18 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി 45,000 രൂപക്ക് വിറ്റു; അഞ്ച് പേർ അറസ്റ്റിൽ

ന്യൂഡൽഹി: കരോൾ ബാഗിൽ 18 മാസം പ്രായമുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി 45,000 രൂപക്ക് വിറ്റ സംഭവത്തിൽ നാല് പുരുഷന്മാരെയും ഒരു പ്രായപൂർത്തിയാകാത്ത ആളെയും അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മഹോബയിൽ നിന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. അറസ്റ്റിലായവരിൽ കുട്ടിയെ വാങ്ങിയ 54 കാരനും ഉൾപ്പെടുന്നു. ആൺകുട്ടിയില്ലാത്തതിനാലാണ് കുട്ടിയെ കൊണ്ടുപോയതെന്ന് ഇയാൾ പറഞ്ഞു.

സെപ്റ്റംബർ 24 ന് രാജസ്ഥാനിൽ നിന്നുള്ള കരകൗശല വിൽപ്പനക്കാരനായ മുകേഷ്, ഗംഗാ റാം ആശുപത്രിക്ക് സമീപമുള്ള പുസ റോഡിലെ ഒരു മേളയിൽ പങ്കെടുത്ത ശേഷം പുസ റോഡിലെ ഫുട്പാത്തിൽ ഉറങ്ങുമ്പോഴാണ് കുഞ്ഞിനെ കാണാതായത്. മുകേഷിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രത്യേക സംഘം രൂപീകരിക്കുകയും ചെയ്തു.

രാജേന്ദർ നഗർ, പ്രസാദ് നഗർ, കൊണാട്ട് പ്ലേസ്, മന്ദിർ മാർഗ്, പഹർഗഞ്ച് തുടങ്ങിയ പ്രദേശങ്ങളിൽ നമ്പർ പ്ലേറ്റ് മറച്ച സ്കൂട്ടറിൽ രണ്ട് പുരുഷന്മാരെ കണ്ടെത്തിയിരുന്നു. 100ലധികം സി.സി.ടി.വി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ വിശകലനം ചെയ്തുവെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ നിധിൻ വൽസൺ പറഞ്ഞു.

ആർ‌.എം‌.എൽ ആശുപത്രിക്ക് സമീപം ഒരു വെളുത്ത കാറിലേക്ക് പ്രതികൾ ഒരു കുട്ടിയെ മാറ്റുന്നത് ദൃശ്യങ്ങളിൽ കണ്ടതായി പൊലീസ് പറഞ്ഞു. ന്യൂഡൽഹിയിലെ കാലി ബാരി ലെയ്‌നിൽ നിന്നാണ് കാർ കണ്ടെത്തിയത്. അനന്ത് (22), രാജു എന്ന ഋഷി (24), സാഹിൽ കുമാർ (21) എന്നീ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 17 വയസ്സുള്ള ഒരാളെയും അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ കുട്ടിയെ മഹോബയിൽ വെച്ച് ഫൂലൻ ശ്രീവാസ് എന്ന സന്തോഷിന് വിറ്റതായി അവർ വെളിപ്പെടുത്തി.

കുറ്റകൃത്യത്തിന് ഉപയോഗിച്ച ഒരു സ്കൂട്ടറും കാറും 5,500 രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് പെൺമക്കളുള്ള ശ്രീവാസ് ഒരു ആൺകുട്ടിയെ വേണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട ഡൽഹി സ്വദേശിയായ പ്രതിക്ക് ഒരു ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. 

Tags:    
News Summary - 18-month-old baby kidnapped, sold for Rs 45,000; Five arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.