ഇറാൻ: പ്രതിരോധം, പ്രായോഗികത, പ്രത്യയശാസ്ത്രം
ഏഴുമാസങ്ങൾക്ക് മുൻപ് ഇറാനിലെ ആണവനിലയങ്ങൾ, ബാലിസ്റ്റിക് മിസൈൽ അടിസ്ഥാനസൗകര്യങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, രാഷ്ട്രീയ-സൈനിക നേതൃത്വം എന്നിവയെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണങ്ങളോടെയാണ് യു.എസ്.-ഇറാൻ യുദ്ധം ആരംഭിക്കുന്നത്. ആക്രമണങ്ങളിൽ ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഈ കൊല്ലപ്പെടുകയും അവരുടെ സൈനിക അടിസ്ഥാനസൗകര്യങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
ആണവായുധം നിർമിക്കുന്നത് തടയുക, മിസൈൽശേഷി തകർക്കുക, മേഖലയിലെ ഇറാന്റെ സ്വാധീനം ദുർബലപ്പെടുത്തുക എന്നിവയായിരുന്നു വാഷിങ്ടണും ഇസ്രായേലും മുന്നോട്ടുവെച്ച പ്രധാന ലക്ഷ്യങ്ങൾ; ഒപ്പം ഭരണമാറ്റവും. ഇസ്രായേൽ, യു.എസ്. സൈനികത്താവളങ്ങൾ, മേഖലയിലെ മറ്റ് സൈനികസന്നാഹങ്ങൾ എന്നിവയ്ക്കുനേരെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി തിരിച്ചടിച്ചതോടെ കീഴടങ്ങലിന്റെ ഭാഷയല്ല ഇറാന്റേതെന്ന് ബോധ്യപ്പെട്ടു. കൂടാതെ ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം തടയാനും ഇറാൻ നീക്കം നടത്തി. സെപ്റ്റംബറോടെ, സംഘർഷം ഇരുവിഭാഗത്തെയും ക്ഷയിപ്പിക്കുന്ന ദീർഘകാലയുദ്ധമായി മാറിയെന്ന നിഗമനത്തിലേക്ക് യു.എസ്. കോൺഗ്രഷണൽ റിസർച്ച് സർവീസ് എത്തിച്ചേർന്നു.
ഇറാന്റെ തന്ത്രങ്ങൾ
അമേരിക്കയ്ക്ക് വ്യക്തമായ മേധാവിത്വമുള്ള ഒരു മേഖലയിൽ വ്യോമസേനയുടെ കരുത്തിലോ നാവികക്കരുത്തിലോ സാങ്കേതികശേഷിയിലോ അവരോട് നേർക്കുനേർ എതിരിടാൻ ഇറാനാകില്ല. അതിനാൽ തങ്ങളുടെ സൈനികപരമായ പരിമിതികളെ സാമ്പത്തിക, രാഷ്ട്രീയ, ഭൂമിശാസ്ത്രപരമായ തിരിച്ചടികളാക്കി മാറ്റുക എന്നതായിരുന്നു ഇറാന്റെ തന്ത്രം. ആദ്യഘട്ട പോരാട്ടത്തിനുശേഷം, യു.എസ്.-ഇസ്രായേൽ സേനകൾക്ക് ഇറാനിൽ വലിയ നാശനഷ്ടങ്ങൾ വരുത്താൻ സാധിച്ചുവെങ്കിലും, ആ സൈനികമേധാവിത്വത്തെ ഇറാന്റെ പെട്ടെന്നുള്ള രാഷ്ട്രീയ കീഴടങ്ങലാക്കി മാറ്റാൻ അവർക്കായില്ല. അതേസമയം, യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ സ്വന്തം അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിപ്പിക്കാൻ തങ്ങൾക്ക് കഴിയുമെന്ന് ഇറാൻ ഉടനടി തെളിയിക്കുകയും ചെയ്തു.
ഇറാന്റെ തന്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആയുധം ഹുർമുസ് കടലിടുക്കായിരുന്നു. ഈ മേഖലയെ വെറുമൊരു സൈനിക യുദ്ധക്കളമായി കാണുന്നതിനു പകരം, തങ്ങളുടെ ഭൂമിശാസ്ത്രപരമായ സ്ഥാനംതന്നെ യുദ്ധതന്ത്രമാക്കി മാറ്റാൻ ഇറാന് കഴിഞ്ഞു. ലോകത്തിനാവശ്യമായ പെട്രോളിയം ഉൽപ്പന്നങ്ങളുടെ അഞ്ചിലൊന്ന് സാധാരണയായി കടന്നുപോകുന്നത് ഈ ഇടുങ്ങിയ സമുദ്രപാതയിലൂടെയാണ്. അതിനാൽ അമേരിക്കൻ നാവികസേനയെ പരമ്പരാഗത യുദ്ധത്തിൽ പരാജയപ്പെടുത്തിയാൽ മാത്രമേ സ്വാധീനം ഉറപ്പിക്കാൻ കഴിയൂ എന്ന അവസ്ഥ ഇറാനില്ല. വാണിജ്യ കപ്പൽഗതാഗതം അപകടകരവും ചെലവേറിയതും അനിശ്ചിതത്വങ്ങൾ നിറഞ്ഞതുമാക്കിയാൽ മാത്രം മതിയാകും എന്ന് അവർ നേരത്തെ കണക്കുകൂട്ടിയിരുന്നു;അത് തെറ്റിയില്ല. ഇറാൻ ഏർപ്പെടുത്തിയ കപ്പൽഗതാഗത നിയന്ത്രണങ്ങളും, ഇറാന്റെ തുറമുഖങ്ങൾക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധവും ചേർന്ന് യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ അന്താരാഷ്ട്രതലത്തിലേക്ക് വ്യാപിച്ചു.ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം പരിമിതമാവുകയും ചെയ്തു.
സംഘർഷം നീളുന്തോറും, പ്രത്യാഘാതങ്ങൾ ഇറാനിലും അമേരിക്കയിലും മാത്രമായി ഒതുങ്ങിനിൽക്കില്ല എന്ന് ലോകത്തിനു ബോധ്യമായി. എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ, ഗൾഫ് സമ്പദ്‌വ്യവസ്ഥകൾ, ഷിപ്പിങ് കമ്പനികൾ, അമേരിക്കൻ സഖ്യകക്ഷികൾ എന്നിവർക്കെല്ലാം യുദ്ധം അവസാനിപ്പിക്കേണ്ടത് ആവശ്യമായി വരുന്നു. അങ്ങനെ തങ്ങൾക്കെതിരെയുള്ള അന്താരാഷ്ട്ര സാമ്പത്തികസമ്മർദത്തെ, യുദ്ധം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര രാഷ്ട്രീയസമ്മർദമാക്കി മാറ്റാനാണ് ഇറാൻ ശ്രമിച്ചത്. അടുത്ത ആഴ്ചകളിൽ ഊർജവിലയിലുണ്ടായ കുത്തനെയുള്ള കയറ്റം ഈ തന്ത്രത്തിന്റെ പ്രാധാന്യവും വിജയവും വ്യക്തമാക്കുന്നതായിരുന്നു.
രണ്ടാമത്തെ ഘടകം ‘കാലിബ്രേറ്റഡ് എസ്കലേഷൻ’ എന്ന് പറയാവുന്ന അളന്നുമുറിച്ചുള്ള ഇറാന്റെ യുദ്ധതന്ത്രമാണ്. അമേരിക്കൻ സേനയ്ക്കും മേഖലയിലെ അടിസ്ഥാനസൗകര്യങ്ങൾക്കും ഭീഷണിയാകാൻപോന്ന മിസൈൽ-ഡ്രോൺശേഷി ഇറാൻ നിലനിർത്തിയിട്ടുണ്ട്. അതേസമയം അമേരിക്കയുടെ സൈനികശക്തിയെ പൂർണമായി നശിപ്പിക്കുക എന്ന അസാധ്യമായ ലക്ഷ്യത്തിൽനിന്ന് അവർ മാറിനിൽക്കുകയും ചെയ്യുന്നു. അമേരിക്കൻ നാവികസേനയുടെ കപ്പലുകൾക്കുനേരെ അടുത്തിടെ ഇറാൻ നടത്തിയ ആക്രമണങ്ങൾ, വാഷിങ്ടണിന്റെ ഉപരോധം നിലനിർത്തുന്നതിന് സൈനികമായും രാഷ്ട്രീയമായും അവർ വലിയ വില നൽകേണ്ടിവരുമെന്ന് ബോധ്യപ്പെടുത്തിയ ഇടപെടലായിരുന്നു. ഇറാൻ യുദ്ധക്കളത്തിൽ ഏകപക്ഷീയമായ മേധാവിത്വം നേടാനല്ല ശ്രമിക്കുന്നത്, മറിച്ച് ശക്തരായ എതിരാളികൾക്ക് എളുപ്പത്തിലുള്ള വിജയങ്ങൾ നിഷേധിച്ചുകൊണ്ട് അവരെ പരിക്ഷീണരാക്കുകയാണ് ചെയ്യുന്നത്.
മൂന്നാമതായി, ഇറാൻ സൈനികപ്രതിരോധത്തെ നയതന്ത്രവഴക്കങ്ങളുമായി കൂട്ടിയിണക്കി. പാകിസ്താൻ, ഒമാൻ, ഖത്തർ എന്നിവരുടെ മധ്യസ്ഥതയിലുള്ള നയതന്ത്രചർച്ചകളിൽ പങ്കെടുക്കുമ്പോഴും തങ്ങളുടെ സൈനികസമ്മർദം കുറയ്ക്കാൻ അവർ തയ്യാറായിട്ടില്ല. നിലവിലെ ഇറാന്റെ നീക്കങ്ങൾ ഒരുവശത്ത് ചർച്ചകൾക്കുള്ള സന്നദ്ധതയും ഒപ്പം യുദ്ധം വീണ്ടും ശക്തമാക്കുമെന്ന മുന്നറിയിപ്പും ചേർന്നതാണ്. അവസാനമായി, ചർച്ചകൾക്ക് മുൻപുതന്നെ തങ്ങളുടെ ആവശ്യങ്ങൾ അടിയറവുവെക്കാതിരിക്കാൻ ഇറാൻ ശ്രദ്ധിച്ചു. യുറേനിയം സമ്പുഷ്ടീകരണം, ബാലിസ്റ്റിക് മിസൈലുകൾ, ഉപരോധങ്ങൾ, മരവിപ്പിച്ച സ്വത്തുക്കൾ, അമേരിക്കൻ ഉപരോധം, ഹുർമുസിലൂടെയുള്ള ഗതാഗതം എന്നിവയെല്ലാം ചർച്ചകളിലെ പരസ്പരബന്ധിതമായ വിഷയങ്ങളായി മാറി. ആക്രമണങ്ങൾ അവസാനിപ്പിക്കുക, ഉപരോധവും നാവികവിലക്കും പിൻവലിക്കുക, മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകുക, യുദ്ധനഷ്ടപരിഹാരം നൽകുക എന്നിവയാണ് തെഹ്റാൻ അടുത്തിടെ മുന്നോട്ടുവെച്ച വ്യവസ്ഥകൾ. ഇവ ഇറാന്റെ ആവശ്യങ്ങൾ മാത്രമാണ്, അംഗീകരിക്കപ്പെട്ട നിബന്ധനകളല്ല. എങ്കിലും, തങ്ങളുടെ കൈവശമുള്ള ആയുധങ്ങളെ ചർച്ചകളിൽ നേട്ടങ്ങളാക്കി മാറ്റാൻ തെഹ്റാൻ എത്രത്തോളം വിജയിക്കുന്നുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.
പ്രത്യയശാസ്ത്രവും പ്രായോഗികതയും
ഇറാന്റെ നിലപാടിലെ പ്രായോഗികതയെ പരമ്പരാഗത സൈനികമേധാവിത്വമായി കാണുന്നതിൽ അർഥമില്ല. ഇറാന്റെ സമ്പദ്‌വ്യവസ്ഥ കഠിനമായ സമ്മർദത്തിലാണ്, അടിസ്ഥാനസൗകര്യങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്, കൂടാതെ ഹുർമുസിലെ ഇറാന്റെ നിയന്ത്രണത്തിന് ആധാരമായ നിരീക്ഷണ-മൈൻ യുദ്ധശേഷികളെ യു.എസ്. പ്രവർത്തനങ്ങൾ ദുർബലപ്പെടുത്തിയതായി അടുത്തിടെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമേരിക്കൻ സാമ്രാജ്യത്വം ഇറാനെ പരമാവധി തകർക്കാനാണ് നോക്കുന്നത് എന്നത് സുവ്യക്തമാണ്. എങ്കിലും, യുദ്ധത്തെ മനസ്സിലാക്കുന്നതിനുള്ള പ്രധാന സൂചകംതന്നെ ഈ വ്യത്യാസമാണ്. അമേരിക്കയെ സൈനികമായി പരാജയപ്പെടുത്തിയാൽ മാത്രമേ ചർച്ചകളിൽ സ്വാധീനം നിലനിർത്താൻ കഴിയൂ എന്ന് ഇറാൻ കരുതുന്നില്ല; മറിച്ച് അമേരിക്ക തങ്ങളുടെ സൈനികമേധാവിത്വം ഉപയോഗിച്ച് തങ്ങൾക്ക് അനുകൂലമായ രീതിയിൽ യുദ്ധം അവസാനിപ്പിക്കുന്നത് തടഞ്ഞാൽ മാത്രം മതിയാകും. ആക്രമണം തുടങ്ങി ആറുമാസത്തിലേറെ പിന്നിട്ടിട്ടും ആ ലക്ഷ്യം ഇല്ലാതായിട്ടില്ല.
അസമയുദ്ധങ്ങളുടെ സവിശേഷതയാണ് ഈ സംഘർഷം വ്യക്തമാക്കുന്നത്: ഉന്നത സൈനികശേഷി ഉപയോഗിച്ച് എതിരാളിയുടെ ശേഷികളെ നശിപ്പിക്കാൻ എളുപ്പമാണ്, എന്നാൽ അവരെ രാഷ്ട്രീയമായി കീഴടക്കാൻ അതിനേക്കാൾ ബുദ്ധിമുട്ടാണ്. ആ വിടവിനെ പ്രയോജനപ്പെടുത്താനാണ് ഇറാൻ ശ്രമിച്ചത്. ഭൂമിശാസ്ത്രം, മിസൈലുകൾ, സാമ്പത്തിക തടസ്സങ്ങൾ, പ്രാദേശിക ശൃംഖലകൾ, നയതന്ത്രനീക്കങ്ങൾ, സാമ്രാജ്യത്വവിരുദ്ധ പ്രത്യയശാസ്ത്രം എന്നിവ ഉപയോഗിച്ച് അമേരിക്കയുടെ യുദ്ധച്ചെലവ് വൻതോതിൽ വർധിപ്പിക്കാനും, തന്മൂലം ചർച്ചകൾ മാത്രമാണ് ഒരേയൊരു വഴിയെന്ന് അവരെക്കൊണ്ട് ചിന്തിപ്പിക്കാനും ഇറാന് കഴിഞ്ഞു.
ഇപ്പോൾ പുനരാരംഭിക്കാൻ സാധ്യതയുള്ള ചർച്ചകളുടെ വ്യവസ്ഥകൾ, യു.എസ്.-ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനുശേഷം എത്രത്തോളം ആഴത്തിലുള്ള മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുന്നു. ഭീമമായ അമേരിക്കൻ സൈനികമേധാവിത്വത്തിന് മുന്നിൽ അടിയറവുപറഞ്ഞ രാജ്യമായല്ല ഇറാൻ നയതന്ത്രഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്; മറിച്ച്, ഇപ്പോഴും വലിയ രീതിയിലുള്ള സൈനിക, സാമ്പത്തിക, ഭൗമരാഷ്ട്രീയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ള രാഷ്ട്രമായാണ്. സൈനികനടപടികൾ അവസാനിപ്പിക്കുക, യു.എസ്. നാവിക ഉപരോധം പിൻവലിക്കുക, മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകുക എന്നിവയാണ് മറ്റ് കാര്യങ്ങൾക്കൊപ്പം തെഹ്റാൻ ആവശ്യപ്പെടുന്നത്.
അവസാന ധാരണ എന്തുതന്നെയായാലും, സാമ്രാജ്യത്വശക്തികളുടെ മൗലികമായ പരിമിതിയാണ് ഇറാന്റെ പ്രതിരോധത്തിലൂടെ വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നത്. പരമാധികാര സംരക്ഷണത്തിനായി വലിയ നഷ്ടങ്ങൾ സഹിക്കാൻ ഇച്ഛാശക്തിയുള്ള ജനതയ്ക്കും രാഷ്ട്രത്തിനും, തങ്ങളേക്കാൾ എത്രയോ ശക്തരായ എതിരാളികളുടെയും ഏകപക്ഷീയമായ വിജയസാധ്യതകളെ ഇല്ലാതാക്കാൻ കഴിയുമെന്ന് ഏഴുമാസത്തെ ഇറാന്റെ പ്രതിരോധം ഒരിക്കൽക്കൂടി ബോധ്യപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.