വിദേശ വൈദ്യപഠനം: പ്രൊവിഷനൽ രജിസ്ട്രേഷന് മാസങ്ങളുടെ കാത്തിരിപ്പ്

തിരുവനന്തപുരം: വിദേശത്ത് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് കേരളത്തിൽ പ്രൊവിഷനൽ രജിസ്ട്രേഷൻ കിട്ടാൻ മാസങ്ങൾ നീണ്ട കാത്തിരിപ്പ്. കോഴ്സ് പൂർത്തിയാക്കി രാജ്യത്ത് ജോലി ചെയ്യുന്നതിനുള്ള മാനദണ്ഡമായി നാഷനൽ മെഡിക്കൽ കമീഷൻ (എൻ.എം.സി) നിർദേശിച്ച യോഗ്യതാപരീക്ഷയായ ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ (എഫ്.എം.ജി.ഇ) പാസായവർക്കാണ് ഈ ഗതികേട്.

എഫ്.എം.ജി.ഇ പാസായവർക്ക് സ്ഥിരം രജിസ്ട്രേഷൻ കിട്ടാൻ ഒരു വർഷം ഇന്‍റേൺഷിപ് വേണമെന്നാണ് വ്യവസ്ഥ. അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽനിന്ന് അനുമതി കിട്ടാൻ വൈകുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ആറു മുതൽ ഒമ്പത് മാസം വരെ കാത്തിരിപ്പ് നീളുകയാണ്. കരിയറിലെ പ്രധാന സമയമാണ് അധികൃതരുടെ അലംഭാവത്തിൽ നഷ്ടപ്പെടുന്നത്.

മറ്റ് പല സംസ്ഥാനങ്ങളിലും യോഗ്യതാപരീക്ഷ പാസായി ഒരു മാസത്തിനോടകം തന്നെ ഇന്റേൺഷിപ് അവസരം ലഭിക്കുന്നുണ്ട്. കേരളത്തിൽ മാത്രമാണ് അനിശ്ചിതാവസ്ഥ. 20022 ഡിസംബറിൽ പ്രവേശനപരീക്ഷ പാസായവരിൽ 50 ലേറെ പേർക്ക് ഇപ്പോഴും പ്രൊവിഷനൽ രജിസ്ട്രേഷൻ ലഭിച്ചിട്ടില്ല. 2023 ജൂണിൽ പരീക്ഷ പാസായ 250ൽ പരം വിദ്യാർഥികൾ പ്രൊവിഷനൽ രജിസ്ട്രേഷന് അപേക്ഷിച്ച് കാത്തിരിക്കുകയാണ്.

അപേക്ഷാനടപടിക്രമങ്ങളിൽ കെ.എസ്.എം.സി ഓൺലൈൻ പോർട്ടലിന് വ്യക്തതയില്ലെന്നതാണ് മറ്റൊരു പ്രശ്നം. ഇന്‍റേൺഷിപ്പിന് അപേക്ഷിച്ച് ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞാലും അപ്ഡേറ്റുകൾ അപേക്ഷകർക്ക് ലഭിക്കാറില്ല. ഇ-മെയിൽ വഴിയോ വെബ്സൈറ്റിൽ നൽകിയ ഫോൺ നമ്പറിലോ ബന്ധപ്പെട്ടാലും മറുപടി കിട്ടാറില്ല. 15000 രൂപ അപേക്ഷ ഫീസ് വാങ്ങിയ ശേഷമാണ് ഈ അവഗണന.

പ്രതിസന്ധികൾക്ക് പരിഹാരം ആവശ്യപ്പെട്ട് വിദ്യാർഥികൂട്ടായ്മ ആരോഗ്യമന്ത്രി വീണാ ജോർജിന് നിവേദനം നൽകിയിട്ടുണ്ട്. വായ്പ എടുത്തും മറ്റുമാണ് പലരും പഠനത്തിന് പണം കണ്ടെത്തിയിട്ടുള്ളതെന്നും എത്രയും വേഗം ജോലിയിൽ പ്രവേശിച്ച് അവ തിരിച്ചടക്കാമെന്ന പ്രതീക്ഷയാണ് ഇത്തരം വൈകലുകളിൽ കെട്ടടങ്ങുന്നതെന്നും വിദ്യാർഥികൾ പറയുന്നു.

Tags:    
News Summary - Studying Medicine Abroad: Months of Waiting for Provisional Registration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT