നിർമിതബുദ്ധിയും ചാറ്റ് ബോട്ടുകളുമെല്ലാം ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളായി മാറിക്കഴിഞ്ഞിട്ടും രാജ്യത്തെ പൊതുവിദ്യാലയങ്ങളിൽ കാര്യമായ ചലനങ്ങളില്ലെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇന്ത്യയിലെ പകുതി പൊതുവിദ്യാലയങ്ങളിൽപോലും ഇനിയും ഇന്റർനെറ്റ് കണക്ഷൻ എത്തിയിട്ടില്ലെന്നും അഞ്ചിലൊന്ന് പൊതുവിദ്യാലയങ്ങളിൽ മാത്രമാണ് സ്മാർട് ക്ലാസ് റൂമുകളുള്ളതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യയിൽ 10 ലക്ഷത്തിലധികം സർക്കാർ സ്കൂളുകളുണ്ട്. സ്വകാര്യ വിദ്യാലയങ്ങൾ 3.31 ലക്ഷം. 24.8 കോടി വിദ്യാർഥികളാണ് രാജ്യത്തുള്ളത്. വിദ്യാഭ്യാസ ജില്ലകൾ കേന്ദ്രീകരിച്ച് സർക്കാർതന്നെ പുറത്തുവിട്ട കണക്കനുസരിച്ച്, 2023-24 വർഷം 46.2 ശതമാനം പൊതുവിദ്യാലയങ്ങളിൽ മാത്രമാണ് ഇന്റർനെറ്റ് ഉള്ളത്. അതേസമയം, നാലിൽ മൂന്നു സ്വകാര്യ വിദ്യാലയങ്ങളിലും ഇന്റർനെറ്റ് കണക്ഷൻ ഉണ്ട്.
21.20 ശതമാനം പൊതുവിദ്യാലയങ്ങളിൽ മാത്രമാണ് സ്മാർട് ക്ലാസ് റൂമുകളുള്ളത്. സ്വകാര്യ വിദ്യാലയങ്ങൾ 34.6 ശതമാനം. 2021ൽ, ഇതു യഥാക്രമം 14.4, 18 എന്നിങ്ങനെയായിരുന്നു. വിദ്യാലയങ്ങൾ സ്മാർട് ആക്കാനുള്ള നടപടികളും ഇഴയുകയാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
2020ൽ 279 കോടി വകയിരുത്തിയപ്പോൾ ചെലവഴിച്ചത് 10 കോടിയിൽ താഴെ മാത്രമാണ്. തൊട്ടടുത്ത വർഷം 900 കോടി വകയിരുത്തിയപ്പോൾ ചെലവഴിച്ചത് 158 കോടി. പിന്നീടുള്ള വർഷങ്ങളിൽ ബജറ്റ് വിഹിതം നന്നേ കുറഞ്ഞു. 2024-25 വർഷത്തേക്കായി വകയിരുത്തിയത് 603 കോടി രൂപയാണ്. സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കവെ 44 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്.
50 ശതമാനത്തിൽ കൂടുതൽ സ്മാർട് ക്ലാസ് റൂമുകളുള്ള സംസ്ഥാനങ്ങളുടെ എണ്ണം ഒമ്പതാണ്. ചണ്ഡിഗഢ് (97.5), പഞ്ചാബ് (87.5), ഡൽഹി (70), ദാദ്രാ നഗർ (69.2), ലക്ഷദ്വീപ് (67), മഹാരാഷ്ട്ര (65.9), ഗുജറാത്ത് (63.3), കേരളം (62.4),പുതുച്ചേരി (61.7) എന്നിവയാണ് മുൻപന്തിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.