സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കാര്യത്തിൽ സർക്കാരിന് അവ്യക്തതയില്ലെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം : സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കാര്യത്തിൽ സർക്കാരിന് അവ്യക്തതയില്ലെന്ന്‌ മന്ത്രി വി ശിവൻകുട്ടി. കൃത്യമായി കണക്ക് നൽകാത്തതിനാൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ കേരളത്തിനുള്ള വിഹിതം കേന്ദ്രസർക്കാർ തടഞ്ഞുവെന്നും കണക്ക് സമർപ്പിക്കാത്തതിനാൽ നവംബർ വരെയുള്ള ആദ്യ ഗഡു കേന്ദ്രവിഹിതമായ 125 കോടി രൂപയിൽ 54.16 കോടി രൂപയെ കേന്ദ്രം നൽകിയുള്ളൂ എന്നും പരാമർശിച്ചുകൊണ്ടുള്ള വാർത്തയും അതിൽ പരാമർശിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും തികച്ചും വസ്തുതാവിരുദ്ധവും യാതൊരു അടിസ്ഥാനവുമില്ലാത്തതുമാണെന്നും മന്ത്രി അറിയിച്ചു.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയെയും അത് മികവാർന്ന രീതിയിൽ നടപ്പിലാക്കുവാൻ സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങളെയും ഇകഴ്ത്തികാണിക്കുവാനും ഇതുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിൽ വലിയതോതിലുള്ള തെറ്റിദ്ധാരണയും അവമതിപ്പും സൃഷ്ടിക്കുവാനും ഉദ്ദേശിച്ചുകൊണ്ടാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് കാണുവാൻ കഴിയും.

ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായി 54.16 കോടി രൂപ മാത്രമാണ് കേന്ദ്രം നൽകിയത് എന്നാണ് വാർത്തയിൽ പരാമർശിച്ചിരിക്കുന്നത്. ഇത് തെറ്റാണ്. സംസ്ഥാനം സമർപ്പിച്ച പ്രൊപ്പോസലുകളും കണക്കുകളും അംഗീകരിച്ചുകൊണ്ട് 108.34 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. രണ്ട് ഗഡുക്കളായാണ് ഈ തുക ലഭിച്ചിട്ടുള്ളത്. പദ്ധതിക്കുള്ള 2023 -24 വർഷത്തെ കേന്ദ്രവിഹിതം 284.31 കോടി രൂപയാണ്. ഇത് 184.31 കോടി രൂപ എന്നാണ് വാർത്തയിൽ തെറ്റായി പരാമർശിച്ചിരിക്കുന്നത്.

ചട്ടങ്ങൾ പ്രകാരം, 60 ശതമാനം, 40 ശതമാനം എന്നിങ്ങനെ രണ്ട് ഗഡുക്കളായിട്ടാണ് കേന്ദ്രവിഹിതം അനുവദിക്കേണ്ടത്. കേന്ദ്രസർക്കാർ തന്നെ പുറപ്പെടുവിച്ചിട്ടുള്ള 2022 ലെ പി.എം.പോഷൻ മാർഗനിർദേശങ്ങളിൽ ഇത് വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. എന്നാൽ, ഇതിന് വിരുദ്ധമായി, ഇക്കൊല്ലം 25 ശതമാനം വീതം നാല് ഗഡുക്കളായി കേന്ദ്രവിഹിതം അനുവദിക്കുവാനുള്ള ഏകപക്ഷീയമായ തീരുമാനമാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടത്.

പദ്ധതി നടത്തിപ്പ് സംബന്ധിച്ച കണക്കുകളും ധനവിനിയോഗ പത്രങ്ങളും സമയബന്ധിതമായി സമർപ്പിച്ചുകൊണ്ട് അർഹമായ കേന്ദ്രവിഹിതം നേടിയെടുക്കുന്നതിനുള്ള നടപടികളാണ് സംസ്ഥാന സർക്കാർ നടത്തിയിട്ടുള്ളതും നടത്തുന്നതും. മുൻ വർഷത്തെ കണക്കുകളും ധനവിനിയോഗ പത്രങ്ങളും ഉൾപ്പടെ ആദ്യ ഗഡു കേന്ദ്രവിഹിതത്തിനുള്ള വിശദമായ പ്രൊപ്പോസൽ ജൂലൈ നാലിന് സമർപ്പിച്ചുവെങ്കിലും 80 ദിവസങ്ങൾക്ക് ശേഷം സെപ്റ്റംബർ 22നാണ്‌ ആദ്യ ഗഡുവായി (25 ശതമാനം) 54.17 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള 'അറിയിപ്പ് ലഭിക്കുന്നത്. അപ്രായോഗികവും അനാവശ്യവുമായ ചില തടസവാദങ്ങൾ ഉയർത്തിയാണ് തുക അനുവദിക്കുന്നത് വൈകിപ്പിച്ചത്.

ആദ്യ ഗഡുവായി ലഭിച്ച 54.17 കോടി രൂപയും കേന്ദ്രവിഹിതത്തിൽ മുൻ വർഷത്തെ ബാലൻസ് തുകയായ 32.34 കോടി രൂപയും ചേർത്ത്‌ ലഭ്യമായിരുന്ന 86.51 കോടി രൂപ പൂർണ്ണമായും ചെലവഴിക്കുകയും ഇതിന്റെ കൃത്യമായ കണക്കുകളും ചെലവ് സംബന്ധിച്ച സ്റ്റേറ്റ്മെന്റുകളും 31.10.2023 ന് കേന്ദ്രസർക്കാരിന് സമർപ്പിക്കുകയും ചെയ്തു. ഇത് അംഗീകരിച്ചുകൊണ്ട് നവംബർ 17 ന് രണ്ടാമത്തെ ഗഡുവായി 54.17 കോടി രൂപ (ആദ്യ ഗഡുവിന്റെ അതേ തുക) കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതോടെ, ഇക്കൊല്ലം സംസ്ഥാനത്തിന് ലഭിക്കേണ്ട 284.31 കോടി രൂപയിൽ മുൻവർഷത്തെ ബാലൻസ് ഉൾപ്പടെ 140.68 കോടി രൂപ കേന്ദ്രവിഹിതമായി ലഭിച്ചു.

രാജ്യത്തെ 36 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിൽ നമ്മുടെ സംസ്ഥാനമടക്കം കേവലം എട്ട് സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങൾക്ക് മാത്രമാണ് ഇതുവരെ രണ്ടാം ഗഡു കേന്ദ്രവിഹിതം ലഭ്യമായിട്ടുള്ളത്. കൃത്യമായ കണക്കുകൾ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന് രണ്ട് ഗഡു കേന്ദ്രവിഹിതം ലഭിച്ചിട്ടുള്ളത്. കേന്ദ്രവിഹിതത്തിൽ ഇനി സംസ്ഥാനത്തിന് ലഭിക്കേണ്ടത് 143.63 കോടി രൂപയാണ്. ഇത് ശേഷിക്കുന്ന രണ്ട് ഗഡുക്കളായാണ് കേന്ദ്രസർക്കാർ അനുവദിക്കുന്നത്.

പദ്ധതിക്ക്‌ സംസ്ഥാന സർക്കാർ വിഹിതമായി ബജറ്റിൽ വകയിരുത്തിയിട്ടുള്ളത് 357.79 കോടി രൂപയാണ്. ഇതിൽ 226.26 കോടി രൂപ ഇതിനോടകം റിലീസ് ചെയ്തു. പദ്ധതി നടത്തിപ്പിന് സ്കൂളുകൾക്ക് സെപ്റ്റംബർ മാസം വരെയുള്ള തുകയും ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് ഒക്ടോബർ വരെയുള്ള വേതനവും സർക്കാർ നൽകി. സ്കൂളുകൾക്കുള്ള ഒക്ടോബർ മാസത്തെ തുക ഉടൻതന്നെ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

എന്നാൽ, ഇക്കൊല്ലം സംസ്ഥാനത്തിന് ലഭിക്കേണ്ട ആകെ കേന്ദ്രവിഹിതത്തിന്റെ 60 ശതമാനം തുക ആദ്യ ഗഡുവായി നൽകേണ്ടിടത്ത് അത് 25 ശതമാനമായി വെട്ടിക്കുറക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. പദ്ധതിക്കുള്ള 2023 -24 വർഷത്തെ കേന്ദ്രവിഹിതം 284.31 കോടി രൂപയാണ് (ഇത് 184.31 കോടി രൂപ എന്നാണ് വാർത്തയിൽ പരാമർശിച്ചിരിക്കുന്നത്). ഇതിന്റെ 60 ശതമാനമായ 170.59 കോടി രൂപയാണ് ആദ്യ ഗഡുവായി സംസ്ഥാനത്തിന് ലഭിക്കേണ്ടത്. എന്നാൽ ഇതിന് പകരം അനുവദിച്ചത്‌ 54.16 കോടി രൂപ മാത്രം. അത് അനുവദിച്ചതാകട്ടെ, സാമ്പത്തിക വർഷത്തിന്റെ പകുതി അവസാനിക്കുന്ന ഘട്ടത്തിലും.

കേന്ദ്രവിഹിതം രണ്ട് ഗഡുക്കളായാണ് അനുവദിക്കുന്നത് എന്ന് കേന്ദ്രസർക്കാർ തന്നെ പുറപ്പെടുവിച്ചിട്ടുള്ള 2022 ലെ പി.എം.പോഷൻ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണ്. ഇതിനു വിരുദ്ധമായാണ് കേന്ദ്രവിഹിതം ഇക്കൊല്ലം നാല് ഗഡുക്കളായി അനുവദിക്കുവാൻ കേന്ദ്രസർക്കാർ തീരുമാനം എടുത്തത്. സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെയും രേഖാമൂലമുള്ള അറിയിപ്പുകൾ ഒന്നും നൽകാതെയും കേന്ദ്രസർക്കാർ എടുത്തിട്ടുള്ള ഏകപക്ഷീയമായ ഈ തീരുമാനം ഫെഡറൽ തത്വങ്ങൾക്കും മര്യാദകൾക്കും എതിരാണെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - V Sivankutty said that the government is not clear about the school lunch scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.