സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്സിങ് കോളജുകളിൽ 2025-26 വർഷത്തെ എം.എസ് സി നഴ്സിങ് പ്രവേശനത്തിന് ഓൺലൈനിൽ ആഗസ്റ്റ് നാലുവരെ അപേക്ഷിക്കാം. പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.cee.kerala.gov.inൽനിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫീസ് 1100 രൂപ. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 550 രൂപ മതി. കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റിലൂടെയാണ് തിരഞ്ഞെടുപ്പ്.
സർക്കാർ നഴ്സിങ് കോളജുകളിൽ എം.എസ് സി കോഴ്സിൽ വിവിധ സ്പെഷാലിറ്റികളിലായി 162 സീറ്റുകളാണുള്ളത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് സർക്കാർ നഴ്സിങ് കോളജുകൾ പ്രവർത്തിക്കുന്നത്. ചൈൽഡ് ഹെൽത്ത് നഴ്സിങ്, കമ്യൂണിറ്റി ഹെൽത്ത് നഴ്സിങ്, മെഡിക്കൽ സർജിക്കൽ നഴ്സിങ്, മെന്റൽ ഹെൽത്ത് നഴ്സിങ്, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി നഴ്സിങ് എന്നിവയാണ് സ്പെഷാലിറ്റികൾ.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ഗവൺമെന്റ് നഴ്സിങ് കോളജുകളിൽ എല്ലാ സ്പെഷാലിറ്റികളുമുണ്ട്. എറണാകുളത്ത് കമ്യൂണിറ്റി ഹെൽത്ത് നഴ്സിങ്, മെന്റൽ ഹെൽത്ത് നഴ്സിങ് എന്നിവയും കണ്ണൂരിൽ മെഡിക്കൽ സർജിക്കൽ നഴ്സിങ്, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി നഴ്സിങ് എന്നിവയുമാണുള്ളത്. കോഴ്സ് കാലാവധി രണ്ടുവർഷം. വാർഷിക ട്യൂഷൻ ഫീസ് 32410 രൂപ അടക്കം മൊത്തം 39940 രൂപയാണ് കോഴ്സ് ഫീസായി നൽകേണ്ടത്.
സ്വാശ്രയ കോളജുകളിലെ സർക്കാർ മെറിറ്റ് സീറ്റിൽ വാർഷിക ട്യൂഷൻ ഫീസ് ഒരുലക്ഷം രൂപയും സ്പെഷൽ ഫീസ് 50,000 രൂപയുമാണ്. മൊത്തം മൂന്നുലക്ഷം രൂപയാണ് ഫീസായി നൽകേണ്ടത്. എസ്.സി/എസ്.ടി/ഒ.ഇ.സി/മത്സ്യത്തൊഴിലാളികളുടെ കുട്ടികൾ, ശ്രീചിത്ര ഹോം, നിർഭയ ഹോം, ജുവനൈൽ ഹോം അന്തേവാസികളായ കുട്ടികൾ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി ഫീസ് ആനുകൂല്യത്തിന് അർഹതയുണ്ട്. കേരളീയർക്കും കേരളീയേതര വിഭാഗങ്ങളിൽപെടുന്നവർക്കും അപേക്ഷിക്കാം.
യോഗ്യത: റഗുലർ ബി.എസ് സി നഴ്സിങ്/പോസ്റ്റ് ബേസിക് ബി.എസ് സി നഴ്സിങ് മൊത്തം 55 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. എസ്.സി/എസ്.ടി/എസ്.ഇ.ബി.സി/ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ചു ശതമാനം മാർക്കിളവുണ്ട്. 100 കിടക്കകളിൽ കുറയാത്ത ആശുപത്രി/കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽനിന്നും നഴ്സിങ് ഓഫിസർ/ട്രെയിനി/ട്യൂട്ടർ/ഇൻസ്ട്രക്ടറായി ഒരുവർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. ഇന്റേൺഷിപ് പരിചയവും പരിഗണിക്കും. പ്രായപരിധി 46 വയസ്സ്. സർവിസിലുള്ളവർക്ക് 49 വയസ്സുവരെയാകാം. കൂടുതൽ വിവരങ്ങൾ പ്രോസ്പെക്ടസിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.