‘10 തവണ പരീക്ഷ തുടങ്ങി, അവസാനിച്ചു’; ജയ്പൂരിൽ വൈദ്യുതി തടസ്സത്തെ തുടർന്ന് നീറ്റ് പി.ജി പരീക്ഷ മുടങ്ങിയതിൽ പ്രതിഷേധം

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ നീറ്റ് പി.ജി പരീക്ഷക്കിടെ പരീക്ഷാകേന്ദ്രത്തിൽ തുടർച്ചയായ വൈദ്യുതി സാങ്കേതിക തകരാറുകളുണ്ടായതിൽ വ്യാപക പ്രതിഷേധം. സിതാപുരയിലെ രണ്ട് കേന്ദ്രങ്ങളിലാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ പലതവണ തടസ്സപ്പെട്ടത്.

‘രണ്ട് മണിക്കൂറിൽ പരീക്ഷ 10 തവണ തുടങ്ങി, 10 തവണ അവസാനിച്ചു’വെന്ന് നീറ്റ് പരീക്ഷാർഥികളിലൊരാളായ ഡോ. ഗൗരവ് സംഭവത്തെക്കുറിച്ച് പറഞ്ഞു. ഇടക്കിടെ വൈദ്യുതി നിലച്ചതോടെ കമ്പ്യൂട്ടറുകൾ പ്രവർത്തനരഹിതമാവുകയും ചോദ്യങ്ങളിലേക്കുള്ള പ്രവേശനം തടസ്സപ്പെടുകയും ചെയ്തു. ഓരോ 10 -15 മിനിറ്റിലും വൈദ്യുതി തടസ്സപ്പെട്ടതായും വീണ്ടും ലോഗിൻ ചെയ്തുകൊണ്ടിരിക്കേണ്ടി വന്നതായും ചില പരീക്ഷാർഥികൾ പറഞ്ഞു. ചില കമ്പ്യൂട്ടറുകൾ പ്രവർത്തിച്ചപ്പോൾ മറ്റുള്ളവ പ്രവർത്തിക്കാത്ത സാഹചര്യമുണ്ടായതായും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.

തുടർച്ചയായ തടസ്സങ്ങളിൽ രോഷാകുലരായ പരീക്ഷാർഥികൾ പരീക്ഷാകേന്ദ്രത്തിന് പുറത്ത് പ്രതിഷേധിച്ചു. പരീക്ഷയുടെ നീതിയും വിശ്വാസ്യതയും സംരക്ഷിക്കണമെന്നും തങ്ങൾക്ക് നഷ്ടമായ അവസരത്തിന് ഉചിതമായ പരിഹാരം വേണമെന്നും അവർ ആവശ്യപ്പെടുകയായിരുന്നു.

പരീക്ഷാ കേന്ദ്രത്തിലെ സൗകര്യങ്ങളെക്കുറിച്ചും വിദ്യാർഥികൾ ആശങ്കകൾ ഉന്നയിച്ചു. പരീക്ഷാ ഹാളിനുള്ളിൽ എയർ കണ്ടീഷനിങ്, ഫാനുകൾ, കൂളറുകൾ എന്നിവയില്ലെന്നും അവർ ആരോപിച്ചു. കുടിവെള്ള ക്രമീകരണങ്ങളും അപര്യാപ്തമാണെന്നും വിദ്യാർഥികൾ പറയുന്നു.

സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ വിദ്യാർഥികൾക്കായി സെപ്റ്റംബർ അഞ്ചിന് പുനഃപരീക്ഷ നടത്തുമെന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് അറിയിച്ചിരുന്നു. ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ ഉച്ച12 വരെ നടത്താനിരുന്ന പരീക്ഷയാണ് സിതാപുരയിലെ ഐഒഎൻ ഡിജിറ്റൽ സോൺ കേന്ദ്രങ്ങളിലെ പ്രശ്നത്തെ തുടർന്ന് പ്രതിസന്ധിയിലായത്. 41682, 41683 എന്നീ പരീക്ഷാകേന്ദ്രങ്ങളിലാണ് പരീക്ഷ പൂർത്തിയാക്കാൻ കഴിയാതിരുന്നത്. കേന്ദ്രങ്ങളിലെ ആഭ്യന്തര വൈദ്യുതി വിതരണത്തിലെ പ്രശ്നമാണ് തടസ്സത്തിന് കാരണമെന്ന് പരീക്ഷാ ബോർഡ് വ്യക്തമാക്കി. പുതിയ പരീക്ഷാകേന്ദ്രത്തിന്റെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും. വിദ്യാർഥികൾക്ക് പുതിയ അഡ്മിറ്റ് കാർഡുകളും നൽകും.

Tags:    
News Summary - NEET PG 2026 Chaos in Jaipur Leaves Students Furious

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.