ഫോൺ കോളുകൾ എടുക്കാതാകുകയും പ്ലാറ്റ്ഫോമിലേക്കുള്ള ലിങ്ക് പ്രവർത്തനരഹിതമാകുകയും ചെയ്തതായി മിതേഷ് ആരോപിച്ചു.
ഇതോടെ ബാക്കിയായ 2.12 കോടി രൂപ നിക്ഷേപവും ഏകദേശം രണ്ട് കോടി രൂപ ലാഭവും കാണിച്ചിരുന്നത് ഉൾപ്പെടെ 4,12,33,655 രൂപ നഷ്ടമായെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ രാജ്കോട്ട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പണം നിക്ഷേപിച്ച ബാങ്ക് അക്കൗണ്ടുകൾ, ഇടപാടുകളുടെ വഴി, പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട വ്യക്തികൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.