ബംഗളൂരു: നീറ്റ് 2026 പുനഃപരീക്ഷയിൽ ഉത്തരക്കടലാസിലെ ഒ.എം.ആർ മൂല്യനിർണയത്തിൽ ഗുരുതര പൊരുത്തക്കേട് ചൂണ്ടിക്കാട്ടി കർണാടക സ്വദേശിനിയായ വിദ്യാർഥിനി. തനിക്ക് 668 മാർക്കാണ് ലഭിക്കേണ്ടതെന്നും എന്നാൽ ഒ.എം.ആർ മൂല്യനിർണയത്തിലെ ഗുരുതര പൊരുത്തക്കേട് കാരണം മൈനസ് 11 മാർക്ക് മാത്രമാണ് ലഭിച്ചതെന്നും വിദ്യാർഥിനി പറയുന്നു. തുടർന്ന് വിദ്യാർഥിനിയായ ബിന്ദുശ്രീ പവാർ ദേശീയ പരീക്ഷാ ഏജൻസിക്ക് (എൻ.ടി.എ) പരാതി നൽകി.
പരീക്ഷ കഴിഞ്ഞ് എൻ.ടി.എ പ്രസിദ്ധീകരിച്ച ഒ.എം.ആർ പകർപ്പിൽ ശരിയായി അടയാളപ്പെടുത്തിയ നിരവധി ഉത്തരങ്ങൾ ശൂന്യമായാണ് കാണിച്ചിരിക്കുന്നത്. കൂടാതെ ഒരു മിനിറ്റിനുള്ളിൽ 41 ഉത്തരങ്ങൾ രേഖപ്പെടുത്തിയതായി ഒ.എം.ആർ ഡാറ്റയിൽ കാണിക്കുന്നു. ഇത് അസാധാരണമാണെന്നും ബിന്ദുശ്രീയുടെ കുടുംബം ചൂണ്ടിക്കാട്ടി. ഇത് സാങ്കേതിക പിഴവോ ഡാറ്റാ പ്രോസസിങ്ങിലെ പ്രശ്നമോ ആകാമെന്നാണ് സംശയം.
ഒ.എം.ആർ ഷീറ്റിൽ പ്രവേശന സമയം ഉച്ച 1.56 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ സമയം ഉച്ച 1.57 ഉം. വെറും ഒരു മിനിറ്റ് ഇടവേളയിൽ എങ്ങനെയാണ് പരീക്ഷ എഴുതി പൂർത്തിയാക്കാൻ സാധിക്കുകയെന്ന് വിദ്യാർഥിനിയുടെ കുടുംബം ചോദിക്കുന്നു. യഥാർഥ ഒ.എം.ആർ ഷീറ്റ് പുനർ മൂല്യനിർണയം നടത്തുകയോ അല്ലെങ്കിൽ വീണ്ടും പരീക്ഷ നടത്തുകയോ വേണമെന്നാണ് വിദ്യാർഥിനിയുടെയും കുടുംബത്തിന്റെയും ആവശ്യം. ആവശ്യമായ രേഖകളും ഒ.എം.ആർ പകർപ്പും വിദ്യാർഥിനി പരാതിയോടൊപ്പം സമർപ്പിച്ചു.
നീറ്റ് പുനഃപരീക്ഷ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഒ.എം.ആർ പൊരുത്തക്കേടുമായി ബന്ധപ്പെട്ട് വിദ്യാർഥികളിൽ നിന്ന് സമാന പരാതികൾ ഉയർന്നിരുന്നു. തുടർന്ന് യഥാർഥ പരാതികൾ പരിശോധിക്കുമെന്ന് എൻ.ടി.എ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, വ്യാജമോ എ.ഐ ഉപയോഗിച്ച് തിരുത്തിയതോ ആയ ഒ.എം.ആർ ഷീറ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എൻ.ടി.എ മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.