മധ്യപ്രദേശിൽ 17 വയസ്സുകാരിയെ വെടിവെച്ച് കൊന്ന ശേഷം മൃതദേഹം പുഴയിൽ താഴ്ത്തി; ദുരഭിമാനക്കൊലയെന്ന് സംശയം

ഭോപ്പാൽ: മധ്യപ്രദേശിൽ പെൺകുട്ടിയെ വീട്ടിനുള്ളിൽ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുഴയിൽ താഴ്ത്തി. 17 വയസുള്ള ദിവ്യ സിഖർവാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 12ാം ക്ലാസ് വിദ്യാർഥിയായ ദിവ്യയെ ശനിയാഴ്ച മുതൽ കാണാനില്ലായിരുന്നു. പൊലീസ് അന്വേഷണത്തിൽ പെൺകുട്ടിയുടെ പിതാവ് ഭാരത് സിഖർവാർ കൊലപാതക ശേഷം പെൺകുട്ടിയുടെ മൃതദേഹം പ്ലാസ്റ്റികിൽ പൊതിഞ്ഞ് കല്ലിൽ കെട്ടി തന്‍റെ വീട്ടിൽ നിന്ന് 30 കിലോ മീറ്റർ അകലെയുള്ള കുൻവാരി നദിയിൽ കെട്ടിത്താഴ്ത്തിയതായി തെളിഞ്ഞു.

പെൺകുട്ടി ഇതര ജാതിയിലുള്ള യുവാവുമായി സ്നേഹത്തിലായിരുന്നുവെന്നും ഇതാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് നിഗമനം. പൊലീസ് ചോദ്യം ചെയ്യലിൽ കുടുംബം പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകിയത്. ഫാനിൽ നിന്ന് ഷോക്കേറ്റാണ് പെൺകുട്ടി മരിച്ചതെന്നാണ് ഇവർ ആദ്യം പറഞ്ഞത്. എന്നാൽ ആത്മഹത്യയാണെന്ന് മാറ്റിപ്പറഞ്ഞു.

മൃതദേഹത്തിൽ വെടിയുണ്ട കൊണ്ട മുറിവ് ഫോറൻസിക് വിദഗ്ദർ കണ്ടെത്തിയതിനെതുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പരിക്കേറ്റ നിലയിൽ വീട്ടിൽ കണ്ട മകൾ താൻ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിക്ക് മരിച്ചെന്നും പൊലീസിനെ പേടിച്ച് നദിയിൽ താഴ്ത്തുകയുമായിരുന്നുവെന്നുമാണ് പിതാവ് മൊഴി നൽകിയത്.

പെൺകുട്ടിക്കൊപ്പം സഹോദരനെയും സംഭവം നടന്ന രാത്രി മുതൽ കാണാനില്ല. കുടുംബത്തിന്‍റെ മൊഴിയിലെ വൈരുദ്ധ്യവും മൃതദേഹത്തിലെ മുറിവുമാണ് ഇതൊരു കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസിനെ എത്തിച്ചത്. നദിയിൽ നിന്ന് കണ്ടെടുത്ത മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ദിവ്യയുടെ അമ്മാവന്‍റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തോക്ക് അലമാരിയിൽ സൂക്ഷിച്ചിരുന്നതായും ഇതിൽ നിന്നാണോ വെടിയേറ്റതെന്ന അന്വേഷണത്തിലുമാണ് പൊലീസ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.