ഒന്നരപ്പതിറ്റാണ്ടിന്റെ ഇടവേളക്കുശേഷം സെൻസസിന്റെ ആദ്യഘട്ടത്തിലേക്ക് രാജ്യം കടന്നതിനിടയിൽ മറ്റൊരു കണക്കെടുപ്പിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരക്കിട്ട് തുടക്കമിട്ടിരിക്കുന്നു. അനധികൃത കുടിയേറ്റവും മറ്റു ‘അസാധാരണ കാരണങ്ങളും’ വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ജനസംഖ്യാ വ്യതിയാനത്തിന്റെ കണക്കെടുപ്പാണ് ധിറുതിപിടിച്ച് നടത്തുന്നത്. അനധികൃത കുടിയേറ്റത്താലോ മറ്റെന്തെങ്കിലും കാരണങ്ങളാലോ രാജ്യത്തുണ്ടായ ജനസംഖ്യാ മാറ്റവും അതിനുള്ള കാരണവും ശാസ്‍ത്രീയമായി പഠിച്ച് അവ തടയുന്നതിന് ഉചിതമായ നയ, നിയമ, ഭരണ നടപടികൾ ശിപാർശ ചെയ്യാൻ ജസ്റ്റിസ് പ്രകാശ് പ്രഭാകർ നവ്ലേക്കർ എന്ന റിട്ടയേഡ് ജഡ്ജി അധ്യക്ഷനായ ഉന്നതാധികാര സമിതിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നിയമവിരുദ്ധ കുടിയേറ്റക്കാരെ നിയമപരവും നീതിപൂർവകവുമായ രീതിയിൽ സമയബന്ധിതമായി തിരിച്ചറിഞ്ഞ് തടങ്കലിലാക്കി നാടുകടത്താനുള്ള സുസംഘടിതമായ സ്ഥിരം സംവിധാനം നിർദേശിക്കാനും സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജനസംഖ്യാ വ്യതിയാനം എന്ന പ്രശ്നം രാജ്യത്തിന്റെ പരമാധികാരവുമായി മാത്രം ബന്ധപ്പെട്ടതല്ലെന്നും മറിച്ച് ദേശസുരക്ഷ, ക്രമസമാധാനം, സാമൂഹികഘടനയിൽ അതുണ്ടാക്കുന്ന മാറ്റങ്ങൾ, ഗോത്ര സമൂഹങ്ങളുടെ സംരക്ഷണം എന്നിവയുമായി കൂടി ബന്ധപ്പെട്ടതാണെന്നുമാണ് ഉത്തരവിറക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിശദീകരണം. മത സാമൂഹിക വിഭാഗങ്ങൾക്കിടയിൽ അസാധാരണ ജനസംഖ്യാ മാറ്റങ്ങളുടെ പാറ്റേൺ പഠിച്ച് സമയബന്ധിതവും ആസൂത്രിതവുമായ പരിഹാര മാർഗം നിർദേശിക്കാനും സമിതിയോട് ആവശ്യപ്പെട്ടതായും ആഭ്യന്തര മന്ത്രി വ്യക്തമാക്കുന്നു.
രാജ്യത്തെ ജനസംഖ്യാ വ്യതിയാനം പഠിക്കുമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിന പ്രഖ്യാപനമായിരുന്നു. അതിനായി മേയ് 26ന് നിലവിൽവന്ന ഉന്നതാധികാര സമിതി ഒരാഴ്ചയായപ്പോഴേക്കും ആദ്യ യോഗം ചേർന്നു. പിന്നാലെ അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സമിതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ നിർദേശം നൽകി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഇന്റലിജൻസ് ബ്യൂറോ(ഐ.ബി) മേധാവി തപൻ കുമാർ ഡെക, രജിസ്ട്രാർ ജനറലും സെൻസസ് കമീഷണറുമായ മൃത്യുഞ്ജയ് കുമാർ നാരായണ, അഡീഷനൽ സെക്രട്ടറി നീലേഷ് കുമാർ വ്യാസ് തുടങ്ങി നിരവധി ഉന്നത ഉദ്യോഗസ്ഥർ ഈ യോഗത്തിലിരുന്നു.
മോദി പ്രഖ്യാപിച്ച ഈ ‘ഹൈപവേഡ് ഡെമോഗ്രഫി മിഷൻ’ വിജയകരമായി നടപ്പാക്കുന്നതിനുള്ള കൂടിയാലോചനകൾക്കായി ജസ്റ്റിസ് പ്രകാശ് പ്രഭാകർ നവ്ലേക്കർ, സെൻസസ് കമീഷണർ മൃത്യുഞ്ജയ കുമാർ നാരായൺ തുടങ്ങിയവരടങ്ങുന്ന ഉന്നതതല സമിതി ഈ മാസം ഒന്നിന് അമിത് ഷായുടെ വസതിയിലെത്തി അദ്ദേഹത്തെ വീണ്ടും കണ്ടു. ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സംസ്ഥാന ഗവൺമെന്റുകളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങളിൽനിന്നും നേരിട്ട് ശേഖരിക്കുന്നതിന് വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സന്ദർശിക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്ന് സമിതി കേന്ദ്ര ആഭ്യന്തര മന്ത്രിയെ അറിയിച്ചു. വിവിധ കേന്ദ്ര മന്ത്രാലയങ്ങളുമായി സംവദിക്കാനും പദ്ധതിയിടുന്നുവെന്നും സന്ദർശനങ്ങൾ കൂടുതൽ അർഥവത്തും ഫലപ്രദവുമാക്കുന്നതിന് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുള്ള പ്രസക്തമായ വിവരങ്ങൾ മുൻകൂട്ടി സ്വീകരിക്കുന്നതിന് വിശദമായ ഒരു ചോദ്യാവലി തയാറാക്കിയിട്ടുണ്ടെന്നും ഉന്നതതല സമിതി അറിയിച്ചു. കർമപരിപാടിയെ ശ്ലാഘിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി സമിതിയുടെ ദൈനംദിന പ്രവർത്തനങ്ങളിലും വിവിധ സ്ഥലങ്ങൾ സന്ദർശിക്കുമ്പോഴും ആവശ്യമായ എല്ലാ പിന്തുണയും നൽകണമെന്ന് ആഭ്യന്തര സെക്രട്ടറിയോട് നിർദേശിച്ചു. പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കി ശിപാർശകൾ സമർപ്പിക്കണമെന്ന് അമിത് ഷാ സമിതിയോടും നിർദേശിച്ചു.
ഇത്തരമൊരു പഠനത്തിന് കേന്ദ്ര സർക്കാർ തിരഞ്ഞെടുത്ത സമയം പ്രധാനമാണ്. സെൻസസിന്റെ ആദ്യഘട്ടമായി വീടുകളെണ്ണിത്തുടങ്ങിയിട്ടേയുള്ളൂ. രണ്ടാം ഘട്ടത്തിൽ ജനങ്ങളുടെ തലയെണ്ണാനുള്ള മാർഗ നിർദേശങ്ങൾ ഇതുവരെയും തയാറാക്കിയിട്ടില്ല. ആരെയൊക്കെ എങ്ങനെയെല്ലാം എണ്ണുമെന്ന് ഈ മാർഗനിർദേശങ്ങൾ ഇറങ്ങുമ്പോൾ മാത്രമാണറിയുക. 13 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും എസ്.ഐ.ആർ പൂർത്തിയാക്കി തെരഞ്ഞെടുപ്പ് കമീഷൻ വെട്ടിമാറ്റിയ ആറുകോടി മനുഷ്യർ പുറത്തുനിൽക്കുകയാണ്. സർക്കാറിന്റെ സകല ക്ഷേമ പദ്ധതികളിൽനിന്നും ആനുകൂല്യങ്ങളിൽനിന്നും മാറ്റിനിർത്തി അവരുടെ അസ്ഥിത്വവും അതിജീവനവും അനിശ്ചിതത്വത്തിലായതിനിടയിലാണ് ആഭ്യന്തര മന്ത്രാലയം ജനസംഖ്യാ വ്യതിയാനത്തിന്റെ കണക്കെടുപ്പിന് സമിതിയെ രംഗത്തിറക്കുന്നത്. ജൂൺ രണ്ടിന് ചേർന്ന ആദ്യയോഗത്തിൽ എസ്.ഐ.ആറിലൂടെ വോട്ടുവെട്ടിയവരുടെ കാര്യം കൂടി പഠനവിധേയമാക്കാൻ സമിതി തീരുമാനിച്ചിട്ടുമുണ്ട്.
നിയമവിരുദ്ധ കുടിയേറ്റം മൂലം അതിർത്തി സംസ്ഥാനങ്ങളിൽ ബി.ജെ.പി ആരോപിക്കുന്ന ജനസംഖ്യാ വ്യതിയാനം പഠിക്കാനായിരിക്കും സമിതിയെന്നാണ് പലരും കരുതിയതെങ്കിലും പരിഗണനാ വിഷയങ്ങൾ കേന്ദ്രത്തിന്റെ അജണ്ട അതിനുമപ്പുറത്താണെന്ന് വ്യക്തമാക്കുന്നുണ്ട്. അന്യരാജ്യക്കാരുടെ അനധികൃത കുടിയേറ്റം മാത്രമല്ല, കേന്ദ്രത്തിന് അസ്വാഭാവികമായി തോന്നുന്ന വിവിധ മത സാമൂഹിക വിഭാഗങ്ങളുടെ രാജ്യത്തിനകത്തുള്ള കുടിയേറ്റവും ഉന്നതാധികാര സമിതി പഠന വിധേയമാക്കും. സമിതിയുടെ പരിഗണനാ വിഷയങ്ങൾക്ക് ഇത്തരത്തിൽ വിപുലമായ മാനം നൽകിയതോടെ അനധികൃത കുടിയേറ്റക്കാർ അധിവസിക്കുന്ന അതിർത്തി മേഖലകൾ മാത്രമല്ല, അസ്വാഭാവികമായ കുടിയേറ്റ പ്രവണതകളുണ്ടെന്ന് കേന്ദ്ര സർക്കാറിന് തോന്നുന്ന ഏതൊരു ആവാസ മേഖലയും സമിതിയുടെ പരിശോധനക്ക് വിധേയമാകും. അവിടെയൊക്കെയും ജനസംഖ്യാ സ്ഥിരത ഉറപ്പുവരുത്താൻ ഉചിതമായ പരിഹാരത്തിനുള്ള ശിപാർശകളും സമിതി സമർപ്പിക്കും. മത സാമൂഹിക വിഭാഗങ്ങൾക്കിടയിലുള്ള ജനസംഖ്യാ വ്യതിയാനം പരിശോധിക്കുമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ വാക്കുകളിൽ നിന്ന് അജണ്ട കുറെ വ്യക്തമാവുകയാണ്. മത ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കമാണെന്ന ആശങ്ക പലരും പ്രകടിപ്പിക്കുന്നത് അതു കൊണ്ടാണ്. രാജ്യത്ത് അസ്വാഭാവികമായ ജനസംഖ്യാ വ്യതിയാനമുണ്ടെന്ന സംഘ്പരിവാർ പ്രചാരണത്തിന് അടിവരയിടാനുള്ള ഒരു പഠന റിപ്പോർട്ട് മാത്രമല്ല, ഉന്നംവെക്കുന്നവരെ എങ്ങനെ നേരിടണമെന്ന പ്രായോഗിക നിർദേശങ്ങൾ കൂടിയാണ് ആഭ്യന്തര മന്ത്രാലയം തേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.