മുഹമ്മദ് അദീബ്, സൽമാൻ ഖുർഷിദ്, ഫുസൈൽ അഹ്മദ് അയ്യൂബി എന്നിവർ നിരീക്ഷണസമിതി പ്രഖ്യാപനവേദിയിൽ
പാറ്റ വിപ്ലവാനന്തരം കാറ്ററിഞ്ഞു പാറ്റുന്നവർ
വിയോജിപ്പിന്റെ ശബ്ദമുയർത്തുന്നവർക്ക് ജന്തർ മന്തറിലെ പാറ്റ വിപ്ലവം നൽകിയ ആത്മവിശ്വാസം ചെറുതല്ല. ഒരു വ്യാഴവട്ടക്കാലം തങ്ങളെ അടക്കിഭരിച്ചിരുന്ന ഭയത്തിൽനിന്ന് വിവിധ രാഷ്ട്രീയകക്ഷികളും മത-സാമൂഹിക വിഭാഗങ്ങളും മോചനം നേടിയതിന്റെ ദൃഷ്ടാന്തങ്ങൾക്കാണ് പോയ വാരങ്ങളിൽ രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ മുസ്‌ലിംകളുടെ ഭരണഘടനാപരമായ അവകാശങ്ങളും സാമൂഹികസുരക്ഷയും രാഷ്ട്രീയനിലനിൽപ്പും എന്താകുമെന്ന ചോദ്യമുയർത്തി ആഗസ്റ്റ് 24-ന് കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിന്റെ ഡെപ്യൂട്ടി സ്പീക്കർ ഹാളിൽ സംഘടിപ്പിക്കപ്പെട്ട മുസ്‌ലിം പാർലമെന്റേറിയന്മാരുടെയും അഭിഭാഷകരുടെയും പൗരസമൂഹ പ്രതിനിധികളുടെയും അക്കാദമിക പണ്ഡിതരുടെയും കൂടിച്ചേരൽ അത്തരത്തിലൊന്നായിരുന്നു. രാജ്യത്തെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ വിലയിരുത്തി വെല്ലുവിളികൾ ഒത്തൊരുമിച്ച് എങ്ങനെ നേരിടാമെന്ന് ചർച്ച ചെയ്യാനായിരുന്നു ആ സംഗമം.
ഇന്ത്യൻ മുസ്‌ലിംകൾ രാജ്യത്തെ രാഷ്ട്രീയപ്രക്രിയകളിൽ സജീവമായി പങ്കാളികളായിട്ടും അവരുടെ കാതലായ പ്രശ്നങ്ങളെ മാറ്റിനിർത്തുന്ന രാഷ്ട്രീയകക്ഷികളുടെ മുൻഗണന സ്വന്തം താൽപ്പര്യങ്ങളാണെന്ന് വിലയിരുത്തിയാണ് ഇത്തരമൊരു കൂടിച്ചേരലിന് മുൻ പാർലമെന്റംഗം മുഹമ്മദ് അദീബ് മുന്നിട്ടിറങ്ങിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പള്ളികളും മദ്റസകളും ദർഗകളും വഖഫ് സ്വത്തുക്കളും ആസൂത്രിതമായി കയ്യേറ്റങ്ങൾക്കും ഇടിച്ചുനിരത്തലുകൾക്കും ഇരയായിക്കൊണ്ടിരിക്കുകയും വിശ്വാസസ്വാതന്ത്ര്യത്തെപ്പോലും ഹനിച്ച് വിദ്യാഭ്യാസനയങ്ങളിൽ കാതലായ മാറ്റങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, ഇനി എന്തുചെയ്യാം എന്നതായിരുന്നു വിവിധ രാഷ്ട്രീയ-മത ആശയങ്ങൾ വെച്ചുപുലർത്തുന്ന വ്യത്യസ്ത മേഖലകളിലെ മുസ്‌ലിം വ്യക്തിത്വങ്ങൾ ചർച്ച ചെയ്തത്.
നിലനിൽക്കുന്ന സാഹചര്യം സമുദായത്തോട് ഗൗരവമേറിയ ആത്മപരിശോധന ആവശ്യപ്പെടുന്നുണ്ടെന്ന് ഓർമിപ്പിച്ചാണ് ‘ഇന്ത്യൻ മുസ്‌ലിംസ് ഫോർ സിവിൽ റൈറ്റ്സ്’ ചെയർമാൻ കൂടിയായ മുഹമ്മദ് അദീബ് രാജ്യത്തെ പ്രമുഖ എം.പിമാർക്കും അഭിഭാഷകർക്കും അക്കാദമിക് പണ്ഡിതർക്കും മുസ്‌ലിം നേതാക്കൾക്കും കത്തയച്ചത്. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ഒരുമിച്ചുകൂടിയവർ സുപ്രധാനമായ ചില തീരുമാനങ്ങളെടുത്തു. ഇനിയും കണ്ടുനിൽക്കാനാവില്ലെന്ന് വ്യക്തമാക്കി ‘ഡൽഹി പ്രഖ്യാപനം’ എന്ന പേരിൽ എട്ട് പ്രമേയങ്ങളും പാസാക്കി.
ജന്തർ മന്തറിലെ ജെൻ സി പ്രക്ഷോഭത്തിനുനേരെ നടന്ന പൊലീസ് അതിക്രമങ്ങൾ തന്നെയായിരുന്നു ഒന്നാമത്തെ പ്രമേയവിഷയം. ജൂലൈ 20-ന് പാർലമെന്റിലേക്ക് കൊക്രോച്ച് ജനതാ പാർട്ടിയുടെ ആഹ്വാനപ്രകാരം മാർച്ച് നടത്തിയ യുവതയ്ക്കുനേരെ ഡൽഹി പൊലീസ് നടത്തിയ അതിക്രമങ്ങളെ അപലപിച്ച പ്രമേയം, രാജ്യമെമ്പാടും വിയോജിപ്പുമായി പ്രക്ഷോഭരംഗത്തിറങ്ങിയ വിദ്യാർഥികൾക്കൊപ്പമാണ് തങ്ങളെന്ന് പ്രഖ്യാപിച്ചു.
സാമൂഹികൈക്യത്തിനും സൗഹാർദത്തിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കുമിടയിൽ ഐക്യദാർഢ്യം കെട്ടിപ്പടുക്കുന്നതിനും വിവിധ സമുദായങ്ങൾക്കിടയിൽ വിശാലമായ ഐക്യദാർഢ്യത്തിന്റെ ഉറച്ച ചുവടുവെപ്പുകൾ നടത്തണമെന്നതായിരുന്നു രണ്ടാമത്തെ പ്രമേയം. മുസ്‌ലിംകളുടെ പൊതുസ്വത്വത്തെയും മൗലികാവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടങ്ങളോടുള്ള സഹകരണത്തെയും അടിസ്ഥാനമാക്കിയായിരിക്കണം ഈ ഐക്യദാർഢ്യമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങളെ തകർക്കാനുള്ള നീക്കങ്ങളെ അപലപിക്കുന്നതായിരുന്നു മൂന്നാമത്തെ പ്രമേയം. ഉത്തർപ്രദേശിലെ മൗലാന മുഹമ്മദലി ജൗഹർ സർവകലാശാല ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്താനുള്ള ഉത്തരവിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു ഇത്. ആ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
നൂറ്റാണ്ടുകളായി മുസ്‌ലിംകൾ ആരാധനാകർമങ്ങളും ആചാരാനുഷ്ഠാനങ്ങളും നടത്തിവരുന്ന പള്ളികളും ദർഗകളും കയ്യേറ്റമെന്നാരോപിച്ച് തെരഞ്ഞുപിടിച്ച് ഇടിച്ചുനിരത്തുന്നത് അടിയന്തരമായി നിർത്തിവെക്കണമെന്ന് നാലാം പ്രമേയം ആവശ്യപ്പെട്ടു. ഇതിനകം നടന്ന ഇടിച്ചുനിരത്തലുകളുടെ നിഷ്പക്ഷ പരിശോധനയും കണക്കെടുപ്പും നടത്തണമെന്നും ആവശ്യമുയർന്നു. ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കുന്ന സമയത്ത് കേന്ദ്രസർക്കാർ ഉറപ്പുനൽകുകയും സുപ്രീംകോടതി വിധിക്കുകയും ചെയ്ത ജമ്മുകശ്മീരിന്റെ സമ്പൂർണ സംസ്ഥാനപദവി തിരിച്ചുനൽകണമെന്നതായിരുന്നു അഞ്ചാം പ്രമേയം. വിവിധ ജാതി-മത-സാമൂഹിക വിഭാഗങ്ങളുടെ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും വിഘാതമാകുന്ന തരത്തിൽ മതസ്വാതന്ത്ര്യം ഹനിക്കുന്ന ഏക സിവിൽ കോഡിനെ ചെറുക്കാനുള്ള ആഹ്വാനമായിരുന്നു ആറാം പ്രമേയം.
സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനും ഇഷ്ടാനുസരണം വസ്ത്രം ധരിക്കാനുമുള്ള മുസ്‌ലിം സ്ത്രീകളുടെ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് ഏഴാം പ്രമേയം ആവശ്യപ്പെട്ടു. അഭിപ്രായസ്വാതന്ത്ര്യം വിനിയോഗിക്കുന്ന മുസ്‌ലിം സ്ത്രീകളെ ഓൺലൈനിലും ഓഫ്‍ലൈനിലും അതിക്രമങ്ങൾക്കിരയാക്കുന്ന സാമൂഹികവിരുദ്ധർക്കെതിരെ സർക്കാർ നടപടിയെടുക്കാത്തതിലും വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിന് അനുമതി നൽകാത്തതിലും പ്രമേയം പ്രതിഷേധം രേഖപ്പെടുത്തി. മുസ്‌ലിംകളെ വോട്ടുബാങ്കായി മാത്രം കണ്ട് അവരുടെ അവകാശപ്രശ്നങ്ങളിൽ കടുത്ത മൗനം പാലിക്കുന്ന കപട മതേതര രാഷ്ട്രീയപാർട്ടികളുടെ സമീപനം ചോദ്യം ചെയ്യുന്നതായിരുന്നു അവസാന പ്രമേയം.
ഡൽഹി പ്രഖ്യാപനത്തിനുശേഷം, അതിലുന്നയിച്ച വിഷയങ്ങൾ ചൂണ്ടിക്കാട്ടി മുസ്‌ലിംകൾ നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെടൽ ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രതിപക്ഷനേതാവിനും കത്തുകളയച്ചു.
സെപ്റ്റംബർ ഒന്നിന് മുഹമ്മദ് അദീബിന്റെ നിസാമുദ്ദീനിലെ ഓഫീസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അടുത്ത ചുവടുവെപ്പ് കൂട്ടായ്മ പ്രഖ്യാപിച്ചു. നിരന്തര നിരീക്ഷണത്തിനായി വിവിധ മേഖലകളിലെ പ്രമുഖരെ ഉൾപ്പെടുത്തി 51 അംഗ നിരീക്ഷണസമിതി രൂപീകരിച്ചതായിരുന്നു ആ പ്രഖ്യാപനം.
ഉത്തർപ്രദേശിൽനിന്നുള്ള ഇഖ്റ ഹസൻ ചൗധരി മുതൽ കേരളത്തിൽനിന്നുള്ള ഇ.ടി. മുഹമ്മദ് ബഷീർ വരെയുള്ള പാർലമെന്റംഗങ്ങളും, മുൻ കേന്ദ്ര ന്യൂനപക്ഷമന്ത്രി കൂടിയായ സുപ്രീംകോടതി അഭിഭാഷകൻ സൽമാൻ ഖുർഷിദ് മുതൽ ഫുസൈൽ അഹ്മദ് അയ്യൂബി വരെയുള്ള മുതിർന്ന അഭിഭാഷകരും, ആസൂത്രണക്കമീഷൻ മുൻ അംഗം സയ്യിദ ഹമീദ മുതൽ ഡോ. സആദത്തുല്ലാ ഹുസൈനി വരെയുള്ള അക്കാദമിക് പണ്ഡിതരും മനുഷ്യാവകാശ-പൗരസമൂഹ പ്രവർത്തകരും സമിതിയുടെ ഭാഗമായി. ഇന്ത്യൻ മുസ്‌ലിംകളെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് ഭരണഘടനാപരവും നിയമപരവും രാഷ്ട്രീയവുമായ പരിഹാരം തേടുകയാണ് സമിതിയുടെ ലക്ഷ്യം. പൗരാവകാശങ്ങളുടെയും സമുദായപ്രാതിനിധ്യത്തിന്റെയും വിഷയങ്ങളിൽ ഏകോപിതമായ നിലപാട് സമിതി രൂപപ്പെടുത്തും.
മുസ്‌ലിം സമുദായത്തിൽ ആത്മവിശ്വാസം വളർത്താനും പ്രാദേശികതലങ്ങളിലെ തർക്കങ്ങളിൽ ഇടപെട്ട് പരിഹാരം കാണാനും പ്രശ്നബാധിതപ്രദേശങ്ങൾ സന്ദർശിക്കാനും സമിതി തീരുമാനിച്ചു. ആർക്കുമുമ്പിലും യാചിക്കാൻ നിൽക്കാതെ, മറ്റുള്ളവരെപ്പോലെതന്നെ തുല്യാവകാശങ്ങളുള്ള പൗരരാണ് തങ്ങളെന്ന് തുറന്നുപറയാൻ രാജ്യത്തെ മുസ്‌ലിംകളെ പ്രാപ്തരാക്കുകയാണ് ഈ മുന്നേറ്റത്തിന്റെ ലക്ഷ്യമെന്ന് സൽമാൻ ഖുർഷിദ് പറഞ്ഞു. മതനേതാക്കളും രാഷ്ട്രീയപ്രതിനിധികളും പൗരസമൂഹ സംഘടനകളും അഭിഭാഷകരും ഒരൊറ്റക്കുടക്കീഴിൽ പ്രവർത്തിക്കാനാണ് ഈ സമിതിയെന്ന് സുപ്രീംകോടതി അഭിഭാഷകൻ ഫുസൈൽ അഹ്മദ് അയ്യൂബി പറഞ്ഞു. ഈ കൂട്ടായ്മ ആർക്കും എതിരല്ലെന്നും എല്ലാവരെയും യോജിപ്പിച്ചുനിർത്താനാണെന്നും മുഹമ്മദ് അദീബ് വ്യക്തമാക്കി. രാഷ്ട്രീയമണ്ഡലത്തിൽ തന്നെയായിരിക്കും പ്രധാന പ്രവർത്തനം.
അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് പോലുള്ള മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇതര കൂട്ടായ്മകൾ അവരുടെ ചുമതലകളുമായി സമാന്തരമായി മുന്നോട്ടുപോകും. ഇതൊരു സുപ്രധാന കാമ്പയിന്റെ തുടക്കമാണെന്നും രാജ്യത്തെ മുസ്‌ലിംകളെ പ്രതിനിധാനം ചെയ്യുന്ന സമിതി ആവശ്യമായ എല്ലാ വിഷയങ്ങളിലും ഇടപെടൽ നടത്തുമെന്നും ഡോ. സആദത്തുല്ലാ ഹുസൈനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.