പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ജയ്പൂരിലെ രണ്ട് പരീക്ഷാ കേന്ദ്രങ്ങളിലുണ്ടായ വൈദ്യുതി തടസ്സത്തെ തുടർന്ന് നീറ്റ് പി.ജി 2026 പരീക്ഷ മുടങ്ങിയ സംഭവത്തിൽ അന്വേഷണം നടത്താൻ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് മൂന്നംഗ സമിതിയെ നിയോഗിച്ചു. സിതാപുരയിലെ ഐ.ഒ.എൻ ഡിജിറ്റൽ സോൺ കേന്ദ്രങ്ങളിലാണ് പരീക്ഷക്കിടെ വൈദ്യുതി വിതരണത്തിൽ തകരാർ ഉണ്ടായത്. തുടർന്ന് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ തടസ്സപ്പെടുകയായിരുന്നു.
പരീക്ഷാ തടസ്സത്തിലേക്ക് നയിച്ച സാഹചര്യങ്ങളും വൈദ്യുതി തകരാറിന്റെ യഥാർഥ കാരണവും സമിതി പരിശോധിക്കും. രാജസ്ഥാൻ സർക്കാരിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ, സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയിലെ മുതിർന്ന എൻജിനീയറിങ് ഉദ്യോഗസ്ഥൻ എന്നിവരാണ് സമിതിയിലുള്ളത്. നിശ്ചിത സമയപരിധിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
ജയ്പൂരിലെ പരീക്ഷ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന 2445 പേർക്കായി സെപ്റ്റംബർ അഞ്ചിന് വൈകിട്ട് മൂന്ന് മണിക്ക് പുനഃപരീക്ഷ നടത്തുമെന്ന് എൻ.ബി.ഇ.എം.എസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പരീക്ഷ പൂർത്തിയാക്കാൻ കഴിയാതിരുന്ന പരീക്ഷാർഥികൾക്ക് നീതിപൂർവവും തുല്യവുമായ അവസരം ഉറപ്പാക്കുന്നതിനാണ് പുനഃപരീക്ഷ നടത്തുന്നതെന്ന് ബോർഡ് വ്യക്തമാക്കി. സംഭവത്തിൽ ഉണ്ടായ അസൗകര്യത്തിൽ എൻ.ബി.ഇ.എം.എസ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
ആഗസ്റ്റ് 30ന് നടന്ന നീറ്റ് പി.ജി പരീക്ഷക്കിടെയാണ് സിതാപുരയിലെ രണ്ട് കേന്ദ്രങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായതിനാൽ വൈദ്യുതി തടസ്സം പരീക്ഷയുടെ നടത്തിപ്പിനെ നേരിട്ട് ബാധിച്ചു. പരീക്ഷാർഥികൾ പലതവണ പരീക്ഷ ആരംഭിക്കുകയും വീണ്ടും തടസ്സപ്പെടുകയും ചെയ്തതായി പരാതിപ്പെട്ടിരുന്നു. സംഭവത്തെ തുടർന്ന് കേന്ദ്രത്തിന് പുറത്ത് പ്രതിഷേധവും ഉണ്ടായി. മെഡിക്കൽ പി.ജി പ്രവേശനത്തിനുള്ള നിർണായക പരീക്ഷയായ നീറ്റ് പി.ജിയിൽ ഉണ്ടായ സാങ്കേതിക തടസ്സം പരീക്ഷാർഥികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.
അതേസമയം, ജയ്പൂരിലെ സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച നീറ്റ് പി.ജി ചോദ്യപേപ്പർ ചോർച്ചാ ആരോപണം പി.ഐ.ബി ഫാക്ട് ചെക്ക് തള്ളി. പരീക്ഷക്കിടെ ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നും പരീക്ഷാകേന്ദ്രങ്ങളിലെ ആഭ്യന്തര വൈദ്യുതി വിതരണത്തിലെ സാങ്കേതിക പ്രശ്നമാണ് പരീക്ഷ മുടങ്ങാൻ കാരണമെന്നും പി.ഐ.ബി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.