ന്യൂഡൽഹി: ഡൽഹി സർവകലാശാല നോർത്ത് കാമ്പസിലെ തിരക്കുള്ള റോഡിൽനിന്ന് കാർ തകർത്ത് കള്ളന്മാർ ലാപ്‌ടോപ്പും വാലറ്റും മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഡൽഹി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസർ. ഇൻസ്റ്റഗ്രാം വിഡിയോയിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. കാറിന്റെ ചില്ലുതകർത്ത് തന്റെ പി.എച്ച്.ഡിയുടെ ആറുവർഷത്തെ വിവരങ്ങളടങ്ങിയ ലാപ്ടോപ്പും ബാങ്കിന്റെ കാർഡുകൾ സൂക്ഷിച്ചിരുന്ന വാലറ്റുമാണ് നഷ്ടപ്പെട്ടതായി യുവതി പറയുന്നു.
‘എനിക്ക് പി.എച്ച്.ഡിയുമായി ബന്ധപ്പെട്ട കുറച്ച് ജോലി ഉണ്ടായിരുന്നതിനാൽ ഞാൻ എന്റെ ഭർത്താവിനൊപ്പം നോർത്ത് കാമ്പസിലേക്ക് പോയി. ജോലി പൂർത്തിയാക്കിയ ശേഷം കുറച്ച് വസ്ത്രങ്ങൾ തയ്യൽക്കാരന്റെ കൈയിൽ ഏൽപിക്കേണ്ടതുണ്ടായിരുന്നു. അങ്ങനെയാണ് ഞങ്ങൾ കമല നഗറിലേക്ക് പോകുന്നത്. ബംഗ്ലാവ് റോഡിൽ കാർ പാർക്ക് ചെയ്തു, അത് വളരെ തിരക്കേറിയ റോഡാണ്. വസ്ത്രങ്ങളുടെ ജോലി തീരാൻ ഏകദേശം രണ്ട് മണിക്കൂർ എടുക്കുമെന്ന് തയ്യൽക്കാരൻ പറഞ്ഞതനുസരിച്ചാണ് അവിടെനിന്നുപോയത്. എന്നാൽ തിരിച്ചെത്തിയപ്പോൾ കണ്ടത് ഡ്രൈവറുടെ വശത്തെ ജനൽച്ചില്ല് തകർന്നിരിക്കുന്നതാണ്. ഗ്ലാസ് പൂർണമായും തകർന്നിരുന്നു’ അവർ വിഡിയോയിൽ പറയുന്നു.
ലാപ്ടോപ്പ് നഷ്ടപ്പെട്ടതിനേക്കാൾ തന്റെ ഇതുവരെയുള്ള പി.എച്ച്ഡി വർക്ക് നഷ്ടപ്പെട്ടതാണ് ഏറെ പ്രയാസമുണ്ടാക്കുന്നതെന്ന് അവർ പറയുന്നു. അതോടൊപ്പം ബാങ്ക് കാർഡുകളും കാറിനുള്ളിലെ എയർ പ്യൂരിഫയറും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. വിവരങ്ങൾ പൊലിസിൽ അറിയിച്ചതായും വിഡിയോയിൽ പറയുന്നു. 97,000ത്തിലധികം ഫോളോവേഴ്‌സ് ഉള്ള ‘പ്രസോലിറ്ററേച്ചർ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.