ന്യൂഡൽഹി: ഐ.എ.എസ് റിസൾട്ടിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയ പരിശീലന സ്ഥാപനത്തിന് 11 ലക്ഷം പിഴ ചുമത്തി സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി(സി.സി.പി.എ). വിഷൻ ഐ.എ.എസ് എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. തങ്ങളുടെ ലക്ഷക്കണക്കിന് രൂപ വിലയുള്ള കോഴ്സ് പഠിച്ചവരാണ് സിവിൽ സർവീസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയതെന്ന് കാണിച്ച് ഉദ്യോഗാർഥികളെ സ്ഥാപനം തുടർച്ചയായി കബളിപ്പിച്ചുവെന്നാണ് സി.സി.പി.എയുടെ കണ്ടെത്തൽ.
2023ലെ സി.എസ്.ഇ പരീക്ഷയിൽ ആദ്യ പത്ത് റാങ്കിൽ ഏഴ് പേരും നൂറിൽ എഴുപത്തിഒമ്പത് പേരും തങ്ങളുടെ കോഴ്സ് പഠിച്ചവരെന്നാണ് സ്ഥാപനം അവകാശപ്പെട്ടത്. അതുപോലെ 2022ലെ ആദ്യ 50 റാങ്കിലെ 39 പേരും തങ്ങളുടെ കോഴ്സ് പഠിച്ചിരുന്നവരെന്നാണ് അവകാശപ്പെട്ടത്. എന്നാൽ സി.സി.പി.എ അന്വേഷണത്തിൽ സ്ഥാപനത്തിന്‍റെ പരസ്യത്തിൽ പറയുന്ന 119ഓളം വരുന്ന റാങ്ക് ജേതാക്കളിൽ മൂന്ന് പേർ മാത്രമാണ് ഇവിടെ നിന്ന് ഫൗണ്ടേഷൻ കോഴ്സ് ചെയ്തിട്ടുള്ളതെന്ന് തെളിഞ്ഞു.
തുടർച്ചയായി സ്ഥാപനം ഒരേ തെറ്റ് തന്നെ ആവർത്തിച്ചതിനെതുടർന്നാണ് വലിയ തുക പിഴ ചുമത്താൻ തീരുമാനിച്ചത്. വിദ്യാർഥികളുടെ സമ്മതമില്ലാതെയാണ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിൽ സ്ഥാപനം ഫോട്ടോ ഉൾപ്പെടെ നൽകിയതെന്നും സി.സി.പി.എ പറഞ്ഞു. ഉയർന്ന മത്സര സ്വഭാവമുള്ള യു.പി.എസ്.സി പരീക്ഷയുടെ ഫലത്തെക്കുറിച്ച് തെറ്റിദ്ധാരണാപരമായ വാർത്തകൾ നൽകുന്നത് ഏറെ അധ്വാനം ആവശ്യമുള്ള പരീക്ഷയെക്കുറിച്ച് വിദ്യാർഥികളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുമെന്ന് സി.സി.പി.എ ചൂണ്ടക്കാട്ടി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയ വിവിധ പരിശീലന സ്ഥാപനങ്ങൾക്ക് 57 നോട്ടീസുകൾ ഇതുവരെ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.