തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ (കീം 2026) പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പണം തുടങ്ങി. ജനുവരി 31ന് വൈകീട്ട് അഞ്ചുവരെ www.cee.kerala.gov.in വഴി അപേക്ഷ സമർപ്പിക്കുകയും ഫീസടക്കുകയും ചെയ്യാം.
അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ജനനത്തീയതി, നാഷണാലിറ്റി എന്നിവ തെളിയിക്കുന്ന രേഖകളും ഫോട്ടോയും ഒപ്പും 31നകം അപ്ലോഡ് ചെയ്യണം. മറ്റ് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും രേഖകളും അപ്ലോഡ് ചെയ്യാൻ ഫെബ്രുവരി ഏഴിന് വൈകീട്ട് അഞ്ചുവരെ സമയമുണ്ട്.
എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡ് ഏപ്രിൽ ഒന്നുമുതൽ ഡൗൺലോഡ് ചെയ്യാം. ഏപ്രിൽ 17 മുതൽ 23 വരെയായിരിക്കും കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷ. പരീക്ഷ തീയതി മാറ്റേണ്ടിവന്നാൽ പകരം നടത്തേണ്ട ബഫർ ദിനങ്ങളായി ഏപ്രിൽ 13, 16, 24, 25 തിയതികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ സമയം ഉച്ചക്ക് രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെയാണ് പരീക്ഷ.
മേയ് ഒന്നിനോ അതിന് മുമ്പോ ഫലം പ്രസിദ്ധീകരിക്കും. മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനം നീറ്റ്-യു.ജി 2026 പരീക്ഷയും ആർക്കിടെക്ചർ കോഴ്സിലേക്ക് ദേശീയ അഭിരുചിപരീക്ഷയായ ‘നാറ്റ’യും അടിസ്ഥാനപ്പെടുത്തിയായിരിക്കും.
അപേക്ഷകന് 2026 ഡിസംബർ 31 പ്രകാരം 17 വയസ് പൂർത്തിയായിരിക്കണം. കുറഞ്ഞ പ്രായപരിധിയിൽ ഇളവില്ല. എൻജിനീയറിങ്, ആർക്കിടെക്ചർ, ബി.ഫാം, ബി.എ.എം.എസ്, ബി.എസ്.എം.എസ്, ബി.എച്ച്.എം.എസ്, ബി.യു.എം.എസ് കോഴ്സുകൾക്ക് ഉയർന്ന പ്രായപരിധിയില്ല. എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലെ ഉയർന്ന പ്രായപരിധി നീറ്റ്-യു.ജി 2026 ഇൻഫർമേഷൻ ബുള്ളറ്റിനിലെ വ്യവസ്ഥകൾ പ്രകാരമായിരിക്കും. മറ്റ് മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രായപരിധി ബന്ധപ്പെട്ട കേന്ദ്ര കൗൺസിലുകൾ നിശ്ചയിക്കുന്നത് പ്രകാരമായിരിക്കും.
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾക്ക് പുറമെ ന്യൂഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും വിദേശത്ത് യു.എ.ഇയിലും പരീക്ഷാകേന്ദ്രങ്ങളുണ്ടായിരിക്കും.
എൻജിനീയറിങ് അല്ലെങ്കിൽ ഫാർമസി പ്രവേശനത്തിന് മാത്രമായി ജനറൽ വിഭാഗത്തിന് 925 രൂപയും എസ്.സി വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാഫീസ്. ആർക്കിടെക്ചർ/ മെഡിക്കൽ, അനുബന്ധ കോഴ്സുകൾക്ക് അപേക്ഷിക്കുന്ന ജനറൽ വിഭാഗത്തിന് 650 രൂപയും എസ്.സി വിഭാഗത്തിന് 260 രൂപയും. എസ്.ടി വിഭാഗത്തിന് ഫീസില്ല. യു.എ.ഇ പരീക്ഷകേന്ദ്രം തെരഞ്ഞെടുക്കുന്നവർ അപേക്ഷാഫീസിന് പുറമെ 16,000 രൂപ അധികം അടക്കണം.
കാർഷിക സർവകലാശാല, വെറ്ററിനറി, ഫിഷറീസ് സർവകലാശാലകൾക്ക് കീഴിലുള്ള വിവിധ ബി.ടെക് കോഴ്സുകൾ ഉൾപ്പെടെ മുഴുവൻ എൻജിനീയറിങ് ബിരുദ കോഴ്സുകൾ.
എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുർവേദ (ബി.എ.എം.എസ്), ഹോമിയോപ്പതി (ബി.എച്ച്.എം.എസ്), സിദ്ധ (ബി.എസ്.എം.എസ്), യൂനാനി (ബി.യു.എം.എസ്).
ബി.എസ്സി (ഓണേഴ്സ്) അഗ്രികൾചർ, ബി.എസ്സി (ഓണേഴ്സ്) ഫോറസ്ട്രി, ബി.എസ്സി (ഓണേഴ്സ്) കോഓപറേഷൻ ആൻഡ് ബാങ്കിങ്/ അഗ്രി. ബിസിനസ് മാനേജ്മെന്റ്, ക്ലൈമറ്റ് ചെയ്ഞ്ച് എൻവയൺമെൻറൽ സയൻസ്, വെറ്ററിനറി (ബി.വി.എസ്സി ആൻഡ് എ.എച്ച്), ഫിഷറീസ് (ബി.എഫ്.എസ്സി).
www.cee.kerala.gov.inലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് (എല്ലാം ജെ.പി.ജി ഫോർമാറ്റിൽ), ഇ-മെയിൽ വിലാസം, മൊബൈൽ ഫോൺ നമ്പർ എന്നിവ ആവശ്യമാണ്. അഞ്ചുഘട്ടമായാണ് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ടത്.
പേര്, ജനനത്തീയതി, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ, പാസ്വേഡ്, ആക്സസ് കോഡ് എന്നിവ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കുക. ഈ ഘട്ടത്തിൽ ലഭിക്കുന്ന അപേക്ഷ നമ്പർ പിന്നീടുള്ള ആവശ്യങ്ങൾക്കായി രേഖപ്പെടുത്തി സൂക്ഷിക്കുക.
അപേക്ഷയിൽ ആവശ്യപ്പെട്ട വിവരങ്ങൾ കൃത്യമായി നൽകണം. എൻജിനീയറിങ്, ആർക്കിടെക്ചർ, ബി.ഫാം, മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവയെല്ലാം ഒരു അപേക്ഷയിൽ തെരഞ്ഞെടുക്കാം. സാമുദായിക സംവരണം (എസ്.സി/ എസ്.ടി/ ഒ.ഇ.സി/ എസ്.ഇ.ബി.സി വിഭാഗങ്ങൾ), ഇ.ഡബ്ല്യു.എസ് സംവരണം, ഭിന്നശേഷി സംവരണം, പ്രത്യേക സംവരണം എന്നിവ ആവശ്യമുള്ളവർ ഓൺലൈൻ അപേക്ഷയിൽ നിശ്ചിത സ്ഥാനത്ത് രേഖപ്പെടുത്തണം. വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയെന്ന് പരിശോധിച്ച് ഫൈനൽ സബ്മിഷൻ നടത്തണം.
അപേക്ഷാഫീസ് ഓൺലൈനായി അടക്കലാണ് ഈ ഘട്ടം.
പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആവശ്യമായ അനുബന്ധ രേഖകൾ എന്നിവ നിർദേശങ്ങൾക്കനുസൃതമായി അപ്ലോഡ് ചെയ്യണം.
ഓൺലൈൻ അപേക്ഷ സമർപ്പണം പൂർത്തിയാക്കിയശേഷം അപേക്ഷയുടെ അക്നോളജ്മെന്റ് പേജിന്റെ പകർപ്പെടുത്ത് സൂക്ഷിക്കണം. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത സർട്ടിഫിക്കറ്റും നേറ്റിവിറ്റിയും ജനനത്തീയതിയും തെളിയിക്കുന്ന രേഖകളും ഓൺലൈനായി ഈ ഘട്ടത്തിൽ അപ്ലോഡ് ചെയ്യണം.
അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് ഹോൾഡറെയും (ഒ.സി.ഐ) പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ (പി.ഐ.ഒ) കാർഡ് ഹോൾഡർ ഉൾപ്പെടെയുള്ളവരെയും പ്രവേശനത്തിന്റെ പരിമിതമായ ആവശ്യത്തിനായി ഇന്ത്യൻ പൗരൻമാർക്ക് തുല്യമായി പരിഗണിക്കും. എന്നാൽ, ഇവർ ഏതെങ്കിലും തരത്തിലുള്ള സംവരണത്തിന് അർഹരല്ല. അപേക്ഷിക്കുന്ന ഇന്ത്യൻ പൗരൻമാരെ കേരളീയൻ, കേരളീയേതരൻ ഒന്നാം വിഭാഗം, കേരളീയേതരൻ രണ്ടാം വിഭാഗം എന്നിങ്ങനെ തിരിച്ചായിരിക്കും പരിഗണിക്കുക.
അപേക്ഷകനോ, മാതാപിതാക്കളിൽ ആരെങ്കിലുമോ കേരളത്തിൽ ജനിച്ചവരാണെങ്കിൽ അപേക്ഷകനെ കേരളീയനായി പരിഗണിക്കും. ഈ വിഭാഗത്തിൽപെട്ടവർക്ക് മാത്രമാണ് സാമുദായിക/ പ്രത്യേക/ ഭിന്നശേഷി സംവരണാനുകൂല്യങ്ങളും ഫീസിളവും ലഭിക്കുക. കേരളീയരല്ലാത്ത കേരള കേഡറിൽ ജോലിചെയ്യുന്ന അഖിലേന്ത്യ സർവിസ് ഉദ്യോഗസ്ഥരുടെ (ഐ.എ.എസ്) മക്കളെയും കേരളീയരായി പരിഗണിക്കുമെങ്കിലും ഇവർക്ക് സംവരണം/ ഫീസിളവ് ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകില്ല.
കേരളത്തിൽ ജനിച്ചതല്ലെങ്കിലും ഇനി പറയുന്ന വ്യവസ്ഥകൾ പാലിക്കുന്നെങ്കിൽ ഈ വിഭാഗത്തിൽ പരിഗണിക്കും.
-കേരളത്തിൽ ജോലിക്ക് നിയോഗിക്കപ്പെട്ട കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പ്രതിരോധ വകുപ്പ് ജീവനക്കാരുടെയും മക്കൾ; അവർ യോഗ്യതാപരീക്ഷ (പ്ലസ് ടു/ തത്തുല്യം) കേരളത്തിൽ പഠിച്ചവരായിരിക്കണം.
-കേരളത്തിലോ കേരളത്തിന് വേണ്ടിയോ കുറഞ്ഞത് രണ്ട് വർഷമെങ്കിലും സേവനമനുഷ്ഠിച്ചിരിക്കണമെന്ന വ്യവസ്ഥക്ക് വിധേയമായി കേരള സർക്കാറിന് കീഴിൽ ജോലിനോക്കുന്ന കേരളീയരല്ലാത്ത മാതാപിതാക്കളുടെ മക്കൾ; അവർ യോഗ്യതാപരീക്ഷ കേരളത്തിൽ പഠിച്ചവരായിരിക്കണം.
-12 വർഷ പഠനകാലയളവിൽ അഞ്ചുവർഷം കേരളത്തിൽ താമസിച്ച കേരളീയരല്ലാത്ത അപേക്ഷകർ.
-കേരളത്തിലെ സ്കൂളുകളിൽ ഏഴാംതരം മുതൽ 12ാംതരം വരെ പഠിച്ച അപേക്ഷകർ.
ഇത്തരം അപേക്ഷകർക്ക് ഗവ. കോസ്റ്റ് ഷെയറിങ് എൻജിനീയറിങ് കോളജുകളിലെ ഗവ. സീറ്റുകളിലേക്കും മാനേജ്മെന്റ് സീറ്റുകളിലേക്കും അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കും. കേരളീയൻ, കേരളീയേതരൻ ഒന്നാം വിഭാഗം എന്നിവയിലെ വിദ്യാർഥികളുടെ അഭാവത്തിൽ മാത്രമായിരിക്കും രണ്ടാം വിഭാഗത്തിലുള്ളവരെ കോസ്റ്റ് ഷെയറിങ് കോളജുകളിലെ സീറ്റിലേക്ക് പരിഗണിക്കുക. ഇവരെ സ്വകാര്യ സ്വാശ്രയ എൻജിനീയറിങ്/ ആർക്കിടെക്ചർ/ സിദ്ധ/ യൂനാനി കോളജുകളിലെ ഗവ., മാനേജ്മെന്റ് സീറ്റുകളിലേക്കും മറ്റ് രണ്ട് വിഭാഗങ്ങളുടെ അഭാവത്തിൽ പ്രവേശനത്തിന് പരിഗണിക്കും.
ഭിന്നശേഷി സംവരണം ആവശ്യമുള്ളവർ ഓൺലൈൻ അപേക്ഷയിൽ സൂചിപ്പിക്കുകയും പ്രവേശനപരീക്ഷ കമീഷണർ നടത്തുന്ന സംസ്ഥാനതല മെഡിക്കൽ ബോർഡിൽ ഹാജരാവുകയും വേണം.
*എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗക്കാർ ഒഴികെ മറ്റ് വിഭാഗക്കാർ (ജനറൽ കാറ്റഗറി ഉൾപ്പെടെ) കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഫീസ് ആനുകൂല്യങ്ങൾ/ സ്കോളർഷിപ് ലഭിക്കാൻ വില്ലേജ് ഓഫിസറിൽനിന്നുള്ള സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.
* സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര വിഭാഗത്തിൽനിന്നുള്ളവർ (ഇ.ഡബ്ല്യു.എസ്) ആനുകൂല്യം ലഭിക്കാൻ നിശ്ചിത മാതൃകയിലുള്ള ഇ.ഡബ്ല്യു.എസ് സർട്ടിഫിക്കറ്റ് വില്ലേജ് ഓഫിസറിൽനിന്ന് വാങ്ങി അപ്ലോഡ് ചെയ്യണം. മിശ്രവിവാഹിതരുടെ മക്കൾക്ക് എസ്.ഇ.ബി.സി/ ഒ.ഇ.സി സംവരണം ആവശ്യമെങ്കിൽ വില്ലേജ് ഓഫിസറിൽനിന്ന് നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് വാങ്ങി അപ്ലോഡ് ചെയ്യണം. ഇവർ എസ്.സി/ എസ്.ടി വിഭാഗത്തിൽനിന്നുള്ളവരാണെങ്കിൽ ആനുകൂല്യം ലഭിക്കാൻ തഹസിൽദാർ നൽകുന്ന മിശ്രവിവാഹ സർട്ടിഫിക്കറ്റ് അപ്ലോഡ്ചെയ്യണം. അപൂർണമായ സർട്ടിഫിക്കറ്റുകൾ നിരസിക്കും. സർട്ടിഫിക്കറ്റുകളുടെ മാതൃക വെബ്സൈറ്റിൽ പ്രോസ്പെക്ടസിന്റെ അനുബന്ധമായി ചേർത്തിട്ടുണ്ട്.
സ്റ്റേറ്റ് മെറിറ്റ് 50 ശതമാനം, ഇ.ഡബ്ല്യു.എസ് 10 ശതമാനം, എസ്.ഇ.ബി.സി 30 ശതമാനം: (ഈഴവ 9, മുസ്ലിം 8, മറ്റ് പിന്നാക്ക ഹിന്ദു 3, ലത്തീൻ കത്തോലിക്ക ആൻഡ് ആഗ്ലോ ഇന്ത്യൻ 3, ധീവര, അനുബന്ധ സമുദായങ്ങൾ 2, വിശ്വകർമ, അനുബന്ധ സമുദായങ്ങൾ 2, കുശവ, അനുബന്ധ സമുദായങ്ങൾ 1, പിന്നാക്ക ക്രിസ്ത്യൻ 1, കുടുംബി 1), എസ്.സി 8 ശതമാനം, എസ്.ടി 2 ശതമാനം.
സ്വകാര്യ സ്വാശ്രയ കോളജുകളിലെ 15 ശതമാനം സീറ്റ് എൻ.ആർ.ഐ വിഭാഗത്തിൽനിന്നുള്ളവർക്കായിരിക്കും. ഇതിൽ ഉയർന്ന ഫീസായിരിക്കും. എൻ.ആർ.ഐ ക്വോട്ടയിലേക്ക് പരിഗണിക്കാൻ അപേക്ഷകനായ വിദ്യാർഥിയും എൻ.ആർ.ഐയായ ബന്ധുവും തമ്മിൽ ഉണ്ടായിരിക്കേണ്ട ബന്ധം, പ്രവേശന പരീക്ഷ കമീഷണർക്ക് സമർപ്പിക്കേണ്ട രേഖകൾ എന്നിവ പ്രോസ്പെക്ടസിലുണ്ട്.
കേരളത്തിൽ മെഡിക്കൽ, ഡെന്റൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) മേയ് നാലിന് നടത്തുന്ന നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്(നീറ്റ്-യു.ജി 2026) പരീക്ഷ എഴുതി യോഗ്യത നേടണം. ഈ വിദ്യാർഥികൾ നീറ്റ് പരീക്ഷക്ക് അപേക്ഷിക്കുന്നതോടൊപ്പം കേരളത്തിലെ പ്രവേശന നടപടികളിൽ പങ്കെടുക്കാൻ പ്രവേശനപരീക്ഷ കമീഷണർക്ക് അപേക്ഷ സമർപ്പിക്കണം. നീറ്റ് പരീക്ഷയിലെ സ്കോർ പരിഗണിച്ച് സംസ്ഥാനാടിസ്ഥാനത്തിൽ പ്രവേശനപരീക്ഷ കമീഷണർ തയാറാക്കുന്ന റാങ്ക് പട്ടികയിൽനിന്നായിരിക്കും കേരളത്തിലെ മെഡിക്കൽ, ഡെന്റൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനം. പ്രവേശന പരീക്ഷ കമീഷണർക്ക് അപേക്ഷ സമർപ്പിച്ചവരെ മാത്രമേ കേരള റാങ്ക് പട്ടികയിലേക്ക് പരിഗണിക്കൂ.
ആർക്കിടെക്ചർ കോഴ്സിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ആർക്കിടെക്ചർ കൗൺസിൽ നടത്തുന്ന അഭിരുചി പരീക്ഷയായ നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചറിൽ (നാറ്റ) യോഗ്യത നേടിയിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.