പാഠപുസ്തകത്തിലെ സംവരണ വിരുദ്ധ പരാമർശം തിരുത്തും; തയാറാക്കിയത് 2014 ൽ എന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: പ്ലസ് വൺ ക്ലാസുകളിലേക്കുള്ള സോഷ്യൽവർക്ക് പാഠപുസ്തകങ്ങളിലെ സംവരണ വിരുദ്ധ പരാമർശം തിരുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി. വിഷയം പരിശോധിച്ച് വേണ്ട തിരുത്തലുകൾ വരുത്താൻ എസ്.സി.ഇ.ആർ.ടി.ക്ക് നിർദേശം നൽകി. പ്ലസ് വൺ ക്ലാസുകളിലേക്ക് വേണ്ടി 2014 ൽ തയാറാക്കിയ ‘സോഷ്യൽവർക്ക്’ പാഠപുസ്തകമാണ് ഇപ്പോഴും നമ്മുടെ വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നത്.

കഴിഞ്ഞ പത്ത് വർഷമായി വിദ്യാലയങ്ങളിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ പാഠപുസ്തകത്തിലെ ഈ പാഠഭാഗത്തിലെ പിശക് ഇപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ വേണ്ട തിരുത്തലുകൾക്ക് നിർദേശം നൽകി. കേരളത്തിലെ ഹയർ സെക്കൻഡറി മേഖലയിൽ ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾ മാത്രമാണ് നാം ഉപയോഗിച്ചിരുന്നത്. കുട്ടികൾക്ക് മാതൃഭാഷയിൽ പഠിക്കാൻ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് 2014ൽ ഇംഗ്ലീഷ് മാധ്യമത്തിൽ തയാറാക്കിയ പാഠപുസ്തകങ്ങൾ യാതൊരു മാറ്റവും വരുത്താതെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.

ഇത്തരത്തിൽ തയാറാക്കിയ എല്ലാ മലയാളം പാഠപുസ്തകങ്ങളും എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിലാണ് നൽകിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ പാഠപുസ്തകം 2019ൽ തയാറാക്കിയതാണെന്ന വാർത്ത വസ്തുതാവിരുദ്ധമാണ്. ഹയർ സെക്കൻഡറി മേഖല ഉൾപ്പെടെയുള്ള എല്ലാ ക്ലാസുകളിലെയും പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

എല്ലാ വിഭാഗം ജനങ്ങളുമായി ആശയവിനിമയം നടത്തി പൊതുസമൂഹത്തിന്റെ ആകെ അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ചാണ് പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഇതിലൂടെ നിലവിലെ പാഠപുസ്തകങ്ങളുടെ സമഗ്രമായ പരിഷ്കരണമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Tags:    
News Summary - The error in the textbook will be corrected; V. Shivankutty said that the textbook was prepared in 2014.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.