ന്യൂഡൽഹി: വിദേശത്ത് പഠിച്ച് നല്ല ജോലി നേടുക എന്നതാണ് ഇന്ത്യൻ വിദ്യാർഥികളിൽ ഭൂരിഭാഗം പേരുടെയും സ്വപ്നം. അൽപകാലം മുമ്പുവരെ അത് വളരെ ലളിതവുമായിരുന്നു. നല്ല സർവകലാശാലയിൽ പ്രവേശനം നേടി, പാർട്ട്ടൈം ആയി ജോലി നോക്കി, പഠനം കഴിഞ്ഞ് മികച്ച കമ്പനികളിൽ ജോലി നേടി വിജയിച്ചവരാണ് അധികവും. എന്നാൽ, വിസ ഫീസ് വർധനവും നയങ്ങൾ കർശനമായതും തൊഴിൽ വിപണിയിലെ സമ്മർദ്ദവുമെല്ലാം വിദേശ പഠനമെന്ന സ്വപ്നത്തെ ഒരു കൈ അകലെ നിർത്തുകയാണ് ഇപ്പോൾ.
വിദേശ സമ്പദ് വ്യവസ്ഥക്ക് സംഭാവന നൽകുന്നവരാണ് വിദേശ വിദ്യാർഥികൾ. ആസ്ട്രേലിയയിൽ വിദ്യാർഥി വിസ ഫീസ് ഒരു വർഷത്തിനുള്ളിൽ 710 ആസ്ട്രേലിയൻ ഡോളറിൽനിന്ന് 2000 ആയി ഉയർന്നു. വിദേശ വിദ്യാർഥികൾ പ്രതിവർഷം 52 ബില്ല്യൺ ആസ്ട്രേലിയൻ ഡോളർ വരുമാനമാണ് ആസ്ട്രേലിയക്ക് നൽകിയിരുന്നത്. യു.എസിൽ ഇത് 43 ബില്ല്യൺ ഡോളറായിരുന്നു. 3.5 ലക്ഷത്തിലധികംപേർ രാജ്യത്ത് ജോലി ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ വിസ ഫീസ് ഒരു റവന്യൂ ഫണ്ടിങ് സംവിധാനമായി മാറുന്നുണ്ടെന്ന് വിദ്യാഭ്യാസ വിദഗ്ധർ പറയുന്നു.
വിദ്യാർഥികൾ എത്ര പണം നൽകുന്നു എന്നതല്ല, മറിച്ച് അവ എപ്പോൾ നൽകുന്നുവെന്നാണ് പല രാജ്യങ്ങളും ചിന്തിക്കുന്നത്. വിസ ഫീസ്, കംപ്ലയൻസ് ചെലവുകൾ, ഇൻഷുറൻസ് തുടങ്ങിയവ ഒരു വിദ്യാർഥി പഠിക്കാനായി മറ്റൊരു രാജ്യത്ത് കാലുകുത്തുന്നതിന് മുമ്പുതന്നെ നൽകേണ്ടിവരുന്നു. മുൻകൂട്ടി ചെലവ് വർധിക്കുന്നത് അപകട സാധ്യതയും വർധിപ്പിക്കുന്നുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഈ പണം ഒരിക്കലും വിദ്യാർഥിക്ക് തിരികെ ലഭിക്കില്ല.
രൂപയുടെ മൂല്യം കുറഞ്ഞതും വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് തിരിച്ചടിയാകുന്നുണ്ട്. പഠനചെലവ് ഇരട്ടിയിലധികമായാണ് ഇക്കാലയളവിൽ വർധിച്ചത്. കൂടാതെ, മൂന്നാലുവർഷത്തെ പഠനശേഷം തനിക്ക് എന്താണ് തിരിച്ചുകിട്ടുക, മുടക്കുമുതലിന്റെ എത്ര തിരിച്ചുകിട്ടും എന്നെല്ലാം വിദ്യാർഥികളും ചിന്തിച്ചു തുടങ്ങിയതായി വിദഗ്ധർ പറയുന്നു.
തൊഴിൽ വിപണിയെക്കുറിച്ചോ തൊഴിൽ സാധ്യതയെക്കുറിച്ചോ പൂർണ്ണമായി മനസ്സിലാക്കാതെയാണ് വിദ്യാർഥികൾ പലപ്പോഴും ഉയർന്ന റാങ്കുള്ള സർവകലാശാലകളിലെ സീറ്റിനായി പണം നൽകുന്നത്. ജോലി ഉറപ്പാണെന്ന് കരുതുന്നത് തെറ്റാണെന്നും വിദഗ്ധർ പറയുന്നു. വിദേശ വിദ്യാർഥികളിൽ 50 ശതമാനം പേർക്ക് മാത്രമാണ് ഉയർന്ന ശമ്പളമുള്ള സ്ഥിരമായ ജോലി ലഭിക്കുന്നത്. പാർട്ട് ടൈം ജോലിയാണ് കൂടുതൽ പേർക്കും ലഭിക്കുക. അത് താമസത്തിനും ജീവിതച്ചെലവിനും മാത്രമേ തികയൂ.
വിദേശത്ത് ചെലവുകൾ വർധിക്കുന്നതിനനുസരിച്ച് ഇന്ത്യയിലെ വിദ്യാഭ്യാസ, തൊഴിൽ മേഖല മെച്ചപ്പെട്ടുവരുന്നുണ്ടെന്നതാണ് ആശ്വാസത്തിന് വക നൽകുന്ന കാര്യം. ഐ.ഐ.എം അഹമ്മദാബാദ്, എഫ്.എം.എസ് ഡൽഹി തുടങ്ങിയ മുൻനിര സ്ഥാപനങ്ങൾ കുറഞ്ഞ ചെലവിൽ മികച്ച വിദ്യാഭ്യാസം ഉറപ്പുനൽകുന്നു. എന്നാൽ, പരിമിതമായ സീറ്റുകളിൽ വളരെ ചുരുക്കം വിദ്യാർഥികൾക്ക് മാത്രമാണ് ഇവിടെ പ്രവേശനം ലഭിക്കുന്നത്. ഇന്ത്യയിൽ തുടരുന്നത് വിദ്യാർഥികൾക്ക് സാമ്പത്തികമായി ഗുണം ചെയ്യുന്നുണ്ട്. എങ്കിലും
1.2 ദശലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികൾ വിദേശത്ത് പഠിക്കുന്നുണ്ട്. അത് വിദേശ വിദ്യാഭ്യാസത്തിൽ താൽപ്പര്യം കുറഞ്ഞിട്ടില്ലെന്ന സൂചന നൽകുന്നുണ്ട്. വിസ നിരസിക്കൽ, നിരക്കുകൾ, മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ നിയമങ്ങൾ, നയപരമായ പ്രശ്നങ്ങൾ തുടങ്ങിയവയാണ് വിദേശ വിദ്യാർഥികൾക്ക് തിരിച്ചടിയാകുന്നത്. ചില രാജ്യങ്ങളിലെ ഇന്ത്യൻ വിദ്യാർഥികളുടെ പ്രവേശനം സമീപ മാസങ്ങളിൽ കുത്തനെ കുറഞ്ഞു. യു.എസിൽ മാത്രം, 2025ൽ എൻറോൾമെന്റുകൾ ഏകദേശം 45ശതമാനത്തോളം കുറഞ്ഞു, പീക്ക് മാസങ്ങളിലെ വിസ ഇഷ്യൂകൾ 60ശതമാനത്തിലധികം കുറഞ്ഞതായും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിദ്യാർഥികൾ യു.എസ് പോലുള്ള ഉയർന്ന ചെലവുള്ള രാജ്യങ്ങൾ വിട്ട് ജർമനി, അയർലൻഡ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ തെരഞ്ഞെടുത്തു തുടങ്ങി. കൂടാതെ ചെലവുകൾ, വിസ, ജോലി സാധ്യതകൾ, ദീർഘകാല മൂല്യം എന്നിവയും കണക്കുകൂട്ടി നോക്കുന്നുണ്ടെന്നും വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.