പാലക്കാട്: 15 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ 10 വർഷം കഠിന തടവിനും 50,000 രൂപ പിഴക്കും ശിക്ഷിച്ചു. കുത്തനൂർ പടിഞ്ഞാറെതറ അമ്പാടി വീട്ടിൽ രമേഷ് നായരെയാണ് (53) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം ആറുമാസം അധിക കഠിന തടവ് അനുഭവിക്കണം.
2014 ഡിസംബർ മുതൽ 2015 ഡിസംബർ മാസം വരെയുള്ള കാലഘട്ടത്തിൽ അതിജീവിതയെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ശേഷം ഒളിവിൽ താമസിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ വാദം. വിചാരണ വേളയിൽ അതിജീവിത പ്രഥമ വിസ്താരത്തിൽ പ്രതിക്കെതിരെ മൊഴി നൽകുകയും ക്രോസ് വിസ്താരത്തിൽ അനുകൂലമായി മൊഴി നൽകുകയും ചെയ്തെങ്കിലും ശാസ്ത്രീയ തെളിവിന്റെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ശോഭന ഹാജരായി. കുഴൽമന്ദം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ സി.ഐമാരായ വി.എസ്. ധിനരാജ്, സി. സുന്ദരൻ, എ.എം. സിദ്ദിഖ് എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. കുഴൽമന്ദം സ്റ്റേഷൻ സി.പി.ഒ സുഭാഷ് പ്രോസിക്യൂഷൻ നടപടി ഏകോപിപ്പിച്ചു. പ്രോസിക്യൂഷൻ 22 സാക്ഷികളെ വിസ്തരിച്ച് 32 രേഖകൾ കേസിന്റെ തെളിവിലേക്ക് സ്വീകരിച്ചു. പിഴ തുക ഇരക്ക് നൽകാനും വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.