സാം ആൾട്ട്മാൻ
എംബിഎ വിദ്യാർഥികൾ പഴയ ട്രെൻഡുകൾക്ക് പിന്നാലെ പോകുന്നത് ആശങ്കയെന്ന് സാം ആൾട്ട്മാൻ
സാൻഫ്രാൻസിസ്കോ: അഞ്ച് വർഷം മുമ്പ് ജനപ്രിയമായിരുന്ന കരിയർ പാതകൾക്ക് പിന്നാലെ പോകുന്ന എംബിഎ വിദ്യാർഥികളുടെ പ്രവണതയിൽ ആശങ്ക പ്രകടിപ്പിച്ച് ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ.
സ്റ്റാൻഫോർഡ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബിസിനസിലെ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഫോർച്യൂണാണ് അഭിമുഖം റിപ്പോർട്ട് ചെയ്തത്. പുതിയ സാധ്യതകൾ പരീക്ഷിക്കുന്നതിന് പകരം പഴയ ട്രെൻഡുകളെ പിന്തുടരുന്നതാണ് എംബിഎ വിദ്യാർഥികളിലെ പ്രധാന പ്രശ്നമെന്നും, പരീക്ഷണങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് ഇതെന്നും ആൾട്ട്മാൻ പറഞ്ഞു.
സോഫ്റ്റ്വെയർ മുതൽ വിദ്യാഭ്യാസം വരെയുള്ള മേഖലകളിൽ എഐ കൊണ്ടുവരുന്ന വലിയ മാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. പല ജോലികളും എഐ കൂടുതൽ കാര്യക്ഷമമായി നിർവഹിക്കുമെന്നും, ഈ പരിവർത്തനം ഒറ്റരാത്രികൊണ്ട് അല്ലാതെ ഘട്ടം ഘട്ടമായാകും നടപ്പാകുകയെന്നും അദ്ദേഹം നിരീക്ഷിച്ചു. ഇത് പുതിയ സംരംഭങ്ങൾക്കും തൊഴിലവസരങ്ങൾക്കും വലിയ അവസരമൊരുക്കുമെന്നും ആൾട്ട്മാൻ ചൂണ്ടിക്കാട്ടി. ഓപ്പൺ എഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് അതിനെക്കാൾ വലിയ കമ്പനികൾ പോലും കെട്ടിപ്പടുക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരമ്പരാഗത പാതകളിൽ നിന്ന് വ്യതിചലിച്ചാണ് ആൾട്ട്മാൻ തന്റെ കരിയർ കെട്ടിപ്പടുത്തത്. 2005-ൽ സ്റ്റാൻഫോർഡിലെ കമ്പ്യൂട്ടർ സയൻസ് പഠനം ഉപേക്ഷിച്ച് ലൂപ്റ്റ് എന്ന സ്റ്റാർട്ടപ്പിന് തുടക്കമിട്ട അദ്ദേഹം 2014 മുതൽ 2019 വരെ വൈ കോമ്പിനേറ്ററിന്റെ പ്രസിഡന്റായി പ്രവർത്തിച്ചു. സ്ഥാപിത മാതൃകകളെ പിന്തുടരുന്നതിന് പകരം പുതിയ സാധ്യതകൾ തേടുന്നതാണ് വളർച്ചക്ക് വഴിയൊരുക്കുകയെന്ന് തന്റെ അനുഭവം തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എഐയെ ഒരു അധിക സംവിധാനമായി കാണുന്നതിന് പകരം എഐ അധിഷ്ഠിതമായി തന്നെ ബിസിനസുകൾ കെട്ടിപ്പടുക്കണമെന്ന് റെഡ്ഡിറ്റ് സഹസ്ഥാപകൻ അലക്സിസ് ഓഹാനിയൻ, സംരംഭകൻ മാർക്ക് ക്യൂബൻ തുടങ്ങിയവരും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.