പി.എസ്.സി ഉദ്യോഗാർഥികൾ ശ്രദ്ധിക്കുക; എൽ.ഡി.സി യോഗ്യത പ്ലസ്ടുവിലേക്ക്; ശമ്പള സ്കെയിലിലും മാറ്റം

തിരുവനന്തപുരം: പി.എസ്.സി ലോവർ ഡിവിഷൻ ക്ലർക്ക് (എൽ.ഡി.സി) തസ്തികയുടെ അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സിയിൽ നിന്ന് പ്ലസ് ടു ആക്കാനുള്ള നടപടികൾക്ക് തുടക്കമായി. അടുത്ത വിജ്ഞാപനം മുതലാകും പുതിയ യോഗ്യത നടപ്പാക്കുക. യോഗ്യതാ മാറ്റത്തിന് മുന്നോടിയായി വിവിധ വകുപ്പുകളിൽ തസ്തികയുടെ സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യാനും നടപടി ആരംഭിച്ചിട്ടുണ്ട്.

2011ൽ ഉമ്മൻചാണ്ടി സർക്കാരാണ് എൽ.ഡി.സി യോഗ്യത പ്ലസ് ടു ആക്കാൻ ഉത്തരവിറക്കിയത്. അന്ന് എൽ.ഡി.സി റാങ്ക് ലിസ്റ്റ് നിലനിൽക്കെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നാലെ, ഉത്തരവ് നടപ്പാക്കിയാൽ റാങ്ക് ലിസ്റ്റ് റദ്ദാക്കേണ്ടി വരുമെന്ന സുപ്രീം കോടതി മുന്നറിയിപ്പിനെ തുടർന്ന് തീരുമാനം മരവിപ്പിക്കുകയായിരുന്നു. നിലവിൽ റാങ്ക് ലിസ്റ്റിനെ ബാധിക്കാതെ യോഗ്യതാമാറ്റം നടപ്പാക്കാനാണ് പി.എസ്.സിയുടെ തീരുമാനം. അതത് വകുപ്പിന്റെ സ്പെഷ്യൽ റൂൾ അനുസരിച്ചായിരിക്കും നിയമനം നടത്തുക.

യോഗ്യത പ്ലസ് ടുവിലേക്ക് മാറുമ്പോൾ ശമ്പളസ്കെയിലും മാറ്റം വരേണ്ടതാണ്. നിലവിലെ 26,500-60,700 രൂപ എന്ന സ്കെയിൽ 31,100-66,800 ആകും. എൽ.ഡി.സി തസ്തിക ഏറ്റവും കൂടുതലുള്ള റവന്യൂ വകുപ്പിലാണ് ചട്ടഭേദഗതി നടപടി സജീവമാകുന്നത്. വില്ലേജ് അസിസ്റ്റന്റ് ഉൾപ്പെടെയുള്ള തസ്തികകളുടെ ചട്ടങ്ങളും നിലവിൽ പരിശോധിച്ചുവരികയാണ്. അതേസമയം, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലും വൈകാതെ യോഗ്യതാ മാറ്റം വരുമെന്നാണ് സൂചന. നിലവിൽ ബിരുദമാണ് യോഗ്യത; ഇതിനുപുറമേ ബിരുദത്തിന് മിനിമം മാർക്കും അംഗീകൃത കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഡിപ്ലോമയും കൂടുതലായി ഉൾപ്പെടുത്തും.

Tags:    
News Summary - Kerala PSC LDC Qualification Update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.