ബഹിരാകാശ പര്യവേക്ഷണത്തിൽ ഏതാനും വർഷങ്ങളായി ചൈനയുടെ ആധിപത്യമാണെന്ന് പറയാം. ചാന്ദ്ര ദൗത്യങ്ങളിൽ ബഹൂദൂരം മുന്നോട്ടുപോയ ചൈന, സ്വന്തമായി ഒരു ബഹിരാകാശ നിലയം എന്ന സ്വപ്നത്തിനും അടുത്തെത്തിയിരിക്കുന്നു. ഒരുപക്ഷെ, നാസയുടെ ആർട്ടിമിസ് ദൗത്യത്തിലൂടെ ഒരിക്കൽകൂടി മനുഷ്യൻ ചന്ദ്രനിലെത്തുംമുമ്പേ, ചൈന അവിടെ ആളെ ഇറക്കാൻപോലും സാധ്യത കൽപിക്കപ്പെടുന്നുണ്ട്. അത്രക്കുമുണ്ട് ചൈനയുടെ മുന്നേറ്റം. ഇപ്പോഴിതാ, അക്കൂട്ടത്തിലേക്ക് പുതിയൊരു ദൗത്യംകൂടി: തിയാൻവെൻ-2 എന്നാണ് പേര്. ചൈനയുടെ വിഖ്യതമായ ലോങ് മാർച്ച് റോക്കറ്റിൽ തിയാൻ വെൻ കുതിച്ചുയരുക പുതിയ ചരിത്രത്തിലേക്കാകും.
ഭൂമിക്കടുത്തായി കാമോവലേവ (469219 കാമോവലേവ) എന്നൊരു ഛിന്നഗ്രഹമുണ്ട്. ഒരു വർഷംകൊണ്ട് സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഈ ഛിന്നഗ്രഹത്തിന് പരമാവധി നൂറ് മീറ്ററാണ് നീളം. ഇതിനെ ഭൂമിയുടെ ‘പാതി ഉപഗ്രഹം’ എന്നും വിശേഷിപ്പിക്കാം. കാരണം, സൗരപ്രദക്ഷിണത്തിനിടയിൽ ഓരോ 45 വർഷംകൂടുംതോറും ഇതു ഭൂമിയെയും ഒന്നു വലംവെക്കും. 2016ൽ മാത്രം കണ്ടുപിടിക്കപ്പെട്ട ഈ ഛിന്നഗ്രഹത്തിന്റെ രഹസ്യങ്ങൾ തേടിയാണ് തിയാൻവെൻ-2 ഇന്ന് യാത്രതിരിക്കുന്നത്. ദൗത്യം വിജയിച്ചാൽ യു.എസിനും ജപ്പാനുംശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ രാജ്യമാകും ചൈന.
2016ൽ, നാസയുടെ ഒസിരിസ് റെക്സ് എന്ന ഛിന്നഗ്രഹത്തിലേക്ക് റോബോട്ടിക് വാഹനത്തെ അയച്ചിരുന്നു. അവിടെ ജലസാന്നിധ്യവും സ്ഥിരീകരിച്ചു. ഭൂമിയിൽനിന്ന് ഏതാണ്ട് 12ലക്ഷം കിലോമീറ്റർ മാറിയുള്ള കാമോവലേവയിലും സമാനമായ പരീക്ഷണങ്ങൾക്കാണ് ചൈനയും തയാറെടുക്കുന്നത്. അതോടൊപ്പം, ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിൽനിന്ന് കല്ലും പാറയുമെല്ലാം ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുകയും ചെയ്യും. ഇതുവഴി, സൗരയൂഥത്തിന്റെ ഉൽപത്തിയെയും വികാസത്തെയും കുറിച്ചുള്ള നിർണായകമായ വിവരങ്ങൾ ലഭിക്കുമെന്നും ശാസ്ത്രലോകം പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.