അഭിഭാഷകരും ന്യായാധിപരുമൊക്കെയാകാനുള്ള അടിസ്ഥാന യോഗ്യതയായ നിയമബിരുദ പഠനത്തിന് സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ലോ കോളജുകളിൽ അവസരം. പ്രവേശന പരീക്ഷാ കമീഷണർ മേയ് 25 ഞായറാഴ്ച നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
പ്ലസ്ടുകാർക്ക് ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി കോഴ്സിലും ബിരുദക്കാർക്ക് ത്രിവത്സര എൽഎൽ.ബി കോഴ്സിലും പ്രവേശനം നേടാം. സ്വകാര്യ സ്വാശ്രയ ലോ കോളജുകളിൽ സർക്കാറുമായി പങ്കിടുന്ന സീറ്റുകളിലാണ് എൻട്രൻസ് കമീഷണർ പ്രവേശന നടപടി സ്വീകരിക്കുക. വിജ്ഞാപനം, വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.cee.kerala.gov.in ൽ ലഭിക്കും.
പഞ്ചവത്സര എൽഎൽ.ബി: യോഗ്യത- 45 ശതമാനം മാർക്കിൽ കുറയാതെ പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം (ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും). എസ്.ഇ.ബി.സി/ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്ക് 42 ശതമാനം, എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 40 ശതമാനം മാർക്ക് മതി. പ്രായം 31.12.25ൽ 17 വയസ്സ് തികയണം.
പ്രവേശന പരീക്ഷക്ക് കേരളത്തിലെ എല്ലാ ജില്ലകളിലും സെന്ററുകളുണ്ടാവും. ജനറൽ ഇംഗ്ലീഷ്, പൊതുവിജ്ഞാനം, അരിത്മെറ്റിക് ആൻഡ് മെന്റൽ എബിലിറ്റി, ആപ്റ്റിറ്റ്യൂഡ് ഫോർ ലീഗൽ സ്റ്റഡീസ് എന്നിവയിൽ ഒബ്ജക്ടിവ് മാതൃകയിലുള്ള 120 ചോദ്യങ്ങളുണ്ടാവും. ശരി ഉത്തരത്തിന് മൂന്നു മാർക്ക്. ഉത്തരം തെറ്റിയാൽ ഓരോ മാർക്ക് വീതം കുറക്കും.
രണ്ടു മണിക്കൂർ സമയം. പരമാവധി മാർക്ക് 360. പരീക്ഷയിൽ യോഗ്യത നേടുന്നതിനും റാങ്ക്ലിസ്റ്റിൽ ഉൾപ്പെടുന്നതിനും ജനറൽ/എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക് 10 ശതമാനവും എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് അഞ്ചു ശതമാനവും മാർക്ക് മതിയാകും. റാങ്ക്ലിസ്റ്റിലുള്ളവർക്ക് കേന്ദ്രീകൃത സീറ്റ് അലോട്ട്മെന്റ് വഴിയാണ് അഡ്മിഷൻ. ഇതിന് പ്രത്യേകം ഓപ്ഷൻ രജിസ്റ്റർ ചെയ്യേണ്ടിവരും.
ഗവൺമെന്റ് ലോ കോളജ്-തിരുവനന്തപുരം ബി.എ എൽഎൽ.ബി-സീറ്റ് 120, എറണാകുളം ബി.കോം എൽഎൽ.ബി- 60, തൃശൂർ ബി.എ.എൽഎൽ.ബി 60, കോഴിക്കോട് ബി.എ.എൽഎൽ.ബി 120. സ്വകാര്യ സ്വാശ്രയ കോളജുകൾ 28. കോഴ്സുകളും സീറ്റുകളും പ്രോസ്പെക്ടസിലുണ്ട്.
ത്രിവത്സര എൽഎൽ.ബി: യോഗ്യത-45 ശതമാനം മാർക്കിൽ കുറയാതെ (എസ്.ഇ.ബി.സി/ഭിന്നശേഷിക്കാർ 42 ശതമാനം, എസ്.സി/എസ്.ടി 40 ശതമാനം) ബിരുദം. പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
പ്രവേശന പരീക്ഷയിൽ ഒബ്ജക്ടീവ് മാതൃകയിൽ 120 ചോദ്യങ്ങളുണ്ടാവും. ആകെ 360 മാർക്കിനാണ് പരീക്ഷ. യോഗ്യത നേടി റാങ്ക്ലിസ്റ്റിൽ സ്ഥാനം പിടിക്കുന്നതിന് ജനറൽ/എസ്.ഇ.ബി.സി വിഭാഗക്കാർ 10 ശതമാനവും എസ്.സി/എസ്.ടി വിഭാഗക്കാർ 5 ശതമാനവും മാർക്ക് കരസ്ഥമാക്കണം. റാങ്ക്ലിസ്റ്റിൽ ഉള്ളവരിൽനിന്നും ഓപ്ഷൻ സ്വീകരിച്ച് കേന്ദ്രീകൃത സീറ്റ് അലോട്ട്മെന്റ് വഴിയാണ് പ്രവേശനം.
അപേക്ഷാഫീസ്: ജനറൽ/എസ്.ഇ.ബി.സി വിഭാഗത്തിന് 900 രൂപ. എസ്.സി/എസ്.ടി വിഭാഗത്തിന് 450 രൂപ മതി. ഓൺലൈനിൽ മേയ് 14 വൈകീട്ട് 5 മണി വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.