ജനാധിപത്യ രാഷ്ട്രീയത്തിൽ കുറച്ചുമാത്രം ചർച്ചചെയ്യപ്പെടുന്നതും എന്നാൽ പ്രധാനപ്പെട്ടതുമായ ചോദ്യങ്ങളിലൊന്ന്, ആരാണ് ഭരിക്കുന്നത് എന്നത് മാത്രമല്ല, മറിച്ച് ഭരണകൂടങ്ങളെ പൗരർ എന്തുകൊണ്ട് വിശ്വസിക്കുന്നു എന്നതാണ്. തെരഞ്ഞെടുപ്പുകൾ നിയമപരമായ അധികാരം നൽകുന്നു. ഭരണഘടനകൾ സ്ഥാപനപരമായ അധികാരങ്ങളെ നിർവചിക്കുന്നു. എന്നാൽ, ഇതൊന്നുംതന്നെ സ്വയമേവ സാധൂകരണം നേടിക്കൊടുക്കുന്നില്ല. ഭരണകൂടങ്ങൾ നിലനിൽക്കുന്നത് അധികാരമുള്ളതുകൊണ്ട് മാത്രമല്ല, മറിച്ച് ആ അധികാരം പൊതുതാൽപര്യത്തിനുവേണ്ടിയാണ് വിനിയോഗിക്കുന്നതെന്ന് പൗരസമൂഹം വിശ്വസിക്കുന്നതുകൊണ്ടാണ്. മാക്സ് വെബർ, യുർഗൻ ഹേബർമാസ് തുടങ്ങിയ രാഷ്ട്രീയ തത്ത്വചിന്തകർ അധികാരവും സാധൂകരണവും തമ്മിൽ വേർതിരിച്ചു കാട്ടിയിട്ടുണ്ട്. തങ്ങളുടെ തീരുമാനങ്ങൾ അംഗീകരിക്കപ്പെടാൻ അർഹതയുള്ളതാണെന്ന പൊതുവിശ്വാസം ഭരണകൂടങ്ങൾ നിരന്തരം നേടിയെടുക്കുന്ന പ്രക്രിയയാണ് ‘ലെജിറ്റിമേഷൻ’. ഇത് കെട്ടിപ്പടുത്തിരിക്കുന്നത് വിശ്വാസത്തിന്മേലാണ്-നിയമനങ്ങൾ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നതെന്നും, നയങ്ങൾ പൊതുനന്മക്കായി രൂപവത്കരിക്കുന്നതാണെന്നും, സ്ഥാപനങ്ങൾ നിഷ്പക്ഷമായി പ്രവർത്തിക്കുന്നുവെന്നും, ഭരണഘടനാ മൂല്യങ്ങൾ കക്ഷിരാഷ്ട്രീയ താൽപര്യങ്ങൾക്ക് അധീനമല്ലെന്നുമുള്ള വിശ്വാസം നിരന്തരം ഉണ്ടാവുന്നില്ലെങ്കില്‍, ഏതു സര്‍ക്കാര്‍ ആണെങ്കിലും, അവര്‍ നേരിടുന്ന വിശ്വാസകമ്മി സാധൂകരണത്തിന്‍റെ തകര്‍ച്ചയിലേക്ക് നയിക്കുന്നു.

നെഹ്റുവിയന്‍ ധാർമിക സാധൂകരണം

സ്വതന്ത്ര ഇന്ത്യയില്‍ ജവഹർലാൽ നെഹ്‌റുവിന്‍റെ നേതൃത്വത്തിലെ ആദ്യസർക്കാർ ഇത്തരത്തിൽ ഉയർന്ന ധാർമിക സാധൂകരണം അനുഭവിച്ചിരുന്നു. എല്ലാ നയങ്ങളും ശരിയായിരുന്നതുകൊണ്ടോ എല്ലാ തീരുമാനങ്ങളും വിമർശനങ്ങൾക്ക് അതീതമായിരുന്നതുകൊണ്ടോ ആയിരുന്നില്ല ഇത്. കരുതൽ തടങ്കൽ നിയമനിർമാണം, തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാറുകളെ പിരിച്ചുവിടൽ, വിവിധ മേഖലകളിലെ നയപരമായ പരാജയങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഗുരുതര തെറ്റുകൾ നെഹ്‌റു സർക്കാറുകൾക്ക് സംഭവിച്ചിട്ടുണ്ട്. എന്നാല്‍, ഗവൺമെന്റിന്‍റെ തീരുമാനങ്ങൾ വിഭാഗീയമോ കക്ഷിപരമോ ആയ താൽപര്യങ്ങളേക്കാൾ, അടിസ്ഥാനപരമായി ഭരണഘടനാ തത്ത്വങ്ങളാലും ദേശീയ താൽപര്യങ്ങളാലുമാണ് നയിക്കപ്പെടുന്നത് എന്ന പൊതുവിശ്വാസം അന്നുണ്ടായിരുന്നു. നെഹ്‌റു സർക്കാർ ഒരു വൈസ് ചാൻസലറെയോ, ഇലക്ഷൻ കമീഷണറെയോ, ഗവർണറെയോ, സുപ്രീംകോടതി ജഡ്ജിയെയോ, അംബാസഡറെയോ, അല്ലെങ്കിൽ ഒരു പൊതുസ്ഥാപനത്തിന്‍റെ ചെയർമാനെയോ നിയമിച്ചാൽ രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ തീർച്ചയായും ഉണ്ടാകുമായിരുന്നു. എന്നാല്‍, ആശയപരമായ വിശ്വസ്തത, മതപരമായ ബന്ധം അല്ലെങ്കിൽ രാഷ്ട്രീയസാമീപ്യം എന്നിവ കാരണമാണ് ആ സ്ഥാനലബ്ധിയെന്ന് സ്വാഭാവികമായി ആരുംതന്നെ സംശയിച്ചിരുന്നില്ല. സ്ഥാപനങ്ങളുടെ സമഗ്രതക്കായിരുന്നു മുൻഗണന.

ഈ ജനവിശ്വാസത്തിന്‍റെ സംഭരണി, പതിറ്റാണ്ടുകളായി വറ്റിവരുകയാണ്. അടുത്തടുത്തായിവന്ന ബി.ജെ.പി സർക്കാറുകൾ ‘സാധൂകരണക്കമ്മി’ എന്ന് വിളിക്കാവുന്ന അവസ്ഥയിലാണ് കൂടുതലായും പ്രവർത്തിച്ചിട്ടുള്ളത്. അവർക്ക് തെരഞ്ഞെടുപ്പ് മാൻഡേറ്റുകൾ ഇല്ലാത്തതുകൊണ്ടല്ല ഇത്, മറിച്ച് ഭരണത്തിന്‍റെ നിഷ്പക്ഷതയിൽ പൊതുജനങ്ങൾക്ക് ചോദ്യംചെയ്യപ്പെടാത്ത ആത്മവിശ്വാസംനൽകാൻ സാധിക്കാത്തതുകൊണ്ടാണ്. ഇന്നത്തെ മിക്കവാറും എല്ലാ പ്രധാനപ്പെട്ട നിയമനങ്ങളും രാഷ്ട്രീയ വിശ്വസ്തത, ആശയപരമായ പൊരുത്തം, ജാതിസമവാക്യങ്ങൾ, കോർപറേറ്റ് സ്വാധീനം അല്ലെങ്കിൽ മതപരമായ പരിഗണനകൾ എന്നിവയെക്കുറിച്ചുള്ള സംശയങ്ങൾക്ക് ഉടനടി കാരണമാകുന്നുണ്ട്. വിശ്വാസത്തിന് പകരം സംശയം എന്നത് പൊതുജനങ്ങളുടെ സ്വാഭാവിക പ്രതികരണമായി മാറിയിരിക്കുന്നു.

ഇത്തരം സാധൂകരണ പ്രതിസന്ധി നേരിടുന്ന ഗവൺമെന്‍റുകൾ ജനസമ്മതിക്കായി മറ്റ് ബദൽ മാർഗങ്ങൾ തേടുന്നത് അനിവാര്യമാണ്. ചിലർ കരിസ്മാറ്റിക് നേതൃത്വത്തെ ആശ്രയിക്കുന്നു. മറ്റുള്ളവർ നിയോലിബറല്‍ വാഗ്ധാടിക്കോ പോപ്പുലിസ്റ്റ് ക്ഷേമപദ്ധതികൾ എത്തിക്കുന്നതിനോ ഊന്നൽ നൽകുന്നു. ഇനിയും ചിലർ ദേശീയതയെ കൂട്ടുപിടിക്കുന്നു. ഇതിൽ ബി.ജെ.പിയുടെ വേറിട്ട സംഭാവന എന്നത് ‘മതഭൂരിപക്ഷ സാധൂകരണം’ എന്നുവിളിക്കാവുന്ന ഒരു സമീപനത്തിന്‍റെ നിർമിതിയാണ്. ഇത് ഭരണഘടനാപരമായ സാധൂകരണത്തിൽനിന്ന് മൗലികമായി വ്യത്യാസപ്പെട്ടിരിക്കുന്നു. ഭരണഘടനാപരമായ സാധൂകരണം തുല്യപൗരത്വം, സ്ഥാപനപരമായ നിഷ്പക്ഷത, മതേതര ഭരണം, ന്യൂനപക്ഷ സംരക്ഷണം, നിയമവാഴ്ച എന്നിവയിൽനിന്നാണ് അധീശത്വം കൈവരിക്കുന്നത്. നേരെമറിച്ച്, മതഭൂരിപക്ഷ സാധൂകരണമെന്നത് സംഖ്യാപരമായ ഭൂരിപക്ഷത്തിന്‍റെ സാംസ്കാരികവും രാഷ്ട്രീയവും നാഗരികവുമായ ആഗ്രഹങ്ങളുടെ പ്രാതിനിധ്യത്തിലൂടെ പൊതുവിശ്വാസം നേടിയെടുക്കാൻ ശ്രമിക്കുന്നതാണ്. ഇത്തരമൊരു ചട്ടക്കൂടിൽ, ഗവൺമെന്റ് സ്വയം അവതരിപ്പിക്കുന്നത് വെറുതെ ഇന്ത്യ ഭരിക്കുന്ന ഒന്നായിട്ടല്ല, മറിച്ച് ഹിന്ദു ഭൂരിപക്ഷത്തിന്‍റെ ചരിത്രപരമായ അവകാശങ്ങളും സ്വത്വവും താൽപര്യങ്ങളും പുനഃസ്ഥാപിക്കുന്ന ഒന്നായിട്ടാണ്. ഒരാളെ ഒരു സ്ഥാനത്തേക്ക് നിയമിച്ചാല്‍, മറ്റെന്തു കുറവുകളുണ്ടെങ്കിലും അയാള്‍ ഹിന്ദുത്വവാദി ആയിരിക്കും എന്ന ഉറപ്പാണ് ഈ സമ്മതിയുടെ കാതല്‍.

ന്യൂനപക്ഷ വിരുദ്ധതയുടെ താൽപര്യം

സമീപകാല നയങ്ങളിൽ പലതും ഭരണപരമോ നിയമപരമോ സുരക്ഷാപരമോ ആയ കാരണങ്ങളാൽ ന്യായീകരിക്കപ്പെടുന്നവയാണ്. പൗരത്വ (ഭേദഗതി) നിയമം അയൽരാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്കായുള്ള ഒരു മാനുഷിക നടപടിയായാണ് അവതരിപ്പിക്കപ്പെടുന്നത്. നിർബന്ധിത മതപരിവർത്തന നിരോധന നിയമങ്ങൾ ദുർബലരായ വ്യക്തികളെ നിർബന്ധിത സാഹചര്യങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനാണെന്ന് ന്യായീകരിക്കപ്പെടുന്നു. വഖഫ് ഭരണത്തിലെ പരിഷ്കാരങ്ങൾ സുതാര്യതയുടെയും ഉത്തരവാദിത്തത്തിന്‍റെയുംപേരിൽ പ്രതിരോധിക്കപ്പെടുന്നു. മതപരമായ ആചാരങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിശദീകരിക്കുന്നത്. വിദ്യാഭ്യാസ പരിഷ്കരണങ്ങൾ ചരിത്രപരമായ വികലമാക്കലുകൾ തിരുത്തുന്നതിനാണെന്ന് നീതിമത്കരിക്കപ്പെടുന്നു.

ആഭ്യന്തരമായി ഒരു ‘മറുപക്ഷത്തെ’ നിരന്തരം അടയാളപ്പെടുത്തുന്നത് ഭൂരിപക്ഷത്തിന്‍റെ ഐക്യത്തെ ശക്തിപ്പെടുത്തുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനേക്കാൾ ന്യൂനപക്ഷങ്ങളോട് കർക്കശ നിലപാട് കാണിക്കുന്നതിലൂടെയാണ് രാഷ്ട്രീയ സാധൂകരണം കൂടുതലായി നേടിയെടുക്കുന്നത്. ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന നയങ്ങൾക്ക് അവയുടെ പെട്ടെന്നുള്ള ഭരണപരമായ പ്രത്യാഘാതങ്ങൾക്കപ്പുറം വലിയൊരു പ്രതീകാത്മക പ്രാധാന്യം കൈവരുന്നു. ഗവൺമെന്റ് തങ്ങളുടെ സാംസ്കാരികമായ ആശങ്കകളെയും രാഷ്ട്രീയ ആഗ്രഹങ്ങളെയുമാണ് പ്രതിനിധീകരിക്കുന്നതെന്ന് അവര്‍ ഭൂരിപക്ഷത്തിന് ഉറപ്പുനൽകുന്നു. ഈ പ്രക്രിയയെ ഇല്ലിബറല്‍ ജനാധിപത്യത്തിന്‍റെതന്നെ സവിശേഷതയായിട്ടാണ് കാണേണ്ടത്. ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകൾ തുടർന്നുകൊണ്ടേയിരിക്കും, കോടതികൾ പ്രവർത്തിക്കും. എന്നാല്‍, പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റും വിജയിച്ചാല്‍ അവരുടെ സര്‍ക്കാറുകള്‍ അട്ടിമറിക്കപ്പെട്ടും ഭരണമേഖലയില്‍നിന്ന് നിഷ്കാസിതരാവും. സിവിൽസമൂഹം നാമമാത്രമായി നിലനിൽക്കുകയും എന്നാല്‍, ജനാധിപത്യത്തിന്‍റെ ലിബറൽ അടിത്തറകളായ ഭരണഘടനാ ധാർമികത, സ്ഥാപനപരമായ സ്വയംഭരണാവകാശം, ന്യൂനപക്ഷ അവകാശങ്ങൾ, തുല്യപൗരത്വം എന്നിവ ക്രമേണ അപ്രത്യക്ഷമാവുകയും ചെയ്യും.

ഇന്നത്തെ ഇന്ത്യയില്‍, പൗരസമൂഹം ഗവൺമെന്റിന്‍റെ നടപടികളെ ഭരണഘടനാ തത്ത്വങ്ങളിലൂടെയല്ല, മറിച്ച് ഭൂരിപക്ഷ മതസ്വത്വത്തിലൂടെ വിലയിരുത്താൻ തുടങ്ങിക്കഴിഞ്ഞു. പൊതുനിയമനങ്ങൾ കൂടുതൽ സംശയങ്ങൾക്കിടയാക്കുകയും സ്വതന്ത്ര സ്ഥാപനങ്ങൾക്ക് വിശ്വാസ്യത നഷ്ടപ്പെടുകയും ചെയ്യുമ്പോള്‍ അത് സ്വയമൊരു സാധൂകരണമാവുന്നു. കാരണം, പൊതുബോധം, ന്യൂനപക്ഷങ്ങളോടുള്ള അസാധാരണമായ ഇത്തരം പെരുമാറ്റങ്ങളെ ഭരണഘടനാപരമായ ന്യായീകരണം ആവശ്യമുള്ള ഒരു അപവാദമായി കാണുന്നതിനുപകരം, ഭരണത്തിന്‍റെ സ്വാഭാവികമായ സവിശേഷതയായി, ആവശ്യകതയായി കണക്കാക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ, യഥാർഥ അപകടം ന്യൂനപക്ഷ സമുദായങ്ങള്‍ പാർശ്വവത്കരിക്കപ്പെടുന്നു എന്നതു മാത്രമല്ല. അത് രാഷ്ട്രീയ സാധൂകരണത്തിന്‍റെ അടിസ്ഥാന യുക്തിയെത്തന്നെ മാറ്റിമറിക്കുന്നു എന്നതാണ്. ഒരു ഭരണഘടനാ റിപ്പബ്ലിക് അതിന്‍റെ സാധൂകരണം നേടിയെടുക്കുന്നത് രാഷ്ട്രം എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്ന പൗരവിശ്വാസത്തിൽനിന്നാണ്. എന്നാൽ ഹിന്ദുത്വ റിപ്പബ്ലിക്, ന്യൂനപക്ഷങ്ങൾക്ക് ലഭ്യമായ ഭരണഘടനാപരമായ ഇടം ഇല്ലാതാക്കിക്കൊണ്ടാണെങ്കിൽപോലും, സംഖ്യാപരമായ ഭൂരിപക്ഷത്തിന്‍റെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തുന്നതിലൂടെയാണ് സാധൂകരണം നേടിയെടുക്കാൻ ശ്രമിക്കുന്നത്.

സമകാലിക ഇന്ത്യ നേരിടുന്ന വെല്ലുവിളി, തെരഞ്ഞെടുപ്പുകള്‍ നടക്കുകയും ഗവൺമെന്‍റുകൾ രൂപവത്കരിക്കപ്പെടുകയും ചെയ്യുന്നത് തുടരുമോ എന്നതല്ല, മറിച്ച് ഇപ്പോഴത്തെ മതസമ്മതിയെ തള്ളിക്കളഞ്ഞ്, ജനസമ്മതിയുടെ ജനാധിപത്യരൂപം തിരിച്ചുപിടിക്കാന്‍ സിവില്‍സമൂഹത്തില്‍നിന്ന് ആവശ്യമായ ചലനങ്ങള്‍ ഉണ്ടാവുകയും അത് പ്രതിപക്ഷ രാഷ്ട്രീയവുമായി കൈകോര്‍ക്കുകയും ചെയ്യുമോ എന്നതാണ്.

Tags:    
News Summary - From popular consent to religious consent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.