പ്രതീകാത്മക ചിത്രം
സൂപ്പർമാർക്കറ്റിലോ തുണിക്കടയിലോ കയറുമ്പോൾ ചില കാഴ്ചകൾ നമ്മളെ വല്ലാതെ ആകർഷിക്കും. കൃത്യമായി അടുക്കിവെച്ച വസ്ത്രങ്ങൾ, പുതിയ മോഡലുകൾക്കായി ഒരുക്കിയ പ്രധാന ഷെൽഫുകൾ, 'ബയ് വൺ ഗെറ്റ് വൺ' പോലുള്ള ഓഫറുകൾ, ഉത്സവകാലത്ത് കടയുടെ രൂപംതന്നെ മാറ്റുന്നത്... നമ്മൾ അറിയാതെ തന്നെ സാധനം വാങ്ങിപ്പോകും.
ആരാണ് ഇതിനെല്ലാം പിന്നിൽ?. ഏത് ഉൽപന്നം കടയിൽ വെക്കണം, അതിന് എന്തു വിലയിടണം, എവിടെ പ്രദർശിപ്പിക്കണം എന്നൊക്കെ തീരുമാനിക്കുന്നതാര്? അവിടെയാണ് മെർച്ചൻഡൈസർ (Merchandiser) രംഗപ്രവേശം ചെയ്യുന്നത്. ഒറ്റവാചകത്തിൽ പറഞ്ഞാൽ, ഒരു കടയിലേക്ക് ശരിയായ ഉൽപന്നം, ശരിയായ അളവിൽ, ശരിയായ സമയത്ത്, ശരിയായ വിലയ്ക്ക് എത്തിച്ച് ഉപഭോക്താവിനെക്കൊണ്ട് വാങ്ങിപ്പിക്കുന്ന വ്യക്തിയാണ് മെർച്ചൻഡൈസർ. റീട്ടെയിൽ ലോകം വളരുന്നതനുസരിച്ച് മെർച്ചൻഡൈസർമാരുടെ ആവശ്യവും വർധിക്കുകയാണ്.
ഫാഷനോടും ഷോപ്പിങ്ങിനോടും താൽപര്യമുള്ള, അതോടൊപ്പം അൽപം കണക്കും ബിസിനസ് തന്ത്രങ്ങളും കൈകാര്യം ചെയ്യാൻ അറിയുന്ന ഒരാൾക്ക് തിളങ്ങാൻ പറ്റിയ മികച്ച കരിയർ ഫീൽഡാണ് മെർച്ചൻഡൈസിങ്. ബി.വോക്, ബി.ബി.എ പോലുള്ള പ്രായോഗിക കോഴ്സുകൾ ഈ രംഗത്തേക്ക് എളുപ്പത്തിൽ പ്രവേശനം സാധ്യമാക്കുന്നു. ഇതു വെറുമൊരു ജോലിയല്ല, ആളുകളുടെ ഷോപ്പിങ് അനുഭവംതന്നെ മാറ്റിമറിക്കുന്ന കലയാണ്.
● റീട്ടെയിൽ ശൃംഖലകൾ: സൂപ്പർമാർക്കറ്റുകൾ, ഹൈപ്പർമാർക്കറ്റുകൾ, ഡിപ്പാർട്മെന്റ് സ്റ്റോറുകൾ.
● ഫാഷൻ ബ്രാൻഡുകൾ: അന്താരാഷ്ട്ര ബ്രാൻഡുകൾ മുതൽ പ്രാദേശിക ബ്രാൻഡുകൾ വരെ.
● ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ: ആമസോൺ, ഫ്ലിപ്കാർട്ട്, മിന്ത്ര പോലുള്ള ഓൺലൈൻ ഭീമന്മാർ.
● കയറ്റുമതി സ്ഥാപനങ്ങൾ: വിദേശ ബയർമാരുമായി ആശയവിനിമയം നടത്തി ഓർഡറുകൾ എടുക്കുന്ന ജോലി.
മെർച്ചൻഡൈസർ ആകാൻ നിരവധി വഴികളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബി.വോക് കോഴ്സ്.
യു.ജി.സി അംഗീകാരമുള്ള ഈ തൊഴിലധിഷ്ഠിത ബിരുദ കോഴ്സിൽ തിയറിയോടൊപ്പം പ്രാക്ടിക്കൽ പരിശീലനത്തിനും ഇന്റേൺഷിപ്പിനും വലിയ പ്രാധാന്യം നൽകുന്നു.
ബി.വോക് റീട്ടെയിൽ മാനേജ്മെൻറിൽ മെർച്ചൻഡൈസിങ്ങിന് ആവശ്യമായ ബയിങ് ആൻഡ് മെർച്ചൻഡൈസിങ്, വിഷ്വൽ മെർച്ചൻഡൈസിങ്, സ്റ്റോർ ഓപറേഷൻസ് ആൻഡ് ഇൻവെൻററി മാനേജ്മെൻറ്, സപ്ലൈ ചെയിൻ മാനേജ്മെൻറ് തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്നു.
● ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡെസ്) ഇൻ ഫാഷൻ മെർച്ചൻഡൈസിങ്: ഫാഷൻ മേഖലയിലാണ് താൽപര്യമെങ്കിൽ ഇതു മികച്ചതാണ്.
● ബി.ബി.എ/എം.ബി.എ ഇൻ റീട്ടെയിൽ മാനേജ്മെന്റ് : ബിസിനസ് പരമായ കാര്യങ്ങളിൽ ആഴത്തിൽ പഠിക്കാൻ ഈ കോഴ്സുകൾ സഹായിക്കും.
● ബാച്ച്ലർ ഓഫ് ഫാഷൻ ടെക്നോളജി (ബി.എഫ്ടെക്): നിഫ്റ്റ് പോലുള്ള സ്ഥാപനങ്ങളിലെ ഈ കോഴ്സ് മികച്ച അവസരങ്ങൾ നൽകും.
● നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ്): ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനം. കണ്ണൂർ ഉൾപ്പെടെ 18 കാമ്പസുകളുണ്ട്. ബി.എഫ്ടെക്, മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്മെന്റ് തുടങ്ങിയ കോഴ്സുകൾ ഇവിടെയുണ്ട്.
● പേൾ അക്കാദമി: ഫാഷൻ, ഡിസൈൻ, ബിസിനസ് കോഴ്സുകൾക്ക് പേരുകേട്ട സ്വകാര്യ സ്ഥാപനം. ഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ കാമ്പസുകളുണ്ട്.
● സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, പുണെ: ഡിസൈൻ കോഴ്സുകൾക്ക് പ്രാധാന്യം നൽകുന്ന മറ്റൊരു മികച്ച സ്ഥാപനം.
● കെ. ജെ. സോമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്, മുംബൈ: എം.ബി.എ ഇൻ റീട്ടെയിൽ മാനേജ്മെന്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച ബിസിനസ് സ്കൂളുകളിൽ ഒന്നാണിത്.
● ടിസ്-എസ്.വി.ഇ: ഇന്ത്യയിലുടനീളം നിരവധി സെൻററുകൾ വഴി ബി.വോക് ഇൻ റീട്ടെയിൽ മാനേജ്മെന്റ് കോഴ്സ് നടത്തുന്നു.
● സെൻറ് ആൽബർട്സ് കോളജ് (എറണാകുളം), എം.ഇ.എസ് കോളേജ് (മാറമ്പള്ളി), മംഗലാപുരം സെൻറ് അലോഷ്യസ് (കൽപിത സർവകലാശാല) എന്നിവിടങ്ങളിലും ബി വോക് റീട്ടെയിൽ മാനേജ്മെന്റ് കോഴ്സുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.