തെരഞ്ഞെടുപ്പ് വിജയശേഷം ഡൽഹി കേരള ഹൗസിലെത്തിയ വി.ഡി സതീശന് വരവേൽപ്പ് നൽകിയ ശേഷം കേക്ക് മുറിച്ച് നൽകുന്ന എൻ.എസ്.യു മുൻ ദേശീയ കൺവീനർ സി.കെ ശാഹിദ്

ഇ​ന്ദ്ര​പ്ര​സ്ഥ​ത്തി​ലെ അ​ന്ത​ർ​നാ​ട​ക​ങ്ങ​ൾ

ബോ​ധ​പൂ​ർ​വം സൃ​ഷ്ടി​ച്ച പ്രോ​പ​ഗ​ണ്ട​ക്ക് ര​ണ്ടാ​യി​രു​ന്നു ല​ക്ഷ്യം. ഒ​ന്ന്, സ​തീ​ശ​നാ​യു​ള്ള മു​റ​വി​ളി സ്വാ​ഭാ​വി​ക​മാ​യു​ണ്ടാ​കു​ന്ന​ത​ല്ലെ​ന്നും ഓ​ർ​ക്ക​സ്ട്രേ​റ്റ​ഡ് ആ​ണെ​ന്നു​മു​ള്ള​തി​ന്റെ ഉ​ദാ​ഹ​ര​ണ​മാ​യി കേ​ര​ള ഹൗ​സ് സ്വീ​ക​ര​ണം രാ​ഹു​ലി​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാം

മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ചർച്ചക്കായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിളിപ്പിച്ച വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും ഒരേ വിമാനത്തിലാണ് ഡൽഹിയിൽ വന്നിറങ്ങിയത്. 102 സീറ്റുകളുടെ വൻ വിജയത്തിലേക്ക് യു.ഡി.എഫിനെ നയിച്ച വി.ഡി. സതീശന്റെ ഡൽഹി വരവ് കളറാക്കാൻ മേയ് എട്ടിന് രാത്രി എട്ടര മണി തൊട്ട് കേരള ഹൗസിന് മുന്നിൽ തമ്പടിച്ച് കാത്തുനിൽക്കുകയായിരുന്നു ജെ.എൻ.യു, ഡി.യു, ജാമിഅ എന്നിവിടങ്ങളിൽനിന്നുള്ള മലയാളി വിദ്യാർഥികൾ.

അവരുടെ മുന്നിലേക്ക് ആദ്യത്തെ കാറിൽ വി.ഡി. സതീശൻ വന്നിറങ്ങുമ്പോൾ ഒരു മണി കഴിഞ്ഞിട്ടുണ്ട്. ‘‘ചങ്കേ കരളേ വി.ഡി.എസ്സേ, അങ്ങ് നയിക്കൂ അങ്ങ് നയിക്കൂ’’എന്ന മുദ്രാവാക്യവുമായി കാറിനെ പൊതിഞ്ഞ വിദ്യാർഥികൾക്കിടയിലേക്ക് ഇറങ്ങിയ സതീശനെ ബൊക്കെ നൽകി വരവേറ്റത് എൻ.എസ്.യു മുൻ ദേശീയ കൺവീനർ സി.കെ. ശാഹിദാണ്. വിദ്യാർഥികൾ സതീശനെ തോളിലേറ്റി കേരള ഹൗസിന്റെ ഗേറ്റിലേക്ക് നീങ്ങി. ജനബാഹുല്യത്താൽ വന്നതിലേറെ പേരും അകത്ത് കയറാനാവാതെ മുറ്റത്തുനിന്ന് മുദ്രാവാക്യം വിളി തുടരുന്നതിനിടയിൽ റിസപ്ഷനിൽ വിദ്യാർഥികൾ ഒരുക്കിവെച്ച ‘കേരളം യു.ഡി.എഫ് തൂക്കി’ എന്നെഴുതിയ കേക്ക് മുറിച്ച ശേഷമാണ് സതീശൻ 104ാം നമ്പർ മുറിയിലേക്ക് പോയത്.

അതിനു ശേഷമാണ് സണ്ണി ജോസഫിനെയും കൊണ്ടുള്ള കാർ കേരള ഹൗസിലേക്ക് വരുന്നത്. സതീശനെ വരവേൽക്കാനെത്തിയ കൂട്ടത്തിലെ കെ.എസ്.യു പ്രവർത്തകർ അദ്ദേഹത്തെ ജയ് വിളിച്ച് വരവേറ്റു. അതിനിടെ സതീശനെ മുറിയിലെത്തിച്ച് ഇടനാഴിയിലൂടെ തിരിച്ചുവരുന്ന വിദ്യാർഥികൾ ‘ചങ്കേ കരളേ വി.ഡി.എസ്സേ’ എന്ന് അത്യുച്ചത്തിൽ ആവർത്തിച്ചു. ഇതൊക്കെ കഴിഞ്ഞ് പുലർച്ച രണ്ട് മണിക്ക് കേരള ഹൗസിൽനിന്നിറങ്ങുമ്പോൾ മുറ്റത്ത് ഒരു വിദ്യാർഥി നേതാവിനെ രണ്ട് മൂന്ന് മാധ്യമപ്രവർത്തകർ വളഞ്ഞുവെച്ച് ചോദ്യംചെയ്യുന്നതാണ് കാണുന്നത്. വി.ഡി. സതീശന് സ്വീകരണമൊരുക്കാൻ മുന്നിൽനിന്നതെന്തിനാണെന്നും രാഷ്ട്രീയ ഭാവിതന്നെ തകർന്നുപോകില്ലേ എന്നൊക്കെയാണ് സതീശന് ബൊക്കെ നൽകുകയും കേക്ക് മുറിച്ച് വായിൽവെച്ചുകൊടുക്കുകയുമൊക്കെ ചെയ്ത, എഴുപതോളം കെ.എസ്.യു പ്രവർത്തകരുമായി കേരള ഹൗസിലേക്ക് വന്ന എൻ.എസ്.യു മുൻ ദേശീയ കൺവീനർ സി.കെ. ശാഹിദിനോടുള്ള ചോദ്യങ്ങൾ. ഇതിനിടയിൽ സണ്ണി ജോസഫിന്റെ പേഴ്സനൽ സ്റ്റാഫ് വന്ന് സതീശന് സ്വീകരണമൊരുക്കിയത് ആരെന്ന് ചോദിക്കുമ്പോൾ അത് എം.എസ്.എഫുകാരെന്ന് കെ.എസ്.യു നേതാവിനെ വളഞ്ഞ മാധ്യമപ്രവർത്തകരിലൊരാളുടെ മറുപടി.

കേരള ഹൗസിൽ സതീശന് മുസ്‍ലിംലീഗ് സ്വീകരണമൊരുക്കിയെന്നും സണ്ണി ജോസഫിനെതിരെ എം.എസ്.എഫ് വിദ്യാർഥികളുടെ മുദ്രാവാക്യം വിളിയെന്നുമെല്ലാമുള്ള ബ്രേക്കിങ് കണ്ടാണ് പിറ്റേന്നുണർന്നത്. വൈകാതെ കേരള ഹൗസ് നാളിതുവരെ കാണാത്ത ആവേശകരമായ സ്വീകരണം മുസ്‍ലിംലീഗിന്റേതാക്കി ദേശീയ മാധ്യമങ്ങളിലും വാർത്ത വന്നു.

എൻ.എസ്.യു ദേശീയ പ്രസിഡന്റ് വിനോദ് ഝാക്കറെക്കണ്ട് ചാനലുകൾ എൻ.എസ്.യു അത്തരമൊരു സ്വീകരണം തീരുമാനിച്ചിട്ടില്ലെന്ന ബൈറ്റും ചേർത്ത് ആഘോഷിച്ചു. ഇക്കാര്യത്തിൽ വ്യക്തത ലഭിക്കാൻ ശാഹിദുമായി സംസാരിച്ചപ്പോൾ എം.എസ്.എഫിന്റെയും കെ.എസ്.യുവിന്റെയും നേതാക്കളും പ്രവർത്തകരും മാത്രമല്ല, ഒരു പാർട്ടിയിലുമില്ലാത്ത വിദ്യാർഥികളും സ്വീകരണത്തിനുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ‘ജെൻസി’ എന്ന പേരിലാക്കിയതെന്നും വ്യക്തത വരുത്തി. ആതിര, നിഖിൽ, ഗൗതം, ഫർഹാന, ക്രിസ്റ്റി, അമൽ ജോസ് തുടങ്ങി അവിടെയെത്തിയ പല കെ.എസ്.യു പ്രവർത്തകരുടെ പേരുകളും ശാഹിദ് എണ്ണിപ്പറഞ്ഞു. എന്നാൽ, വാർത്ത നൽകിയവരാരും അത് പിൻവലിച്ചില്ല. വൈകീട്ട് രാഹുലും ഖാർഗെയും മൂവരെയും കാണുംവരെ അത് കത്തിച്ചുനിർത്തി. കേരളത്തിൽനിന്ന് വിമാനം പിടിച്ചുവന്ന മുതിർന്ന മാധ്യമപ്രവർത്തകൻ 104ാം മുറിയിൽ വന്നിരുന്നത് താങ്കൾക്ക് പിന്നിൽ മുസ്‍ലിംലീഗും ജമാഅത്തെ ഇസ്‍ലാമിയുമാണെന്ന ആരോപണത്തിന് എന്ത് മറുപടി നൽകുമെന്ന് മറ്റു മാധ്യമ പ്രവർത്തകർക്കിടയിൽവെച്ച് ചോദിച്ചെങ്കിലും മറുപടി അർഹിക്കാത്തതെന്ന് ആംഗ്യം കാണിച്ച് സതീശനത് ചിരിച്ചുതള്ളി.

ബോധപൂർവം സൃഷ്ടിച്ച പ്രോപഗണ്ടക്ക് രണ്ടായിരുന്നു ലക്ഷ്യം. ഒന്ന്, സതീശനായുള്ള മുറവിളി സ്വാഭാവികമായുണ്ടാകുന്നതല്ലെന്നും ഓർക്കസ്ട്രേറ്റഡ് ആണെന്നുമുള്ളതിന്റെ ഉദാഹരണമായി കേരള ഹൗസ് സ്വീകരണം രാഹുലിന് മുന്നിൽ അവതരിപ്പിക്കാം. രണ്ട്, സതീശൻ മുസ്‍ലിംലീഗ് നോമിനിയാണെന്ന മാധ്യമപ്രചാരണത്തിലുടെ രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും അസ്വസ്ഥരാക്കി ആ പേര് വെട്ടിക്കാം. വൈകീട്ട് രാഹുലും ഖാർഗെയുമായുള്ള കൂടിക്കാഴ്ചയോടെ എല്ലാം കെ.സിക്ക് അനുകൂലമായി വരുമെന്നായിരുന്നു കൊണ്ടുപിടിച്ച പ്രചാരണം. പക്ഷേ, കൂടിക്കാഴ്ച കഴിഞ്ഞതോടെ സംഭവിച്ചത് മറിച്ചായിരുന്നു. ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണ തനിക്കാണെന്ന കെ.സിയുടെ വാദത്തിനപ്പുറം കേരളത്തിന്റെ ജനവികാരം തനിക്കൊപ്പമാണെന്ന സതീശന്റെ ന്യായം മുഴച്ചുനിന്നു. കണക്കെടുപ്പ് നിഷ്പക്ഷമല്ലെന്ന് നിരീക്ഷകരെക്കുറിച്ചുള്ള പരാതികളും ഹൈകമാൻഡിന് മുന്നിലെത്തി.

മറ്റൊന്നുകൂടി തിരുവനന്തപുരത്ത് സംഭവിച്ചു. കേരളത്തിൽ പ്രചാരത്തിലുള്ള ഡൽഹിയിൽ എഡിഷനില്ലാത്ത ഇംഗ്ലീഷ് പത്രത്തിന്റെ ഫോട്ടോഗ്രാഫർക്ക് മുകുൽ വാസ്നിക് അറിയാത്ത മട്ടിൽ എം.എൽ.എമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ ഒരു പേജിന്റെ ഫോട്ടോ എടുക്കാനുള്ള അവസരമൊരുക്കി. മുമ്പും ഇതേ മോഡസ് ഓപറാണ്ടി മറ്റു സംസ്ഥാനങ്ങളിൽ നിരീക്ഷകന്മാർ പയറ്റിയിട്ടുണ്ട്. വി.ഡി. സതീശനെ പിന്തുണക്കുന്ന ഉദുമ എം.എൽ.എ നാരായണന്റെ അഭിപ്രായം പുറത്തുവന്ന കടലാസിൽ രേഖപ്പെടുത്താതിരുന്നത് നാണക്കേടായി. ചിത്രംതന്നെ തെറ്റാണെന്ന മുകുൽ വാസ്നികിന്റെ വാദം ആരും വിശ്വസിച്ചില്ല.

സോണിയ ഗാന്ധിയുടെ നിർദേശപ്രകാരം പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത താൻ അവർക്ക് നൽകിയ വാക്ക് പാലിച്ച് യു.ഡി.എഫിനെ നയിച്ച് അഞ്ച് കൊല്ലംകൊണ്ട് 102 സീറ്റ് നേടിയെടുത്തതെങ്ങനെയെന്ന് സതീശൻ വിശദീകരിച്ചത് മുഖ്യമന്ത്രി പദത്തിന് തനിക്കാണ് അർഹത എന്ന് സ്ഥാപിക്കാനായിരുന്നു. താൻ മുന്നണിക്കും പാർട്ടിക്കും വേണ്ടി പണിയെടുത്ത അഞ്ച് വർഷവും ഹൈകമാൻഡിലുള്ള സ്വാധീനമുപയോഗിച്ച് കെ.സി. വേണുഗോപാൽ സ്വന്തം ഗ്രൂപ് വളർത്തുകയായിരുന്നുവെന്ന പ്രത്യാക്രമണവും സതീശൻ നടത്തി. കേരളത്തിലേക്ക് അയച്ച നിരീക്ഷകരും ചുമതലയുള്ള ജനറൽ സെക്രട്ടറിയും കാണിച്ച പക്ഷപാതവും രാഹുലിനും ഖാർഗെക്കും മുന്നിെലത്തി. അങ്ങനെയാണ് കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുംമുമ്പ് സ്വന്തം നിലക്ക് കേരളത്തിന്റെ മനസ്സറിയണമെന്ന് രാഹുൽ ഗാന്ധി തീരുമാനിക്കുന്നത്. ഹൈകമാൻഡ് കേരളത്തിലേക്കയച്ച പ്രതിനിധികളുടെ പക്ഷപാതത്തിന്റെ പരാതികൾകൂടിയായതോടെ കേരളത്തിൽനിന്നുള്ള മുതിർന്ന നേതാക്കളുമായി നേരിട്ടൊരു കൂടിയാലോചന രാഹുലിന് അനിവാര്യമായി. തങ്ങൾ തിരുവനന്തപുരത്തേക്ക് അയച്ചവർ നൽകിയ റിപ്പോർട്ടിനുമപ്പുറത്താണ് കേരളത്തിലെ കാര്യങ്ങൾ എന്ന് മൂവരുമായുള്ള കൂടിക്കാഴ്ചയോടെ ഖാർഗെയും രാഹുലും തിരിച്ചറിഞ്ഞു.

കെ.പി.സി.സി വർക്കിങ് പ്രസിഡന്റുമാരും മുൻ പ്രസിഡന്റുമാരും അടക്കമുള്ള മുതിർന്ന നേതാക്കളെ ഡൽഹിയിലേക്ക് വിളിച്ച് കൂടിക്കാഴ്ച നടത്തി. വരാൻ കഴിയാത്തവരുമായി ഫോണിൽ സംസാരിച്ചു. എ.കെ. ആന്റണി, വി.എം. സുധീരൻ, കെ. മുരളീധരൻ എന്നിവരുമായി സംസാരിച്ച് കേരളത്തിന്റെ മനസ്സറിഞ്ഞു. എന്തുകൊണ്ട് ഇവ്വിധമൊരു തർക്കം മുറുകുമെന്നത് രാഹുൽ ഗാന്ധി മുൻകൂട്ടി കണ്ടില്ല എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയാകണമെന്ന അഭിലാഷം പല മാർഗങ്ങളിലൂടെയും കെ.സി. വേണുഗോപാൽ എത്തിച്ചിരുന്നുവെങ്കിലും അത് ഇത്രകണ്ട് സീരിയസാണെന്ന് രാഹുൽ കരുതിയിരുന്നില്ല എന്നാണ് ചില എ.ഐ.സി.സി നേതാക്കൾ നൽകിയ മറുപടി.

എല്ലാവരെയും ചേർത്തുപിടിച്ചുള്ള അനന്തപുരിയിലെ സത്യപ്രതിജ്ഞയോടെ ഇന്ദ്രപ്രസ്ഥത്തിലെ അന്തർനാടകങ്ങൾക്ക് തിരശ്ശീല വീണുവെങ്കിലും അതുണ്ടാക്കിയ പ്രത്യാഘാതങ്ങൾ അവിടംകൊണ്ട് തീർന്നില്ല. വി.ഡി. സതീശനായുള്ള കേരളത്തിന്റെ മുറവിളി ‘ഓർഗാനിക് അല്ലെന്നും ഓർക്കസ്ട്രേറ്റഡ് ആണെന്നും’ വരുത്തിത്തീർക്കാൻ ഏതാനും ഗ്രൂപ് നേതാക്കളും മാധ്യമങ്ങളും നടത്തിയ ലീഗ് വിരുദ്ധ പ്രോപഗണ്ട ബി.ജെ.പിയും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും കോൺഗ്രസിനെ അടിക്കാനുള്ള വടിയായി ഏറ്റെടുത്തു. 10 വർഷം മുമ്പ് ഉണ്ടായിരുന്നതിൽ കൂടുതലൊന്നും ലീഗ് ചോദിച്ചിട്ടില്ലെന്ന വസ്തുതകൾ മറച്ചുവെച്ച് പ്രധാന വകുപ്പുകൾ ലീഗിന് അടിയറവ് വെക്കുന്നുവെന്നാണ് വ്യാജ പ്രചാരണം. വി.ഡി. സതീശനോടുള്ള വിരോധം തീർക്കാൻ അടുത്ത അഞ്ചുവർഷത്തേക്ക് ഹിന്ദുത്വ രാഷ്ട്രീയത്തിന് താമരകൃഷിക്കുള്ള കുളമൊരുക്കുകയാണിവർ അറിഞ്ഞോ അറിയാതെയോ ചെയ്തിരിക്കുന്നത്. രണ്ടാംതരം പൗരരെപ്പോലെയല്ലാതെ മുസ്‍ലിം ന്യൂനപക്ഷവും, മതവിവേചനമനുഭവിക്കാതെ ക്രൈസ്തവ ന്യൂനപക്ഷവും അല്ലലില്ലാതെ കഴിയുന്ന രാജ്യത്തെ അവസാന തുരുത്താണ് ഈ കുളം കലക്കലിൽ വിദ്വേഷ രാഷ്ട്രീയത്തിന്റെ ചളിയിലമരുന്നത്.

Tags:    
News Summary - Inside plays in Indraprastha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.