വിദേശ വിദ്യാർഥികള്‍ക്കുള്ള വിസ നിബന്ധനയോടെ പുനഃസ്ഥാപിച്ച് യു.എസ്; സമൂഹ മാധ്യമ അക്കൗണ്ടുകൾ നിരീക്ഷിക്കും

വാഷിങ്ടൺ: വിദേശ വിദ്യാർഥികൾക്കുളള വിസ അപേക്ഷകൾ പുനഃരാരംഭിക്കുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രഖ്യാപിച്ചു. എന്നാൽ, എല്ലാ അപേക്ഷകരും ഇനി അവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലേക്ക് അവലോകനത്തിനായി പ്രവേശനം നൽകേണ്ടിവരും.

മെച്ചപ്പെടുത്തിയ സോഷ്യൽ മീഡിയ പരിശോധനയിലൂടെ നമ്മുടെ രാജ്യം സന്ദർശിക്കാൻ ശ്രമിക്കുന്ന ഓരോ വ്യക്തിയെയും തങ്ങൾ ശരിയായി ‘സ്‌ക്രീൻ’ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ബുധനാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ പറഞ്ഞു. മെയ് മാസത്തിൽ ഏർപ്പെടുത്തിയ വിദ്യാർഥി വിസ പ്രോസസിങ്ങിലെ സസ്പെൻഷൻ പിൻവലിച്ചതായും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രഖ്യാപിച്ചു.

യു.എസിനോ അതിന്റെ സർക്കാറിനോ, സംസ്കാരത്തിനോ, സ്ഥാപനങ്ങൾക്കോ, മൂല്യങ്ങൾക്കോ ​​എതിരായി തോന്നുന്ന പോസ്റ്റുകളോ സന്ദേശങ്ങളോ കോൺസുലാർ ഉദ്യോഗസ്ഥർ പരിശോധിക്കും. യു.എസ് വിസക്കായി അപേക്ഷിക്കുന്ന വിദ്യാർഥികളോട് അവരുടെ അക്കൗണ്ടുകള്‍ പബ്ലിക് ആക്കി വെക്കണമെന്നും പരസ്യമാക്കാൻ വിസമ്മതിക്കുന്ന വിദ്യാർഥി വിസ അപേക്ഷകൾ നിരസിക്കപ്പെടുമെന്നും അറിയിപ്പിൽ പറഞ്ഞു. സോഷ്യൽ മീഡിയയിലേക്കുള്ള ആക്‌സസ് നിരസിക്കുന്നത് ഓൺലൈൻ പെരുമാറ്റം മറയ്ക്കാനോ തങ്ങളുടെ സ്‌ക്രീനിങ് ഒഴിവാക്കാനോ ഉള്ള ശ്രമമായി കാണുമെന്നും അത് കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസമാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിദേശവിദ്യാർഥികള്‍ക്കുള്ള വിസ അനുവദിക്കുന്നത് താൽക്കാലികമായി നിര്‍ത്തിവെച്ചത്. അധ്യയന വർഷം ആരംഭിക്കുന്നതിനു മുമ്പ് യാത്രയും താമസവും ക്രമീകരിക്കുന്നതിന് പരിമിതമായ സമയം മാത്രം ശേഷിക്കവെ ലോകമെമ്പാടുമുള്ള വിദ്യാർഥികൾ യു.എസ് കോൺസുലേറ്റുകൾ ഷെഡ്യൂളിങ് പുനഃരാരംഭിക്കുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. 

Tags:    
News Summary - US resumes student visas for foreign students, but with a condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.