കണ്ണൂർ സർവകലാശാല ഇനി കളി പഠിപ്പിക്കില്ല

കണ്ണൂർ: കണ്ണൂർ സർവകലാശാല ഫിസിക്കൽ എജുക്കേഷൻ വകുപ്പിനുകീഴിലെ ബിരുദ, പി.ജി കോഴ്സുകൾ നിർത്തലാക്കുന്നു. എം.പി.എഡ് (മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷൻ), ബി.പി.എഡ് (ബാച്ചിലർ ഓഫ് ഫിസിക്കൽ എജുക്കേഷൻ) കോഴ്സുകളിലേക്കുള്ള പ്രവേശനം ഈ വർഷം മുതൽ നിർത്തലാക്കി.

കോഴ്സുകൾ നടത്താനാവശ്യമായ സ്ഥിരം അധ്യാപകരില്ലാത്തതാണ് കാരണം. മതിയായ സ്ഥിരം ജീവനക്കാരില്ലാത്തതിനാൽ നാഷനൽ കൗൺസിൽ ഓഫ് ടീച്ചേഴ്‌സിന്റെ (എൻ.സി.ടി) അംഗീകാരം കോഴ്സിന് ലഭിക്കാത്തതിനാലാണ് തുടർ പ്രവേശനം നിർത്താൻ സർവകലാശാല തീരുമാനിച്ചത്.

നിലവിലെ ബാച്ച് ഇറങ്ങിക്കഴിഞ്ഞാൽ ഈ വർഷം മുതൽ പ്രവേശനം നടക്കില്ല. 2001ലാണ് സർവകലാശാലക്കുകീഴിൽ ഫിസിക്കൽ എജുക്കേഷൻ വകുപ്പ് ആരംഭിക്കുന്നത്. മാങ്ങാട്ടുപറമ്പിലുള്ള കാമ്പസിലാണ് നിലവിൽ ക്ലാസുകൾ നടക്കുന്നത്. എം.പി.എഡ് കോഴ്സിന് 40 വിദ്യാർഥികളും ബി.പി.എഡിന് 38 വിദ്യാർഥികളുമാണ് ഇപ്പോഴത്തെ ബാച്ചിലുള്ളത്.

വകുപ്പിൽ ആറ് സ്ഥിരം അധ്യാപകരാണ് നിലവിലുള്ളത്. എൻ.സി.ടി അംഗീകാരം ലഭിക്കണമെങ്കിൽ കായിക പരിശീലകരടക്കം 16 സ്ഥിരം അധ്യാപകർ വേണമെന്നാണ് നിബന്ധന. മുഴുവൻ സ്ഥിര അധ്യാപക നിയമനം നടത്തി നാഷനൽ കൗൺസിൽ ഓഫ് ടീച്ചേഴ്‌സിന്റെ അഫിലിയേഷൻ ലഭിച്ചാൽ മാത്രമേ സർവകലാശാലക്ക് കോഴ്‌സ് പുനരാരംഭിക്കാൻ സാധിക്കുകയുള്ളൂ.

സ്ഥിരം അധ്യാപകരെ നിയമിക്കുന്നതിന് കണ്ണൂർ യൂനിവേഴ്‌സിറ്റി നോട്ടിഫിക്കേഷൻ ഇറക്കിയെങ്കിലും ഇതിന്റെ നടപടിക്രമങ്ങളൊന്നും നടന്നിട്ടില്ല. സ്ഥിരം അധ്യാപക നിയമനം വൈകിയാൽ കോഴ്‌സ് പുനരാരംഭിക്കാൻ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടിവരും. കൂടാതെ അധ്യാപക നിയമനം നടത്തിയാലും എൻ.സി.ടി അംഗീകാരം ലഭിക്കാനുള്ള നടപടിക്രമങ്ങളിലും കാലതാമസം വന്നേക്കാം.

പകരം എം.പി.ഇ.എസും സർട്ടിഫിക്കറ്റ് കോഴ്സുകളും

ബിരുദ, പി.ജി കോഴ്സുകൾ നിർത്തലാക്കിയതിനുപിറകെ ഫിസിക്കൽ എജുക്കേഷൻ വകുപ്പിനുകീഴിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ തുടങ്ങാനൊരുങ്ങുകയാണ് സർവകലാശാല. ഇതിനുപുറമെ യു.ജി.സിയുടെ കീഴിലെ പി.ജി കോഴ്സായ എം.പി.ഇ.എസ് (മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസ്) എന്ന കോഴ്സിലും ഈ വർഷം മുതൽ പ്രവേശനം ആരംഭിക്കും.

യോഗയിലും നീന്തലിലുമാണ് ഒരുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് തുടങ്ങുക. ബിരുദ, പി.ജി കോഴ്സുകൾ നിർത്തലാക്കിയതോടെ വകുപ്പിന്‍റെ നിലനിൽപുതന്നെ ചോദ്യം ചെയ്യുമെന്ന അവസ്ഥ വന്നതോടെയാണ് ഹ്രസ്വകാല കോഴ്സുകളടക്കം തുടങ്ങാൻ സർവകലാശാല തീരുമാനിച്ചത്.

എം.പി.എഡ്, ബി.പി.എഡ് കോഴ്സുകൾക്ക് സ്വാശ്രയ കോളജുകളിൽ ഭീമമായ തുകയാണ് കോഴ്‌സ് ഫീസായി ഈടാക്കുന്നത്. സംസ്ഥാനത്ത് ഇരിങ്ങാലക്കുട, മൂലമറ്റം എന്നിവിടങ്ങളിലാണ് ഈ കോഴ്സുകൾ പഠിപ്പിക്കുന്ന സ്വാശ്രയ കോളജുകളുള്ളത്. ഇവിടങ്ങളിലെ വൻ തുക നൽകിയുള്ള പഠനം സാധാരണക്കാരായ വിദ്യാർഥികൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.

Tags:    
News Summary - Kannur University will no longer teach the game

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.