പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ ക്രൂരമായി ആക്രമിച്ച് 14 വയസ്സുകാരൻ
ലണ്ടൻ: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ 14 വയസ്സുകാരൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടക്കുള്ളിൽ വെച്ച് നിരവധി തവണ കുത്തിപ്പരിക്കേൽപ്പിച്ചു. യുകെയിലെ ഗ്ലൗസെസ്റ്റർഷയറിലാണ് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം നടന്നത്. കഴിഞ്ഞ ഡിസംബറിലാണ് പ്രതി പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയത്. എന്നാൽ പെൺകുട്ടി ഇത് നിരസിച്ചതോടെ പ്രതി വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിർമിച്ച് അവളെ നിരന്തരം ശല്യം ചെയ്യാനും പിന്തുടരാനും തുടങ്ങി. ഒടുവിൽ ഇത് കൊലപാതക ശ്രമത്തിലേക്ക് വഴിമാറുകയായിരുന്നു.
മാർച്ച് 15-നാണ് സിരൻസെസ്റ്ററിലെ ഒരു കടക്ക് സമീപം മുൻക്കൂട്ടി കാത്തുനിന്ന പ്രതി പെൺകുട്ടി കടയിലേക്ക് പ്രവേശിക്കുന്നത് കണ്ട് പിറകെ ചെല്ലുന്നത്. തന്റെ ജീൻസിന്റെ പോക്കറ്റിൽ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് പെൺകുട്ടിയെ കടന്നുപിടിക്കുകയും തുരുതുരെ കുത്തുകയുമായിരുന്നു. പെൺകുട്ടി ജീവനുവേണ്ടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമി അവളെ വിടാൻ തയാറായില്ല. ഈ സമയം കടയുടമ അക്രമിയെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും പ്രതി കടയുടമയുടെ പുറത്തും കുത്തിപ്പരിക്കേൽപ്പിച്ചു. തുടർന്ന് കൗമാരക്കാരന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി അടുത്തുള്ള വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു.
ആക്രമണത്തിൽ പെൺകുട്ടിയുടെ കഴുത്തിലും മുഖത്തും കൈകൾക്കും ഗുരുതരമായ മുറിവുകളേറ്റു. ഒപ്പം പുറത്ത് കനത്ത ചതവുകളും ഉണ്ടായതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിനുശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്നീട് പൊലീസ് പിടികൂടുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കോടതിയിൽ വായിച്ചുകേൾപ്പിച്ച തന്റെ അനുഭവക്കുറിപ്പിലൂടെ പെൺകുട്ടി താൻ അനുഭവിച്ച മാനസികാഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞു. തനിക്ക് ഇപ്പോഴും രാത്രികളിൽ പേടിസ്വപ്നങ്ങൾ കാണുന്നുണ്ടെന്നും ഇരുട്ടിൽ മുറിയിൽ ആരെങ്കിലും ഉണ്ടെന്ന് ഭയപ്പെടുന്നുവെന്നും പെൺകുട്ടി വ്യക്തമാക്കി. ആളുകളെ എളുപ്പത്തിൽ വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും ചെറിയ ശബ്ദങ്ങൾ കേട്ടാൽ പോലും ഭയക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
ബ്രിസ്റ്റോൾ ക്രൗൺ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഒരു വർഷത്തെ റഫറൽ ഉത്തരവും മൂന്ന് വർഷത്തെ നിയന്ത്രണ ഉത്തരവുമാണ് കോടതി വിധിച്ചത്. കുറ്റകൃത്യം അതീവ ഗൗരവമുള്ളതാണെങ്കിലും പ്രതിയുടെ പ്രായവും സാഹചര്യവും കണക്കിലെടുത്താണ് വിധി പ്രസ്താവിച്ചത്. കൗമാരക്കാർക്കിടയിലെ ഇത്തരം അതിക്രമങ്ങളും ഡിജിറ്റൽ സുരക്ഷാ പ്രശ്നങ്ങളും സമൂഹത്തിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.