അഭിനന്ദനം, ബിഹാറിലെ രക്ഷിതാക്കള്‍ക്ക്!


മുമ്പൊരിക്കല്‍ ടെക്സ്റ്റ് ബുക്ക് നോക്കി പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥികളെ അനുവദിച്ചതിന്‍െറ പേരില്‍ ചരിത്രം സൃഷ്ടിച്ച ബിഹാര്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ലോക ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നതും തത്തുല്യമോ അതിനേക്കാള്‍ ലജ്ജാകരമോ ആയ ദൃശ്യം സമ്മാനിച്ചുകൊണ്ടാണ്. ഹാജിപൂരിലെ ഒരു സെക്കന്‍ഡറി സ്കൂളില്‍ പത്താം ക്ളാസ് പരീക്ഷ എഴുതുന്ന കുട്ടികളെ നാലുനില കെട്ടിടത്തിന്‍െറ ജാലകങ്ങള്‍ക്ക് പുറത്ത് കയറിപ്പറ്റിയ രക്ഷിതാക്കളും ബന്ധുക്കളും ഉത്തരമെഴുതിക്കൊടുത്തു സഹായിക്കുന്ന അന്യാദൃശ്യ കാഴ്ച! പി.ടി.ഐ ഫോട്ടോഗ്രാഫര്‍ ക്യാമറയില്‍ പകര്‍ത്തിയ പടം ലോക മാധ്യമങ്ങളിലൂടെ ആഗോളതലത്തില്‍ കൗതുക കാഴ്ചയും വാര്‍ത്തയും ആയപ്പോള്‍ നാണംകെട്ട ബിഹാര്‍ സര്‍ക്കാര്‍ സംസ്ഥാനത്തൊട്ടാകെ 600 വിദ്യാര്‍ഥികളെ കോപ്പിയടിക്ക് പുറത്താക്കി മാനം രക്ഷിക്കാന്‍ ദുര്‍ബല ശ്രമം നടത്തിയിരിക്കുന്നു. ഇരുട്ട്കൊണ്ട് ഓട്ടയടക്കാനുള്ള ഈ നടപടി തീര്‍ത്തും വിഫലമാണെന്ന് പറയാതെ വയ്യ. പത്താം ക്ളാസ് പരീക്ഷ എഴുതുന്ന 14 ലക്ഷം വിദ്യാര്‍ഥികളെ അനുഗമിക്കുന്ന 60 ലക്ഷം രക്ഷിതാക്കളെ പിടികൂടുക എളുപ്പമല്ളെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പി.കെ. ഷാഹി പറഞ്ഞുകഴിഞ്ഞു. പരീക്ഷാ ഹാളില്‍ വിന്യസിച്ച പൊലീസുകാര്‍ കാണാതെയും അറിയാതെയുമല്ല ഈ കൂട്ടകോപ്പിയടി. അവര്‍ക്ക് കൈമടക്കിയാല്‍ പിന്നെ ഒന്നും പേടിക്കാനില്ളെന്ന് രക്ഷിതാക്കള്‍ക്കറിയാം.

രക്ഷിതാക്കള്‍ക്കുമുണ്ട് അവരുടേതായ ന്യായം. സര്‍ക്കാര്‍ അധ്യാപകര്‍ സ്കൂളില്‍ ഒന്നും പഠിപ്പിക്കുന്നില്ല. മിക്കപ്പോഴും അവര്‍ സ്കൂളില്‍ വരാറുമില്ല. അതിനാല്‍ ഇത്തരം സഹായം കുട്ടികള്‍ക്ക് നല്‍കിയേ പറ്റു. ഈ ന്യായം മുടന്തനാണെന്ന് വിധിയെഴുതാന്‍ വരട്ടെ. നമ്മുടെ പ്രബുദ്ധ സാക്ഷര കേരളത്തില്‍പോലും എത്ര സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകര്‍ കൃത്യമായി സ്കൂളില്‍ ഹാജരാവുകയും തൃപ്തികരമായി ജോലി നിര്‍വഹിക്കുകയും ചെയ്യുന്നുണ്ട്? ബിഹാറിനോളം വഷളായില്ളെങ്കിലും കോപ്പിയടി കേരളത്തില്‍ നടക്കുന്നില്ളെന്ന് പറയാനൊക്കുമോ? ഉത്തരക്കടലാസില്‍ വല്ലതും കുത്തിവരച്ചാല്‍ മാര്‍ക്കിടണമെന്ന ശാസന സര്‍ക്കാറിന്‍േറതല്ളേ? മോഡറേഷന്‍ എന്ന പേരില്‍ വാരിക്കോരി നല്‍കുന്ന മാര്‍ക്ക് ദാനമല്ളേ 100 ശതമാനം വിജയത്തിന്നാധാരം? ആള്‍ പ്രമോഷന്‍ സമ്പ്രദായം വിദ്യാര്‍ഥികളുടെ നിലവാരം തകര്‍ക്കുന്നതില്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ടെന്ന അധ്യാപകരുടെ പരാതിക്ക് ഏറെ പഴക്കമുണ്ട്. എന്നിട്ടും സാമ്പത്തിക ലാഭം നോക്കി സര്‍ക്കാര്‍ അതവസാനിപ്പിക്കാന്‍ തയാറില്ല. ഇങ്ങനെ പഠിച്ചു പാസായി ബി.എഡ് കഴിഞ്ഞവര്‍ അധ്യാപകരായി വരുമ്പോള്‍ അവരുടെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ നിലവാരം വീണ്ടും മോശമാവുന്നു. SET, NET പരീക്ഷകളില്‍ നമ്മുടെ അധ്യാപനാര്‍ഥികള്‍ കൂട്ടത്തോടെ ദയനീയമായി തോല്‍ക്കുന്നത് വെറുതെയാണോ? ലോകത്തിലെ നിലവാരമുള്ള 200 യൂനിവേഴ്സിറ്റികളില്‍ ഒന്നുപോലും ഇന്ത്യയിലല്ളെന്നും അധ്യാപകരുടെ നിലവാരത്തകര്‍ച്ചയാണ് മുഖ്യ കാരണമെന്നും കഴിഞ്ഞ വര്‍ഷം കാസര്‍കോട്ട് വെച്ച് ഓര്‍മിപ്പിച്ചത് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി.

അഴിമതിയും കൃത്യവിലോപവും കെടുകാര്യസ്ഥതയും ദേശീയ ജീവിതത്തെയാസകലം ഗ്രസിച്ചിരിക്കെ, വിദ്യാഭ്യാസരംഗം മാത്രം അതിന്നപവാദമാവുകയോ ബിഹാര്‍ മാത്രം പ്രതിക്കൂട്ടിലാവുകയോ ചെയ്യേണ്ട കാര്യമില്ല. സ്കൂള്‍ കെട്ടിടത്തിന്‍െറ നാലാംനിലയോളം സാഹസപ്പെട്ട് കയറിപ്പറ്റിയ രക്ഷിതാക്കള്‍ ഒരു കണക്കിന് അഭിനന്ദനമല്ളേ അര്‍ഹിക്കുന്നത് എന്നും തോന്നിപ്പോവുന്നു. കുട്ടികള്‍ എങ്ങനെയെങ്കിലും പാസാവണമെന്ന അതിയായ ആഗ്രഹമായിരിക്കണമല്ളോ അവരെ ഈ സാഹസത്തിന് പ്രേരിപ്പിച്ചിരിക്കുക!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.