സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷയുടെ ഉത്തരസൂചിക പരീക്ഷക്ക് പിന്നാലെ പുറത്തിറക്കുമെന്ന് യു.പി.എസ്.സി

ന്യൂഡൽഹി: സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷയുടെ ഉത്തരസൂചിക പരീക്ഷക്ക് ശേഷം ഉടൻ പുറത്തിറക്കുമെന്നും, മുഴുവൻ പരീക്ഷ നടപടികൾ പൂർത്തിയാകുന്നതുവരെ കാത്തിരിക്കില്ലെന്നും യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്‌.സി). സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കമീഷൻ ഇത് വ്യക്തമാക്കിയത്.

സിവിൽ സർവീസസ് പരീക്ഷയുടെ അവസാന ഘട്ടം വരെ ഉത്തരസൂചിക തടഞ്ഞുവയ്ക്കുന്ന കമ്മീഷന്റെ മുൻകാല രീതിയെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് നടപടി. യു.പി.എസ്‌.സിയുടെ ദീർഘകാല നിലപാടിൽ നിന്നുള്ള ശ്രദ്ധേയമായ വ്യതിയാനമായാണ് സത്യവാങ്മൂലം വിലയിരുത്തപ്പെടുന്നത്. മുഴുവൻ നിയമന പ്രക്രിയയും പൂർത്തിയായതിനുശേഷം മാത്രമേ പ്രിലിമിനറി പരീക്ഷയുടേത് ഉൾപ്പെടെ മാർക്കുകൾ, കട്ട്-ഓഫ് സ്‌കോർ, ഉത്തരസൂചികകൾ എന്നിവ വെളിപ്പെടുത്തൂ എന്നായിരുന്നു ഇതുവരെ യു.പി.എസ്.സി നിലപാട്.

പ്രിലിമിനറി പരീക്ഷയുടെ ഉത്തരസൂചിക പ്രിലിമിനറി ഫലത്തോടൊപ്പം പ്രസിദ്ധീകരിക്കണമെന്ന് പാർലമെന്ററി കമ്മിറ്റികൾ ആവർത്തിച്ച് ശിപാർശ ചെയ്തിട്ടും സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (സി.എ.ടി) നിർദ്ദേശങ്ങളുണ്ടായിട്ടും യു.പി.എസ്.സി നിലപാട് തുടരുകയായിരുന്നു.

ഇതിന് പിന്നാലെയാണ്, ഏജൻസിയുടെ നിലപാട് ചോദ്യം ചെയ്ത് സിവിൽ സർവീസ് ഉദ്യോഗാർത്ഥികളായ വിദുഷി പാണ്ഡെയും ഹിമാൻഷു കുമാറും കോടതിയെ സമീപിച്ചത്. നേരത്തെ ഹരജിയിൽ വാദം കേൾക്കുന്നതിനിടെ, ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയെ കേസിൽ സഹായിക്കാൻ അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നു. ഹരജിക്കാരോട് ഗുപ്തക്ക് ഹരജിയുടെ ഒരു പകർപ്പ് നൽകാനും കോടതി നിർദ്ദേശിച്ചിരുന്നു.

പ്രിലിമിനറി പരീക്ഷക്ക് തൊട്ടുപിന്നാലെ താൽക്കാലിക ഉത്തരസൂചികകൾ പുറത്തിറക്കാനുള്ള തീരുമാനം ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ. ഇത് ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയിലെ സ്വന്തം പ്രകടനം സമയാസമയം വിലയിരുത്താനും കമീഷന് പരീക്ഷയിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനും സഹായിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. 

Tags:    
News Summary - UPSC To Release Provisional Answer Keys Soon After Civil Services Prelims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.