ലണ്ടൻ: മാനസിക സമ്മർദങ്ങളിൽ അകപ്പെട്ട കുട്ടികളെ സഹായിക്കാൻ വെർച്വൽ റിയാലിറ്റി പദ്ധതി തയാറാക്കി പരീക്ഷിക്കുകയാണ് ലണ്ടനിലെ സ്കൂളുകൾ. പരീക്ഷകൾ, ശ്രദ്ധക്കുറവ്, ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ, വീട്ടിലെ പ്രതികൂല അന്തരീക്ഷം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയെതുടർന്ന് വിദ്യാർഥികൾക്കുണ്ടാകുന്ന സമ്മർദത്തെ നേരിടാൻ സഹായിക്കുന്നതിനായാണ് ലണ്ടനിലെ സ്കൂളുകൾ വെർച്വൽ റിയാലിറ്റി പ്രോഗ്രാമുകളുമായി എത്തിയിരിക്കുന്നത്.
ലണ്ടനിലെ 15 സെക്കൻഡറി സ്കൂളുകളിലാണ് ടെക് സ്ഥാപനമായ ഫേസ് സ്പേസ് നിർമിച്ച വി.ആർ ഹെഡ്‌സെറ്റുകൾ ഉപയോഗിക്കുന്നത്. ഏഴ് മിനിറ്റ് ദൈർഘ്യമുള്ള ഫേസ് സ്‌പേസ് വി.ആർ പ്രോഗ്രാമിൽ വിദ്യാർഥികൾക്ക് മുൻകൂട്ടി നിശ്ചയിച്ച സമയത്തോ അല്ലെങ്കിൽ ഉത്കണ്ഠമൂലം പ്രശ്നങ്ങളുണ്ടാകുമ്പോഴോ സമയം ചെലവഴിക്കാം.
കുറഞ്ഞ സമയത്തേക്കാണെങ്കിൽപോലും വെർച്വൽ റിയാലിറ്റിയിൽ സമയം ചെലവിടുന്നത് വിദ്യാർഥികളെ ശാന്തരാകാനും ആത്മവിശ്വാസം വീണ്ടെടുക്കാനും പഠനം പുനരാരംഭിക്കാനും സഹായിക്കുമെന്നാണ് കണ്ടെത്തൽ. അമിതഭാരമുള്ളവരും ഉത്കണ്ഠാകുലരുമായ വിദ്യാർഥികളെ സഹായിക്കുന്നതിനാണ് ഫേസ് സ്പേസ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് പ്രോഗ്രാമിന്റെ കോ ഫൗണ്ടറും ബി.ബി.സിയിലെ വി.ആർ മുൻ മേധാവിയുമായ സില്ല വാട്സൺ പറഞ്ഞു. സാമൂഹികമോ വൈകാരികമോ മാനസികമോ ആയ ആരോഗ്യ പ്രശ്‌നങ്ങളുള്ള, എ.ഡി.എച്ച്ഡി അല്ലെങ്കിൽ ഉത്കണ്ഠയുള്ള വിദ്യാർഥികളിലാണ് ഇത് പ്രധാനമായും പരീക്ഷിച്ചുവരുന്നത്. പരീക്ഷണം പൂർണാർഥത്തിൽ വിജയമായാൽ ലോകത്തിലെ മറ്റുഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാവുന്ന വിധത്തിലാണ് ഈ പ്രോഗ്രാം തയാറാക്കിയിരിക്കുന്നത്.
പരീക്ഷണം നടത്തിയ ആദ്യത്തെ 10 സ്കൂളുകളിൽ വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റ് ഉപയോഗിച്ച 10 വിദ്യാർഥികളിൽ ഒമ്പതുപേരുടെയും സമ്മർദത്തിൽ കുറവ് അനുഭവപ്പെട്ടുവെന്ന് ലണ്ടൻ യൂനിവേഴ്സിറ്റി കോളജിലെ പ്രഫസർ കൂടിയായ വാട്സൺ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.