ന്യൂഡൽഹി: ഇക്കഴിഞ്ഞ ജനുവരിയിലാണ് അടൽ ബിഹാരി വാജ്പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെയും ഡോ. റാം മനോഹർ ലോഹ്യ ആശുപത്രിയിലെയും എം.ബി.ബി.എസ് വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പദ്ധതി തുടങ്ങിയത്. എന്നാൽ നാളിതുവരെയായി ഒറ്റക്കുട്ടിക്കു പോലും സ്കോളർഷിപ്പ് ലഭിച്ചിട്ടില്ല. വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. 2021, 2022, 2023, 2024 ബാച്ചുകളിലെ ഒരു എം.ബി.ബി.എസ് വിദ്യാർഥിക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. സാമ്പത്തിക പിന്നാക്കാവസ്ഥയും അക്കാദമിക മികവുമാണ് സ്കോളർഷിപ്പ് ലഭിക്കാനുള്ള യോഗ്യത.
2025 സെപ്റ്റംബർ 27 വരെയുള്ള കാലയളവിൽ സ്കോളർഷിപ്പ് ലഭിച്ചവരെ കുറിച്ചുള്ള വിവരങ്ങളാണ് ആർ.ടി.ഐ നിയമപ്രകാരം തേടിയത്. എന്നാൽ സ്ഥാപനത്തിലെ ഒരു എം.ബി.ബി.എസ് വിദ്യാർഥിക്കും ഇതുവരെ സ്കോളർഷിപ്പ് വിതരണം ചെയ്തിട്ടില്ല എന്നായിരുന്നു ഒക്ടോബർ 23ന് ആശുപത്രി നൽകിയ മറുപടി.
അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് സംബന്ധിച്ച ഒരു തരത്തിലുള്ള അറിയിപ്പും കിട്ടിയില്ല. മേയ് 7ന് മുമ്പാണ് അപേക്ഷ നടപടികൾ പൂർത്തിയാക്കിയത്.
ഒന്നാംവർഷ വിദ്യാർഥികൾ അപേക്ഷ സമർപ്പിച്ച ഉടൻ മാർച്ചിൽ മറുപടി ലഭിച്ചു. തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ അവസാന വർഷ വിദ്യാർഥികൾക്ക് അവരുടെ അപേക്ഷാഫോമുകൾ ലഭിച്ചത് മേയിലാണ്. അപേക്ഷ നൽകിയതിന് ശേഷം പിന്നീടൊരു മറുപടിയും ലഭിച്ചിട്ടില്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിലെ ഭരണമാറ്റം കാരണം പദ്ധതി നിർത്തിവെച്ചിരിക്കുകയാണ് എന്നാണ് വിദ്യാർഥികൾക്ക് അറിയാൻ കഴിഞ്ഞത്.
ഇക്കാര്യത്തിൽ വ്യക്തത തേടി വിദ്യാർഥികൾ നിരവധി തവണ ആശുപത്രി അധികൃതർക്ക് കത്തുകളെഴുതി. എന്നിട്ടും മറുപടി ലഭിച്ചില്ല. ഈ സ്കോളർഷിപ്പ് കിട്ടുമെന്ന് കരുതി പലരും കേന്ദ്രസർക്കാറിന്റെ സ്കോളർഷിപ്പുകൾക്ക് അപേക്ഷ നൽകിയിട്ടുമില്ല. ഫലത്തിൽ രണ്ട് സ്കോളർഷിപ്പുകളും നഷ്ടമായ പ്രതീതിയാണെന്ന് വിദ്യാർഥികൾ പറയുന്നു.
പദ്ധതി പ്രകാരം ഓരോ ബാച്ചിനും പ്രതിവർഷം രണ്ട് തരം സ്കോളർഷിപ്പുകളാണ് വാഗ്ദാനം ചെയ്യുന്നത്. പ്രതിമാസം 3000 രൂപ വീതം മാണ് സ്കോളർഷിപ്പായി ലഭിക്കുന്നത്. മറ്റ് സാമ്പത്തിക വരുമാനമൊന്നുമില്ലെങ്കിൽ വിദ്യാർഥിയുടെ വാർഷിക അക്കാദമിക,ഹോസ്റ്റൽ ഫീസും ഈ സ്കോളർഷിപ്പ് വഴി പോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.