ന്യുഡൽഹി: എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വാട്ടർ ടാങ്കിൽ മുക്കി കൊന്ന കേസിൽ13കാരനെ അറസ്റ്റ് ചെയ്തു. കിഴക്കൻ ഡൽഹിയിലെ ദല്ലുപുരയിലാണ് സംഭവം. പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഹാജരാക്കിയ ശേഷം ചിൽഡ്രൻസ് കറക്ഷണൽ ഹോമിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു.
പൊലീസ് പറയുന്നതനുസരിച്ച് കുഞ്ഞിന്‍റെ മാതാപിതാക്കളായ പിന്റു സിങ്ങും പൂനവും നാലര വയസ്സും രണ്ടര വയസ്സുമുള്ള തന്‍റെ മറ്റ് കുട്ടികൾക്കൊപ്പം കുഞ്ഞിനെ വീട്ടിലാക്കി ജോലിചെയ്യാന്‍ പുറത്ത് പോയിരുന്നു. തിരിച്ചെത്തിയപ്പോൾ കുഞ്ഞിനെ കാണാതായതിനെ തുടർന്ന് പൂനവും അയൽവാസികളും ചേർന്ന് നടത്തിയ തെരച്ചിലിലാണ് വാട്ടർ ടാങ്കിൽ കുഞ്ഞിനെ കണ്ടെത്തിയത്.
കുഞ്ഞിനെ ഉടൻ തന്നെ ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആശുപത്രി അധികൃതർ സംഭവം പോലീസിൽ അറിയിക്കുകയും തുടർന്ന് അവർ നടത്തിയ അന്വേഷണത്തിൽ ഇവരുടെ അയൽപക്കത്തുള്ള പതിമൂന്ന് വയസ്സുകാരനെ പിടികൂടുകയുമായിരുന്നു.
പൂനത്തിനോടുള്ള വൈരാഗ്യത്തിന്‍റെ പേരിലാണ് താന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പൂനം എപ്പോഴും പ്രതിയെക്കുറിച്ച് അമ്മയോട് കുറ്റം പറയാറുണ്ടെന്നും ഇതിന്‍റെ പേരിൽ അമ്മയിൽ നിന്ന് മർദ്ദനമേൽക്കുന്നതാണ് പ്രതിയിൽ വൈരാഗ്യത്തിന് കാരണമായതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302, 201 വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുത്തതായി ഡി.സി.പി ഈസ്റ്റ് പ്രിയങ്ക കശ്യപ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.