നീറ്റ് യു.ജി ചോദ്യപേപ്പർ ചോർന്നെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണം; വ്യാജമെന്ന് പി.ഐ.ബി

ന്യൂഡൽഹി: നീറ്റ്-യു.ജി പുനപരീക്ഷ ചോദ്യപേപ്പർ ചോർന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം. സോഷ്യൽ മീഡിയയിലും ടെലഗ്രാം ഗ്രൂപ്പുകളിലും പ്രചരിച്ച സന്ദേശങ്ങൾ വ്യാജമാണെന്ന് കേന്ദ്ര സർക്കാരിന്റെ പി.ഐ.ബി ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു.

വിദ്യാർഥികളും രക്ഷിതാക്കളും ഇത്തരം അഭ്യൂഹങ്ങൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും, പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ദേശീയ പരീക്ഷ ഏജൻസിയുടെ (എൻ.ടി.എ) ഔദ്യോഗിക വെബ്സൈറ്റിൽ മാത്രം പരിശോധിക്കണമെന്നും അധികൃതർ അറിയിച്ചു.

ടെലിഗ്രാം ഗ്രൂപ്പിൽ പ്രചരിക്കുന്നതായി പറയുന്ന സ്ക്രീൻഷോട്ട് ഒരു എക്സ് ഉപയോക്താവ് പങ്കുവെച്ചതിനെ തുടർന്നാണ് വിവാദങ്ങളുടെ തുടക്കം. നീറ്റ് ചോദ്യപേപ്പർ വീണ്ടും ചോ​ർന്നോയെന്ന് അദ്ദേഹം ആശങ്ക ഉന്നയിച്ചു. ഇത് ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. നിരവധി ഉപയോക്താക്കൾ ചിത്രം വീണ്ടും പോസ്റ്റ് ചെയ്യുകയും നീറ്റ് പേപ്പർ ചോർന്നോയെന്ന് ചോദ്യം ചെയ്യുകയും ചെയ്തു.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അവകാശ വാദം പൂർണമായും തെറ്റാണെന്ന് പി.ഐ.ബി വ്യക്തമാക്കി. പുനപരീക്ഷക്ക് മുന്നോടിയായി വീണ്ടും ചോദ്യപേപ്പർ ചോർന്നെന്ന തരത്തിൽ ചില സ്ക്രീൻഷോട്ടുകളും സന്ദേശങ്ങളും വൈറലായെങ്കിലും, അവക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് പി.ഐ.ബി പറഞ്ഞു. ഔദ്യോഗിക അറിയിപ്പുകൾക്കായി എൻ.ടി.എയുടെ നീറ്റ് പോർട്ടൽ മാത്രം ആശ്രയിക്കണമെന്ന് വിദ്യാർഥികൾക്ക് നിർദേശവും നൽകി. തെറ്റിദ്ധരിപ്പിക്കുന്നതോ സംശയാസ്പദമായതോ ആയ പ്രചാരണങ്ങൾ റിപ്പോർട്ട് ചെയ്യാനും അതുവഴി തെറ്റായ പ്രചാരണങ്ങൾക്കെതിരെ ഉചിതമായി നടപടി സ്വീകരിക്കാൻ കഴിയുമെന്നും പി.ഐ.ബി പറഞ്ഞു.

മേയിൽ നടന്ന നീറ്റ് യു.ജി പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജൂൺ 21ന് പുനപരീക്ഷ നടത്താനാണ് എൻ.ടി.എയുടെ തീരുമാനം. 22 ലക്ഷം വിദ്യാർഥികളാണ് നീറ്റ് പുനപരീക്ഷ എഴുതുക. നീറ്റ് ചോദ്യപേപ്പർ ചോർച്ച ഒഴിവാക്കാനായി വ്യാപക സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ചോദ്യപേപ്പർ തയാറാക്കുന്ന വിദഗ്ധരെ പരീക്ഷ അവസാനിക്കുന്നതുവരെ പ്രത്യേക നിരീക്ഷണത്തിൽ പാർപ്പിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 

Tags:    
News Summary - NEET re test paper leak claim goes viral on Telegram PIB calls it fake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.