തിരുവനന്തപുരം: പ്ലസ് വൺ ട്രയൽ അലോട്ട്മെന്റിൽ ഒഴിഞ്ഞുകിടക്കുന്നതിൽ ഭൂരിഭാഗം സീറ്റുകളും സംവരണ ക്വോട്ടയിൽ. ജനറൽ മെറിറ്റിൽ ആകെയുള്ള 1,56,055 സീറ്റുകളിൽ 56 എണ്ണത്തിൽ മാത്രമാണ് ഒഴിവുള്ളത്.
ഏകജാലക പ്രവേശനത്തിന് ലഭ്യമായ 3,15,093 സീറ്റുകളിൽ 2,44,796 ലേക്കാണ് ട്രയൽ ഘട്ടത്തിൽ അലോട്ട്മെന്റായത്. 72,220 സീറ്റുകളാണ് ഒഴിവുള്ളത്. ഇവയിൽ 56 സീറ്റുകൾ ഒഴികെയുള്ളവ വിവിധ സംവരണ സീറ്റുകളാണ്. സമീപകാലത്ത് നിലവിൽ വന്ന ഇ.ഡബ്ല്യു.എസ് സംവരണത്തിനായി നീക്കിവെച്ച 19,758 സീറ്റുകളിൽ 11,763 എണ്ണം ട്രയൽ ഘട്ടത്തിൽ ഒഴിഞ്ഞുകിടക്കുകയാണ്. എസ്.സി വിഭാഗത്തിനുള്ള 46,240 സീറ്റുകളിൽ 15214 എണ്ണവും എസ്.ടി വിഭാഗത്തിനുള്ള 30,988 സീറ്റുകളിൽ 27,160 എണ്ണവും ഒഴിഞ്ഞുകിടക്കുന്നു. ആദ്യ രണ്ട് അലോട്ട്മെന്റുകൾക്കുശേഷം മൂന്നാം അലോട്ട്മെന്റിൽ ഒഴിവുള്ള സംവരണ സീറ്റുകൾ മെറിറ്റ് സീറ്റുകളാക്കി അലോട്ട്മെന്റ് നടത്തും. ആദ്യ രണ്ട് അലോട്ട്മെന്റിലും സംവരണ സീറ്റുകളിൽ ഭൂരിഭാഗവും ഒഴിഞ്ഞുകിടക്കും.
അതേസമയം, എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്കുള്ള പ്രവേശനം ഇത്തവണ മൂന്ന് അലോട്ട്മെന്റുകൾക്കുശേഷം നടത്താനാണ് തീരുമാനം. കഴിഞ്ഞവർഷം ഏകജാലകത്തിന്‍റെ രണ്ട് അലോട്ട്മെന്റുകൾ പൂർത്തിയായ ശേഷമായിരുന്നു സ്കൂൾ തലത്തിലുള്ള കമ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം നടന്നിരുന്നത്. മൂന്നാം അലോട്ട്മെന്റിന് മുമ്പ് കമ്യൂണിറ്റി ക്വോട്ട പ്രവേശനം നടത്തുന്നത് കൂടുതൽ വിദ്യാർഥികൾക്ക് മെറിറ്റിൽ പ്രവേശനം നേടാനുള്ള അവസരം തടയുന്നെന്ന് പരാതി ഉയർന്നിരുന്നു. ഇതുകൂടി പരിഗണിച്ചാണ് മൂന്നാം അലോട്ട്മെന്റിനുശേഷം കമ്യൂണിറ്റി ക്വോട്ട പ്രവേശനം നടത്താൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.