തിരുവനന്തപുരം: സംസ്ഥാന ഒാപൺ സർവകലാശാല അടുത്ത വർഷംതന്നെ ആരംഭിക്കാൻ നടപടികൾ തുടങ്ങി. ഇതിെൻറ മുന്നോടിയായി സ്പെഷൽ ഒാഫിസറെ നിയമിക്കാനുള്ള നിർദേശം ഉന്നത വിദ്യാഭ്യാസ വകുപ്പ് സമർപ്പിച്ചു. കേരള സർവകലാശാല മുൻ പ്രോ-വൈസ് ചാൻസലർ ഡോ.െജ. പ്രഭാഷിനെയാണ് സ്പെഷൽ ഒാഫിസർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
സർവകലാശാല സ്ഥാപിക്കുന്നതിനായി സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് സ്പെഷൽ ഒാഫിസർ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കണം. ഇതിനനുസൃതമായി ഒാർഡിനൻസിലൂടെ സർവകലാശാലക്ക് തുടക്കം കുറിക്കാനാണ് ധാരണ. അടുത്ത അധ്യയന വർഷംതന്നെ വിദ്യാർഥി പ്രവേശനം നടത്തണമെന്ന ലക്ഷ്യത്തോടെയാണ് നടപടികൾ. സംസ്ഥാന ഒാപൺ സർവകലാശാല സ്ഥാപിക്കുന്നത് സംബന്ധിച്ച് നേരത്തേ ഉന്നത വിദ്യാഭ്യാസ കൗൺസിൽ സർക്കാറിന് ശിപാർശ സമർപ്പിച്ചിരുന്നു.
നിലവിൽ കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ സർവകലാശാലകളിലുള്ള വിദൂരവിദ്യാഭ്യാസ വിഭാഗങ്ങൾ ഘട്ടംഘട്ടമായി നിർത്തലാക്കാനാണ് ശിപാർശ. നിശ്ചിത സമയംകൊണ്ട് സംസ്ഥാനത്തെ വിദൂരവിദ്യാഭ്യാസ പഠനം പൂർണമായും ഒാപൺസർവകലാശാലക്ക് കീഴിലേക്ക് മാറ്റാനും റിപ്പോർട്ടിൽ ശിപാർശയുണ്ട്. വിദൂരവിദ്യാഭ്യാസ വിഭാഗം നിർത്തലാക്കുന്നതുവഴിയുണ്ടാകുന്ന അധിക ജീവനക്കാരെ ഒാപൺ സർവകലാശാലയിലേക്ക് പുനർവിന്യസിക്കുന്നത് ഉൾപ്പെടെ ശിപാർശകളാണ് സമർപ്പിച്ചത്.
തുടക്കത്തിൽ സർവകലാശാല ആസ്ഥാനത്തിനു പുറമേ തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പ്രാദേശിക കേന്ദ്രങ്ങൾ തുടങ്ങാം. സർവകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങളുടെ സൗകര്യങ്ങൾ നിർദിഷ്ട ഓപൺ യൂനിവേഴ്സിറ്റിയുടെ പ്രാദേശിക കേന്ദ്രങ്ങൾക്കായി ഉപയോഗിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.