തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലും കോളജുകളിലും ബിരുദപഠനം നടത്തുന്ന പ്രതിഭാധനരായ വിദ്യാർഥികൾക്ക് യു.കെയിലെ തെരഞ്ഞെടുത്ത സർവകലാശാലകളിൽ രണ്ടാഴ്ച നീളുന്ന മുഖാമുഖ കോഴ്സിന് വഴിയൊരുക്കുന്ന പദ്ധതിക്ക് സർക്കാർ അംഗീകാരം. സ്കോളേഴ്സ് ഫോർ ഔട്ട്സ്റ്റാന്‍റിങ് അണ്ടർ ഗ്രാജ്വേറ്റ് ടാലൻസ് ഇൻ കേരള (സ്കൗട്ട് കേരള) എന്ന പേരിലുള്ള സ്കോളർഷിപ്പ് പ്രോഗ്രാം ബ്രിട്ടീഷ് കൗൺസിൽ പങ്കാളിത്തത്തിലാണ് നടപ്പാക്കുക.
25 ബിരുദ വിദ്യാർഥികളെയാണ് 2026 ഫെബ്രുവരി/മാർച്ച് മാസങ്ങളിലായി നടത്തുന്ന കോഴ്സിലേക്ക് തെരഞ്ഞെടുക്കുക. സുസ്ഥിര വികസനം, കാലാവസ്ഥ, ലിംഗഭേദം എന്നീ വിഷയമേഖലകളിലെ കോഴ്സുകളിലേക്കാണ് തെരഞ്ഞെടുക്കുക. ബ്രിട്ടീഷ് കൗൺസിലായിരിക്കും സർവകലാശാലകളെ കണ്ടെത്തുക. ബ്രിട്ടീഷ് കൗൺസിൽ ദക്ഷിണേന്ത്യൻ ഡയറക്ടർ സമർപ്പിച്ച പദ്ധതി അംഗീകരിച്ചാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
തെരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്കുള്ള കോഴ്‌സ് ഫീസ്, താമസം, ജീവിതച്ചെലവ് എന്നിവ ബ്രിട്ടീഷ് കൗൺസിൽ വഹിക്കും. വിദ്യാർഥികൾക്കും ഒപ്പമുള്ള ഓഫീസർമാർക്കും/സ്റ്റാഫുകൾക്കും യാത്രാചെലവുകൾ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്ന സർവകലാശാലകളുടെ സ്വന്തം ഫണ്ടിൽ നിന്ന് വഹിക്കും.
മികവുണ്ടായിട്ടും അന്താരാഷ്ട്ര വിദ്യാഭ്യാസം നേടാൻ കഴിയാത്ത യുവാക്കൾക്ക് പരിചയവും കഴിവുകളും നൽകുക, പ്രൊഫഷണൽ, അക്കാദമിക് കഴിവുകൾ വികസിപ്പിക്കുന്നതിന് ഇവർക്ക് യു.കെ വിദ്യാഭ്യാസത്തിന്റെ അനുഭവം നൽകുക, ഹ്രസ്വകാല കോഴ്‌സിൽ നേടിയ പഠനാനുഭവം പ്രാദേശിക സമൂഹങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പകർന്നുനൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സ്കോളർഷിപ്പ് പദ്ധതി. യു.കെയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേരള സർക്കാറുമായി സഹകരിക്കാൻ പ്രാപ്തമാക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.