സംഘര്‍ഷാത്മക നയതന്ത്രം

ഉള്ളതു പറയണം. തുടക്കം ഗംഭീരമായിരുന്നു. ഏഴു പതിറ്റാണ്ട് ഇന്ത്യ ഭരിച്ചവര്‍ക്ക് കഴിയാതെപോയ നേട്ടമെന്നും പറയാം. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ പങ്കെടുക്കാന്‍ സൗഹാര്‍ദത്തിന്‍െറ ഊഷ്മളതയുമായി അയല്‍പക്കത്തെ നേതാക്കള്‍ റെയ്സിന കുന്നിലത്തെി. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫായിരുന്നു അതില്‍ പ്രധാനി. വിഭജനം മുതല്‍ സംഘര്‍ഷത്തിന്‍െറ കാര്‍മേഘപാളികളാണ് എക്കാലവും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍. എങ്കിലും പുതിയ അധികാരികളുടെ ക്ഷണം മാനിച്ച് നവാസ് ശരീഫ് എത്തി. അങ്ങനെ നയതന്ത്ര വിജയത്തിന്‍െറ ലഹരികൂടി ആസ്വദിച്ചാണ് നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തത്. 
പിന്നെയും നമ്മള്‍ കണ്ടു. ചൈനയുടെ പ്രസിഡന്‍റ് ഡല്‍ഹിക്കുംമുമ്പേ മോദിയുടെ ജന്മനാട്ടില്‍ പറന്നിറങ്ങുന്നു. രണ്ടുപേരും ഒന്നിച്ചുള്ള തൊട്ടിലാട്ട കാഴ്ചകള്‍. അമേരിക്കന്‍ പ്രസിഡന്‍റ് വരുന്നു. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിന്‍െറ പൂമുഖത്തും അകത്തും അടുപ്പത്തിന്‍െറ അധികാരത്തോടെ ഒബാമയെ മോദി ‘ബറാക്’ എന്നു വിളിച്ചു. ചായ പകര്‍ന്നു കൊടുത്തു. ചുരുങ്ങിയ സമയംകൊണ്ട് മോദി പരമാവധി രാജ്യങ്ങളിലേക്ക് വിരുന്നുപോയി. എവിടെയും പതിവില്ലാത്ത ആഘോഷപ്പൊലിമ. നയതന്ത്രതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ മേല്‍ക്കുമേല്‍ വളരുന്നുവെന്ന പ്രതിച്ഛായ. നയതന്ത്ര മാമൂലുകള്‍ വിട്ട ‘ഒൗട്ട് ഓഫ് ബോക്സ്’ നയതന്ത്രമെന്നാണ് അതിനെ വിദഗ്ധര്‍ വിശേഷിപ്പിച്ചത്.  
മോദിസര്‍ക്കാര്‍ പാതിവഴി പിന്നിടുന്ന ഘട്ടത്തില്‍ പക്ഷേ, നയതന്ത്രപ്പെരുമ കീഴ്മേല്‍ മറിഞ്ഞു. ‘അച്ഛാദിന്‍’ മരുപ്പച്ചയാണെന്ന വികാരം ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ ക്യൂ നിന്നു ശപിക്കുന്നവര്‍ക്ക് മാത്രമല്ല ഉള്ളത്. നയതന്ത്രത്തില്‍ അങ്ങിങ്ങു മുളപൊട്ടിയ ചില പുതുനാമ്പുകള്‍ അഴുകിത്തുടങ്ങി. പല രാജ്യങ്ങളുമായുള്ള ബന്ധം മോശമായി. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ നയതന്ത്ര പ്രതിച്ഛായ ഇടിഞ്ഞു. മോദിയുടെ സത്യപ്രതിജ്ഞക്ക് എത്തിയ അയല്‍പക്ക രാജ്യങ്ങളുടെ നേതാക്കള്‍ ഉള്‍പ്പെട്ട സാര്‍ക്കിന്‍െറ കൂട്ടായ്മ ഇനി എന്നാണ് പഴയ സൗഹൃദം പുന$സ്ഥാപിക്കുക എന്ന് വ്യക്തമല്ല. ഇന്ത്യ പെരുമയായി കൊണ്ടുനടന്ന ചേരിചേരാ പ്രസ്ഥാനത്തിലെ അവിശ്വാസ കഥാപാത്രമായി ഇന്ത്യ മാറി. ഐക്യരാഷ്ട്രസഭ വേദിയില്‍ രാജ്യത്തെ നാണംകെടുത്തുന്ന വിധം കശ്മീരിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നു. 
അമേരിക്ക വിസ നിഷേധിച്ചുവന്ന നരേന്ദ്ര മോദിയെ സന്ദര്‍ഭോചിതം മറക്കുക. അമേരിക്കയിലേക്ക് ചാഞ്ഞുകിടന്ന മന്‍മോഹന്‍ സിങ് സര്‍ക്കാറിനെ ബി.ജെ.പി നിശിതമായി വിമര്‍ശിച്ചുപോന്നതും വിട്ടേക്കുക. അപൂര്‍വം സഖ്യരാജ്യങ്ങള്‍ക്ക് അമേരിക്ക അനുവദിച്ചുകൊടുത്തിട്ടുള്ള തന്ത്രപരപങ്കാളിത്ത പദവിയിലേക്ക് രണ്ടര വര്‍ഷത്തിനിടയില്‍ ഇന്ത്യ നടന്നടുത്തിട്ടുണ്ട്. പ്രതിരോധ ബന്ധങ്ങളിലെ സൗഹൃദവും വിധേയത്വവുമാണ് ആ പദവിയുടെ കാതല്‍. ഇവിടത്തെ സൈനിക താവളങ്ങളിലേക്ക് ആവശ്യമെങ്കില്‍ അടുക്കാനും സജ്ജീകരണങ്ങള്‍ പ്രയോജനപ്പെടുത്താനും അമേരിക്കന്‍ പടക്കപ്പലുകള്‍ക്കും പോര്‍വിമാനങ്ങള്‍ക്കും കരസേനക്കും വാതില്‍ തുറന്നുവെച്ചുകഴിഞ്ഞു. ഒബാമ അധികാരം വിട്ടൊഴിയുന്നതിനു മുമ്പ് പങ്കാളിത്ത കരാറിന് അമേരിക്കന്‍ കോണ്‍ഗ്രസിന്‍െറയും സെനറ്റിന്‍െറയും അംഗീകാരം നേടാന്‍ പാകത്തില്‍ ചര്‍ച്ചകള്‍ മുഴുമിപ്പിച്ചാണ് അടുത്തിടെ പ്രതിരോധ സെക്രട്ടറി ആഷ്ടന്‍ കാര്‍ട്ടര്‍ ഡല്‍ഹിയില്‍നിന്ന് മടങ്ങിയത്. 
അമേരിക്കയും ഇസ്രായേലുമായി ചങ്ങാത്തം വര്‍ധിക്കുമ്പോള്‍ ചൈനക്കു മാത്രമല്ല, പരമ്പരാഗത സുഹൃത്തായ റഷ്യക്കും അസ്വസ്ഥതയുണ്ട്. ആയുധവും അണുനിലയവുമൊക്കെ വില്‍ക്കാനുള്ള നല്ല വിപണിയായി ഇന്ത്യയെ കാണുന്ന അമേരിക്കന്‍ രീതിയില്‍നിന്ന് ഭിന്നമായി, ആപത്തുകാലത്ത് ഓടിയത്തെിയ ചരിത്രമുള്ളവരാണ് പഴയ സോവിയറ്റ് യൂനിയന്‍. ആ ബന്ധത്തിന്‍െറ ശേഷിപ്പുകള്‍ ഇന്ത്യയുമായുള്ള ബന്ധത്തില്‍ ഇന്നും ബാക്കിയുണ്ടെന്ന് റഷ്യ വിശ്വസിക്കുന്നുണ്ട്. അതനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ, കേന്ദ്രസര്‍ക്കാര്‍ ആ കടപ്പാടുകള്‍ മറന്ന മട്ടാണ്. എന്നിട്ടും കൊതിക്കുന്നതൊന്നും നേടിത്തരാന്‍ അമേരിക്ക മെനക്കെടുന്നില്ല; അഥവാ വിചാരിച്ചിട്ടും സാധിക്കുന്നില്ല. യു.എന്‍ രക്ഷാസമിതി അംഗത്വം, ആണവ രാജ്യങ്ങളുടെ കൂട്ടായ്മയായ എന്‍.എസ്.ജിയില്‍ അംഗത്വം എന്നിവ ഉദാഹരണങ്ങള്‍. ദക്ഷിണ ചൈനാ കടല്‍ വിഷയത്തില്‍ അമേരിക്കന്‍ പക്ഷത്തേക്കു ചാഞ്ഞുകിടന്നത് ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തിന് ഇടങ്കോലിടാന്‍ ചൈനയെ കൂടുതല്‍ പ്രേരിപ്പിച്ചു.  പരമ്പരാഗത ബന്ധുക്കളായ നേപ്പാള്‍, അടുത്തകാലത്ത് ഭരണമാറ്റം ഉണ്ടാവുന്നതുവരെ ഇന്ത്യയെ വിട്ട് ചൈനയോട് അടുക്കാന്‍ പിന്നാമ്പുറ നീക്കങ്ങള്‍ നടത്തിയത് ഉപകഥ. 
ഒരു കൊല്ലം മുമ്പത്തെ ക്രിസ്മസ് ദിനത്തിലാണ് മോദി ഇന്ത്യയെയും പാകിസ്താനെയും ലോകത്തെതന്നെയും അമ്പരപ്പിച്ചത്. അഫ്ഗാനിസ്താനിലേക്ക് യാത്ര പോയതായിരുന്നു അദ്ദേഹം. ഡല്‍ഹിയിലേക്ക് മടങ്ങുന്ന വഴി ലാഹോറില്‍ ഇറങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ചത് പൊടുന്നനെയാണ്. നവാസ് ശരീഫിന്‍െറ ചെറുമകളുടെ വിവാഹം. അതിന് ആശംസ അറിയിക്കാന്‍ പ്രധാനമന്ത്രി ലാഹോറില്‍ ഇറങ്ങി. രണ്ടു മണിക്കൂര്‍ നേരം ലാഹോറില്‍ ചെലവിട്ട് മടങ്ങിയ അത്യപൂര്‍വ സംഭവം നയതന്ത്രത്തിന്‍െറ പരമ്പരാഗത രീതികളെല്ലാം തെറ്റിച്ചു. ബദ്ധവൈരികള്‍ കെട്ടിപ്പിടിച്ച അതിശയത്തിനു മുന്നില്‍ ജനതകള്‍ മൂക്കത്തു വിരല്‍വെച്ചു. സമാധാന സംഭാഷണങ്ങള്‍ വീണ്ടും തുടങ്ങാന്‍ അതിനു മുമ്പേ ഇന്ത്യയും പാകിസ്താനും തീരുമാനിച്ചുകഴിഞ്ഞിരുന്നു. ഇപ്പോള്‍ ഇരുരാജ്യങ്ങളും എവിടെ എത്തിനില്‍ക്കുന്നു?  
വെടിയൊച്ചകള്‍ അല്‍പം കുറഞ്ഞിട്ടുണ്ടാവാം. എന്നാല്‍, അതിര്‍ത്തി സംഘര്‍ഷഭരിതംതന്നെ. അതിര്‍ത്തി മേഖലയില്‍നിന്ന് സൈനികരുടെ ശവപേടകങ്ങള്‍ എത്രയോവട്ടം ഇതിനിടയില്‍ രണ്ടിടത്തേക്കും പോയി. അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്ന് നാട്ടുകാര്‍ ജീവഭയംകൊണ്ട് പലായനം ചെയ്തു. മാസങ്ങളുടെ വ്യത്യാസത്തില്‍ മൂന്നു സൈനികകേന്ദ്രങ്ങളിലാണ് ഭീകരര്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ജീവഹാനിയുണ്ടാക്കിയ ആക്രമണം നടത്തിയത്. പട്ടാളത്തിന്‍െറ നിയന്ത്രണത്തില്‍നിന്ന് കുതറാനോ, ഭീകരര്‍ക്കു മേല്‍ പിടിമുറുക്കാനോ പാകിസ്താനിലെ ജനാധിപത്യ അധികാര കേന്ദ്രങ്ങള്‍ക്ക് കഴിയില്ളെന്ന യാഥാര്‍ഥ്യമാണ് മോദിയെയും ഇന്ത്യയെയും തുറിച്ചുനോക്കുന്നത്. 
പത്താന്‍കോട്ട് വ്യോമസേന കേന്ദ്രത്തിലായിരുന്നു ആദ്യത്തെ ഭീകരാക്രമണം. അതിന്‍െറ അന്വേഷണ പുരോഗതിയെച്ചൊല്ലിയുള്ള തര്‍ക്കങ്ങളിലൂടെ  ഇന്ത്യക്കും പാകിസ്താനും മുകളില്‍ കാലുഷ്യത്തിന്‍െറ കാര്‍മേഘങ്ങള്‍ പിന്നെയും ഉരുണ്ടുകൂടിത്തുടങ്ങി. അതിനിടയിലാണ് കശ്മീരിലെ കലക്കം. അത് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചു പരാജയപ്പെട്ട ആഴ്ചകള്‍ കടന്നുപോയപ്പോള്‍, പാകിസ്താനു മുന്നില്‍ ഇന്ത്യക്കെതിരായ ആയുധം വീണുകിട്ടുകയായിരുന്നു. മനുഷ്യാവകാശവും ഭൂമിയുടെ അവകാശവും ഒരുപോലെ ഉന്നയിക്കപ്പെട്ട യു.എന്‍ വേദിയില്‍ തീ പാറി.  അതിനു പിന്നാലെയാണ് ഉറിയിലെ ഭീകരാക്രമണം. അതിന് മിന്നലാക്രമണംകൊണ്ടാണ് സൈന്യം പകരം ചോദിച്ചത്. അതിന്‍െറ നേട്ടത്തെക്കാള്‍, മിന്നലാക്രമണത്തിന്‍െറ വീരസ്യങ്ങളാണ് ഉയര്‍ന്നുകേട്ടത്. എന്നാല്‍, അത്തരത്തിലൊന്ന് നടന്നിട്ടില്ളെന്ന് അന്നും ഇന്നും പാകിസ്താന്‍ വാദിക്കുന്നു. വാശിയോടെ അടിയും തിരിച്ചടിയും അതിര്‍ത്തിയില്‍ മുഴങ്ങിയെങ്കില്‍, ഭീകരരുടെ പ്രതികാരദാഹവും വര്‍ധിച്ചെന്നാണ് നഗ്രോത സൈനിക കേന്ദ്രത്തിലെ ഭീകരാക്രമണം വിളിച്ചുപറയുന്നത്. 
സുഷമ സ്വരാജിനെയും വിദേശകാര്യ മന്ത്രാലയത്തെയും നോക്കുകുത്തിയാക്കി നയതന്ത്രത്തിന്‍െറയും പ്രതിരോധത്തിന്‍െറയും നരേന്ദ്ര മോദി- അജിത് ഡോവല്‍- മനോഹര്‍ പരീകര്‍ പരീക്ഷണങ്ങള്‍ ഇതുവരെ കണ്ടനിലയില്‍ ഇനിയുമൊരു രണ്ടര വര്‍ഷം മുന്നോട്ടുപോകുമോ എന്നറിയില്ല. പക്ഷേ, അതിനെക്കാള്‍ വലിയൊരു കാലത്തേക്കുള്ള കെടുതി ഇതിനകം ഇന്ത്യ ഏറ്റുവാങ്ങിക്കഴിഞ്ഞിട്ടുണ്ട് -സാമ്പത്തിക പരീക്ഷണങ്ങളിലെന്നപോലെ.                                              •

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT