ജയ്പൂർ: നീറ്റ് പി.ജി 2026 പരീക്ഷക്കിടെ വൈദ്യുതി മുടങ്ങി വിവാദത്തിലായ ജയ്പൂരിലെ അതേ പരീക്ഷാകേന്ദ്രത്തിൽ എയിംസ് കോമൺ റിക്രൂട്ട്മെന്റ് -5 പുനഃപരീക്ഷക്കിടെയും സെർവർ തകരാർ. തിങ്കളാഴ്ച രാവിലെ നടത്താനിരുന്ന പരീക്ഷയാണ് സാങ്കേതിക പ്രശ്നത്തെ തുടർന്ന് 30 മിനിറ്റ് വൈകി ആരംഭിച്ചത്. പരീക്ഷ ആരംഭിച്ചതിന് പിന്നാലെ വീണ്ടും സെർവർ തകരാറിലായതോടെ ഉദ്യോഗാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. പരീക്ഷ റദ്ദാക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
ജയ്പൂരിലെ ഐ.ഒ.എൻ ഡിജിറ്റൽ സോൺ സിതാപുര കേന്ദ്രത്തിലാണ് എയിംസ് സി.ആർ.ഇ-5 പുനഃപരീക്ഷ നടന്നത്. രാവിലെ ഒമ്പതു മുതൽ ഉച്ച 12 വരെയായിരുന്നു പരീക്ഷ നിശ്ചയിച്ചിരുന്നത്. എന്നാൽ സെർവർ തകരാറിനെ തുടർന്ന് പരീക്ഷ രാവിലെ 9.30ഓടെയാണ് ആരംഭിച്ചത്. സാങ്കേതിക പ്രശ്നം പരിഹരിച്ചുവെന്ന് കരുതി പരീക്ഷ തുടങ്ങിയെങ്കിലും ഏകദേശം 20 മിനിറ്റിനുള്ളിൽ സെർവർ വീണ്ടും തകരാറിലായതായി ഉദ്യോഗാർഥികൾ പറഞ്ഞു.
വീണ്ടും സാങ്കേതിക പ്രശ്നം നേരിട്ടതോടെ പരീക്ഷാകേന്ദ്രത്തിന് പുറത്ത് ഉദ്യോഗാർഥികൾ പ്രതിഷേധവുമായി എത്തി. ആവർത്തിച്ചുള്ള സെർവർ തകരാറുകളുടെ പശ്ചാത്തലത്തിൽ എയിംസ് സി.ആർ.ഇ-5 പരീക്ഷ റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം. പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികളുടെ പ്രകടനത്തെ സാങ്കേതിക പ്രശ്നങ്ങൾ നേരിട്ട് ബാധിക്കുമെന്നതിനാൽ എല്ലാവർക്കും തുല്യമായ സാഹചര്യത്തിൽ പരീക്ഷ നടത്തണമെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.
ആഗസ്റ്റ് 30ന് നടന്ന നീറ്റ് പി.ജി പരീക്ഷക്കിടെ കേന്ദ്രത്തിലെ വൈദ്യുതി വിതരണം പലതവണ തടസ്സപ്പെട്ടതായി ഉദ്യോഗാർഥികൾ പരാതിപ്പെട്ടിരുന്നു. 10 മുതൽ 15 മിനിറ്റ് ഇടവിട്ട് വൈദ്യുതി മുടങ്ങിയെന്നും പരീക്ഷ പലതവണ തടസ്സപ്പെട്ടെന്നും വിദ്യാർഥികൾ പറഞ്ഞു. നീറ്റ് പി.ജി പരീക്ഷ മുടങ്ങിയ 2445 പരീക്ഷാർഥികൾക്ക് സെപ്റ്റംബർ അഞ്ചിന് പുനഃപരീക്ഷ നടത്താൻ എൻ.ബി.ഇ.എം.എസ് തീരുമാനിക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.