സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനസഹായ പദ്ധതിയായ എസ്.ബി.ഐയുടെ ആശ സ്കോളർഷിപ്പിന് നവംബർ 15 വരെ അപേക്ഷിക്കാം. സ്കൂൾ, കോളജ്, ബിരുദാനന്തര ബിരുദ, മെഡിക്കൽ വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകുന്ന സ്കോളർഷിപ്പാണിത്. മികച്ച വിദ്യാഭ്യാസ നിലവാരമുള്ള 23,230 വിദ്യാർത്ഥികൾക്കായി 90 കോടി രൂപ നീക്കിവച്ചാണ് എസ്ബിഐ പ്ലാറ്റിനം ജൂബിലി ആശ സ്കോളർഷിപ്പ് 2025 നൽകുന്നത്.
ഒമ്പതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ലഭ്യമാണ്. സാമ്പത്തിക തടസ്സങ്ങളില്ലാതെ വിദ്യാഭ്യാസം തുടരാൻ അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കുന്നത്.
അപേക്ഷകർ ഇന്ത്യൻ പൗരനായിരിക്കണം. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം സ്കൂൾ വിദ്യാർഥികളാണെങ്കിൽ മൂന്നുലക്ഷം രൂപയും കോളജ് വിദ്യാർഥികളാണെങ്കിൽ ആറുലക്ഷം രൂപയും കവിയരുത്.
പട്ടിക ജാതി/വർഗ വിഭാഗങ്ങൾക്ക് പ്രത്യേകം സംവരണമുണ്ട്. മുമ്പത്തെ അധ്യയന വർഷത്തിൽ കുറഞ്ഞത് 75 ശതമാനം മാർക്കോ അല്ലെങ്കിൽ 7.0 സി.ജി.പി.എയോ ഉണ്ടായിരിക്കണം.
ഒമ്പതാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെ പ്രതിവർഷം 15,000 രൂപയാണ് സ്കോളർഷിപ്പായി ലഭിക്കുക. ബിരുദ തലത്തിൽ പ്രതിവർഷം 75,000 രൂപ വരെ ലഭിക്കും. എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ ആദ്യ 300 നുള്ളിലുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. മെഡിക്കൽ തലത്തിൽ പ്രതിവർഷം 4,50,000 വരെ സ്കോളർഷിപ്പ് ലഭിക്കും. എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ ആദ്യ 300 സ്ഥാനങ്ങളിലുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കാണ് അർഹത. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: sbiashascholarship.co.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.