മനഃസാക്ഷിയുടെ പതനം

ധാർമികതയുള്ള ഒരു നേതാവ് എങ്ങനെയൊക്കെ ആകണമെന്ന് ഞാൻ വിശ്വസിച്ചോ അതിന്റെയെല്ലാം ആൾ രൂപമായിരുന്നു ഒരുകാലത്ത് എനിക്ക് ഓങ്സാൻ സൂചി. അവർ ഒരു രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല, ഒരു പ്രതീകംകൂടിയായിരുന്നു. കീഴടങ്ങുന്നതിന് പകരം പീഡനവും വിട്ടുവീഴ്ചക്കു പകരം നിശ്ശബ്ദതയും അധികാരത്തിനുമേൽ അഭിമാനവും തെരഞ്ഞെടുത്തു, അവർ.

മ്യാന്മർ ഭരണകൂടം അവരെ വർഷങ്ങൾ വീട്ടുതടങ്കലിൽ പാർപ്പിച്ചകാലത്ത് അവരെ ഞാൻ കണ്ടത് മനഃസാക്ഷിയുടെ തടവുകാരിയായാണ്. ഈ പ്രയോഗം ഏറ്റവും കൃത്യമായി ചേരുന്ന ഒരാളായിരുന്നു സൂചി. സ്വന്തം ജനതയുടെ ജനാധിപത്യാവകാശങ്ങൾക്കായി മുന്നിൽനിന്നതല്ലാതെ തെറ്റൊന്നും ചെയ്തില്ല അവർ. കുറ്റകൃത്യവും അവരിൽനിന്നുണ്ടായില്ല. ആ വർഷങ്ങളിൽ ലോകം മുഴുക്കെ സൂചി ആദരിക്കപ്പെട്ടു.

1991ൽ അവർ സമാധാനത്തിന് നൊബേൽ സമ്മാനം നേടുമ്പോൾ എനിക്ക് വല്ലാത്ത സന്തോഷം തോന്നി. ഇത് നീതി പുലർന്നതാണെന്ന് ഞാൻ കരുതി. അവരുടെ ധാർമിക ശൂരതക്ക് ലോകം അംഗീകാരം നൽകിയിരിക്കുന്നു. വ്യക്തിപരമായി സമാനതകളില്ലാത്ത ത്യാഗങ്ങളുമായി സ്വേച്ഛാധിപത്യത്തിനെതിരെ അഹിംസയിലൂന്നിയ സമരം നയിച്ചതിനെയായിരുന്നു നൊബേൽ കമ്മിറ്റി ആദരിച്ചത്. ഇതിലേറെ അർഹരായി അധികമാരുമുണ്ടായിരുന്നില്ല.

സൈനിക ഭരണകൂടത്തിനെതിരെ ഒറ്റക്കായിരുന്നു അവരുടെ പോരാട്ടം. പട്ടാള മേധാവികൾ സുഖവും സന്തോഷവും ആസ്വദിച്ച് ജീവിച്ചപ്പോൾ കാരാഗൃഹത്തിലായിരുന്നു അവരുടെ വാസം. പട്ടാള ജനറൽമാർ ഭരണം നയിച്ചത് ഭീതി വിതച്ചാണെങ്കിൽ അടച്ചിട്ട മുറികൾക്കു പിറകിലിരുന്ന് സൂചി ഹൃദയങ്ങളെ വാണു. സാധാരണ കുടുംബജീവിതം പോലും സൈനിക ഭരണകൂടം അവർക്ക് നിഷേധിച്ചു. ഭർത്താവ് ബ്രിട്ടീഷ് പണ്ഡിതനായ മൈക്കൽ ആറിസിനെ അവർക്കൊപ്പം മ്യാന്മറിൽ ജീവിതം നയിക്കാൻ അനുവദിച്ചില്ല. ദൂരെ നാട്ടിലിരുന്നാണ് അയാൾ സൂചിയുടെ പോരാട്ടത്തെ പിന്തുണച്ചത്. അവർ സ്വതന്ത്രയായി കാണാനാവാതെ മരണം വരിക്കുകയും ചെയ്തു -ഇരുവരും നിശ്ശബ്ദമായി അനുഭവിക്കേണ്ടിവന്ന ശിക്ഷ.

മുമ്പ് നാം ബർമയെന്ന് വിളിച്ച മ്യാന്മർ എനിക്ക് അന്യ രാജ്യമൊന്നുമായിരുന്നില്ല. കുഞ്ഞായിരിക്കെ കേട്ട ഒരു പൊതുവിജ്ഞാന ചോദ്യം ഇപ്പോഴുമുണ്ട് മനസ്സിൽ -ലോകത്ത് ഏറ്റവും വലിയ അരി ഉൽപാദക രാജ്യം ഏത്? അന്ന് ബർമയായിരുന്നു ഉത്തരം. കുട്ടിക്കാലത്ത് സമൃദ്ധിയുടെ സ്വന്തം നാടായി ബർമ എന്റെ മനസ്സിൽ കുടിയേറി, അരിഷ്ടതകളുടെയായല്ല.

കുറെകൂടി ആഴത്തിൽ വ്യക്തിപരമായ ഒരു ബന്ധംകൂടി ഉണ്ടായിരുന്നു. എന്റെ പിതാവ് സൈന്യത്തിലാണ് ജോലി ചെയ്തത്. രണ്ടാം യുദ്ധകാലത്ത് ജപ്പാനിൽനിന്ന് റംഗൂണിനെ കാക്കലായിരുന്നു ജോലി. എന്നുവെച്ചാൽ, ബർമ എന്റെ വീട്ടിലേക്ക് കയറിവന്നത് പാഠപുസ്തകങ്ങൾ വഴിയല്ല, ജീവിക്കുന്ന ചരിത്രവും ഓർമയുമായാണ്. ഒരു കുട്ടിയുടെ ഭാവന രൂപപ്പെടുത്തുന്നതിൽ യുദ്ധകാല കഥകൾക്ക് വലിയ പങ്കുണ്ട്. അതുവഴി അതിന്റെ രാഷ്ട്രീയം ഞാനറിഞ്ഞുതുടങ്ങുംമുമ്പ് ബർമ എനിക്ക് ജീവിക്കുന്ന അനുഭവമായി.

പിന്നീട് ഒരു മാധ്യമപ്രവർത്തകനെന്ന നിലക്ക്, ചരിത്രം രക്തരൂഷിതമായി മാറിയ 1947ൽ റംഗൂണിലുണ്ടായിരുന്ന നിർഭീകനായ മാധ്യമപ്രവർത്തകൻ എം. ശിവറാമിന്റെ കഥകൾ എന്നെ കുതൂഹലപ്പെടുത്തി. രാഷ്ട്രപിതാവും ഓങ്സാൻ സൂചിയുടെ പിതാവുമായിരുന്ന ഓങ്സാന്റെ വധം ശിവറാം സാക്ഷ്യം വഹിച്ചിരുന്നു. തോക്കുധാരികൾ സെക്രട്ടേറിയറ്റ് വളഞ്ഞ് ഓങ്സാനെയും മന്ത്രിമാരെയും വെടിവെച്ചുവീഴ്ത്തുകയായിരുന്നു. അവർക്കു പിന്നാലെ ഓടിയ ശിവറാം തിരിച്ചുവന്നപ്പോൾ മൃതദേഹങ്ങളാണ് കണ്ടത്. സെൻസർഷിപ് എല്ലാറ്റിന്റെയും വായ് മൂടിക്കെട്ടും മുമ്പ് അതേകുറിച്ച തന്റെ വാർത്ത ഫയൽ ചെയ്യുകയും ചെയ്തു. ഏറ്റവും വലിയ ആഗോള സ്കൂപുകളിലൊന്നായിരുന്നു ഈ റിപ്പോർട്ട്.

 

ഓങ്സാന്റെ ഇളയ മകളായിരുന്നു ഓങ്സാൻ സൂചി. ചരിത്രത്തിന്റെ ഭാരമത്രയും അതോടെ അവരുടെ ചുമലുകളിലായി. പഠനം നടത്തിയ ന്യൂഡൽഹിയിൽനിന്ന് മ്യാന്മറിൽ തിരിച്ചെത്തിയ അവർ രാഷ്ട്രീയത്തിൽ പ്രവേശിച്ചപ്പോൾ പലരും കരുതിയത് നിയോഗമാണ് അവർ ഈ വഴി തെരഞ്ഞെടുത്തതെന്നായിരുന്നു. അങ്ങനെ കരുതിയവരിലായിരുന്നു ഞാനും.

മ്യാന്മറിലെത്തി അവരെ കണ്ടുമുട്ടണമെന്ന മോഹം വർഷങ്ങളോളം എന്നിൽ നിലനിന്നു. അതുപക്ഷേ, ഒരിക്കലും സംഭവിച്ചില്ല. റിപ്പോർട്ടിങ് ഡ്യൂട്ടിയുടെ ഭാഗമായി എന്റെ മകൻ മ്യാന്മറിൽ പോയപ്പോൾ ഒരു സ്ഥലം എനിക്കുവേണ്ടി സന്ദർശിക്കാൻ ഞാൻ അവനോട് ആവശ്യപ്പെട്ടു- അവസാന മുഗൾ ചക്രവർത്തി ബഹാദുർ ഷാ സഫറിന്റെ കല്ലറ. 1857ലെ സമരത്തെ തുടർന്ന് ബ്രിട്ടീഷുകാർ നാടുകടത്തിയ സഫർ ബർമയിലാണ് മരണം വരിക്കുന്നത്. ബഹാദുർ ഷാ അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയുടെ ഒരു ചിത്രം മകൻ എനിക്കയച്ചുതന്നപ്പോൾ ചരിത്രം എനിക്കു ചാരെയെത്തിയ പോലെ തോന്നി. സാമ്രാജ്യങ്ങൾ അസ്തമിക്കുന്നു, തടവുകാർ വിസ്മൃതരാകുന്നു, പ്രവാസം വിധിയായും ഭവിക്കുന്നു.

മ്യാന്മറിന്റെ പ്രഥമ പ്രധാനമന്ത്രി യു നുവിനെ ഞാൻ അഭിമുഖം നടത്തിയിട്ടുണ്ട്. ഭോപാലിലെ പ്രവാസം അവസാനിപ്പിച്ച് 1980ൽ നാട്ടിലേക്ക് മടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു അത്. സൈനിക മേധാവി നെ വിൻ നൽകിയ പൊതുമാപ്പ് അംഗീകരിച്ചായിരുന്നു മടക്കം. വീണ്ടുമൊരു പ്രതീക്ഷയുടെ മുഹൂർത്തപ്പിറവിയായിരുന്നു അത്. ഇതത്രയും ഞാൻ പറഞ്ഞത് ഒരു കാര്യം ആണയിടാനാണ് -മ്യാന്മർ ഒരിക്കലും എനിക്ക് വിദൂരത്തായിരുന്നില്ല. എന്റെ ഓർമയിൽ, ജോലിയിൽ, എന്നല്ല, എന്റെ ഭാവനയിലും അത് ജീവിച്ചു.

അതുകഴിഞ്ഞാണ് എല്ലാം കീഴ്മേൽ മറിച്ച് അത് സംഭവിക്കുന്നത്. ചെറുത്തുനിൽക്കാനാവാത്ത ചെറു മുസ്‍ലിം ന്യൂനപക്ഷമായ റോഹിങ്ക്യകളെ മൃഗീയമായി പട്ടാള ഭരണകൂടം വേട്ടയാടാൻ തുടങ്ങി. ഗ്രാമങ്ങൾക്ക് തീയിട്ടു. സ്ത്രീകൾ ആക്രമിക്കപ്പെട്ടു. പുരുഷന്മാർ അറുകൊല ചെയ്യപ്പെട്ടു. കുഞ്ഞുങ്ങൾ ഭീതിമുനയിൽ എല്ലാം നഷ്ടപ്പെട്ടവരായി മാറി. ഏഴു ലക്ഷത്തിലേറെ പേരാണ് മ്യാന്മർ വിട്ടോടിയത്. അണിഞ്ഞ വസ്ത്രം മാത്രമായി അതിർത്തി കടന്നു, അവർ. ബംഗ്ലാദേശ് അവരെ സ്വീകരിച്ചു. ഇക്കൂട്ടരിന്ന് കഴിയുന്നത് ലോകത്തെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പിലാണ്. ഉടനൊന്നും സംഭവിക്കാൻ പോകുന്നില്ലെന്നുറപ്പുള്ള ഒരു നല്ല ഭാവിയിലേക്ക് കണ്ണുംനട്ട് കാത്തിരിപ്പിലാണ് അവർ.

ഇന്ത്യയിൽ സുരക്ഷ തേടിയവർക്ക് അത് ലഭിച്ചില്ല. വെളുമ്പുകളിലാണ് അവർ കഴിയുന്നത്. ആരോരും നോക്കാനില്ലാതെ, അവിശ്വസിക്കപ്പെട്ട്, മതത്തിന്റെ പേരിൽ വെറുക്കപ്പെട്ട്... അതിൽ ഒരു സുപ്രീംകോടതി ജഡ്ജി പോലുമുണ്ട്. അക്ഷരാർഥത്തിൽ രാജ്യമില്ലാത്തവർ.

ഇതിനിടെയൊക്കെയും ഓങ്സാൻ സൂചി വല്ലതും പറയുമെന്ന് ഞാൻ കാത്തിരുന്നു. അവസരത്തിനൊത്ത് അവർ ഉയരുമെന്നും കരുതി. എല്ലാ അർഥത്തിലും മാനുഷികതക്കെതിരായ കുറ്റകൃത്യമായ ഇതിനെതിരെ വ്യക്തമായി അപലപിക്കുമെന്നും പ്രതീക്ഷിച്ചു. പക്ഷേ, അവരതിനെ ന്യായം നിരത്തുകയായിരുന്നു. അന്താരാഷ്ട്ര കോടതികളിൽ അവർ ചെന്ന് പട്ടാളം ചെയ്തതത്രയും ന്യായീകരിച്ചു. അതോടെ തീർന്നു, അവരോടുള്ള എന്റെ ആദരം.

ഏറ്റവും ദുർബലരായവരോട് അനുതാപം കാട്ടാനാകാത്തയാൾക്ക് ധാർമിക നേതൃത്വത്തിന് അവകാശമില്ല. ഒരു സമൂഹം കൂട്ടായി അനുഭവിക്കുന്നതിൽ ന്യായം കാണുന്നയാൾക്ക് ലോകത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനാകാനാവില്ല. അതോടെ ആ നൊബേൽ പുരസ്കാരത്തിനും വല്ലാത്ത ഭാരം തോന്നി; അലോസരവും.

 

അവരിൽനിന്ന് നൊബേൽ സമിതി പുരസ്കാരം തിരിച്ചെടുക്കുമെന്നുവരെ തോന്നിപ്പോയി. അതുപക്ഷേ, ഒരിക്കലും സംഭവിച്ചില്ല. സമിതി ചെയ്യാത്തത് പക്ഷേ, ചരിത്രം സ്വയമേവ നിർവഹിക്കും.

ഇന്നിപ്പോൾ ഓങ്സാൻ സൂചിയെക്കുറിച്ച് ആരും മിണ്ടുന്നില്ല. ഒരിക്കൽ അവർ വെല്ലുവിളിച്ച സൈനിക മേധാവികൾതന്നെ വീണ്ടും അവരെ തടവിലാക്കിയിരിക്കുന്നു. ആരും വിശ്വാസത്തിലെടുക്കാത്ത കുറ്റങ്ങൾ ചുമത്തി പതിറ്റാണ്ടുകൾ അവർക്ക് ജയിൽശിക്ഷ വിധിക്കപ്പെട്ടിരിക്കുന്നു. മാതാവ് ജയിലിൽ മരിച്ചുപോയേക്കുമെന്ന് അടുത്തിടെ അവരുടെ മകൻ പരിതപിച്ചപ്പോൾപോലും ലോകം പ്രതികരിച്ചില്ല. ആദരത്തിനു പകരം നിശ്ശബ്ദത കളമേറ്റെടുത്തിരിക്കുന്നു.

അഞ്ചു വർഷം മുമ്പ്, പട്ടാളം എതിരായിട്ടും അവരുടെ കക്ഷിയായ നാഷനൽ ലീഗ് ഫോർ ഡെമോക്രസി തെരഞ്ഞെടുപ്പിൽ വമ്പൻ ജയം നേടിയിരുന്നു. തൊട്ടുപിറകെ പട്ടാളം ഭരണം അട്ടിമറിച്ചു. സൂചിയെ പുറത്താക്കി. അറസ്റ്റ് ചെയ്തു. പൊതുജീവിതത്തിൽനിന്ന് മായ്ച്ചുകളയുകയും ചെയ്തു. എന്നാൽ, ഈ ഘട്ടമാകുമ്പോഴേക്ക് പട്ടാള മേധാവിമാരെ ചോദ്യമുനയിൽ നിർത്താനുള്ള ധാർമിക അധികാരം അവർക്ക് നഷ്ടമായിരുന്നു. ഒരുനാൾ അനീതിയെ ന്യായീകരിച്ച് പിറ്റേന്ന് ഇരയായെന്ന് കണ്ണീർ വാർക്കുന്നതിൽ അർഥമുണ്ടാകില്ല.

സൈനിക ഭരണം സാധൂകരിക്കാൻ പാകത്തിൽ ക്രമീകരിച്ച മൂന്നു ഘട്ടത്തിലായുള്ള തെരഞ്ഞെടുപ്പ് ജനുവരി 25ന് അവസാനിക്കും. സൂചിയുടെ പാർട്ടിക്ക് മത്സരരംഗത്ത് വിലക്കുണ്ട്. സൈനിക പിന്തുണയോടെ രംഗത്തുള്ള യൂനിയൻ സോളിഡാരിറ്റി ആൻഡ് ഡെവലപ്മെന്റ് പാർട്ടി (യു.എസ്.ഡി.പി) അനായാസമായി അധികാരമേറുമെന്നാണ് കരുതുന്നത്. കുറെ രാഷ്ട്രങ്ങൾ ഇത് ജനാധിപത്യമാണെന്ന് നടിക്കും. കാരണം, സത്യവുമായി മുഖാമുഖം നിൽക്കുന്നതിനെക്കാൾ എളുപ്പമാണ് കണ്ടില്ലെന്ന് നടിക്കൽ.

അതിനിടെയും റോഹിങ്ക്യകൾ അവസാനിക്കാത്ത അവരുടെ യാത്ര തുടരുകതന്നെയാണ് -ക്യാമ്പുകളിൽനിന്ന് ക്യാമ്പുകളിലേക്ക്, വാദം കേൾക്കലിൽനിന്ന് അടുത്തതിലേക്ക്, പ്രതീക്ഷയിൽനിന്ന് നിരാശയിലേക്ക്. ഒരു ചെറുതരി ഇപ്പോഴുമുണ്ട് ബാക്കി. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി മ്യാന്മറിലെ റോഹിങ്ക്യകൾക്കെതിരായ ആക്രമണം വംശഹത്യയാണോയെന്ന് വാദം കേട്ടുതുടങ്ങിയിട്ടുണ്ട്. വളരെ പതിയെ പുരോഗമിക്കുന്ന ഒരു പ്രക്രിയയാണിത്. ചരിത്രവും പതിയെ ആണ് സഞ്ചരിക്കുക, ഒരുനാൾ അതിന്റെ നീക്കം വിധി നിർണായകമാകുമെന്ന് മാത്രം.

വംശഹത്യയല്ലെങ്കിൽ മറ്റെന്താണ് നമുക്കതിനെ വിളിക്കാനാകുക? ഒരു സമൂഹം മുഴുവൻ പൗരത്വം നിഷേധിക്കപ്പെട്ട് നാട്ടിൽനിന്ന് ആട്ടിപ്പായിക്കപ്പെടുകയും കൊന്നും ബലാത്സംഗം നടത്തിയും ഓർമകളിൽനിന്ന് തുടച്ചുനീക്കപ്പെടുകയും ചെയ്യുമ്പോൾ നാം മിണ്ടാതിരുന്നുകൂടാ. ശക്തരെ സംരക്ഷിക്കാനാകരുത് നിശ്ശബ്ദത. നിർണായക മുഹൂർത്തങ്ങളിൽ പരാജയപ്പെട്ടുപോകുന്നവർക്ക് ചരിത്രം മാപ്പുകൊടുത്തിട്ടില്ല. ചില വീഴ്ചകൾ ദുരന്തസമാനമാണ്. ചിലരുടെത്, ഓങ്സാൻ സൂചിയുടെതുപോലെ അർഹിച്ചതുമാണ്.

ajphilip@gmail.com

Tags:    
News Summary - The fall of conscience

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.