എനിക്ക് ക്രിക്കറ്റ് കളിക്കണം, ടി.വി കാണണം, ഒപ്പം പഠിക്കുകയും വേണം; വൈറൽ ഷെഡ്യൂളിനോട് പ്രതികരിച്ച് ജെ.ഇ.ഇ ടോപ്പർ

അടുത്തിടെയാണ് ജെ.ഇ.ഇക്ക് തയാറെടുക്കുന്ന വിദ്യാർഥിയുടെ ഒരു ദിവസത്തെ ടൈംടേബിൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. ആ വിദ്യാർഥി പങ്കുവെച്ച ഷെഡ്യൂൾ പ്രകാരം ഉറങ്ങാനായി ആകെ ലഭിക്കുന്ന നാലരമണിക്കൂറാണ്. എന്നും പുലർച്ചെ നാലരക്ക് എഴുന്നേറ്റ് പഠിക്കണം. അതുപോലെ ഉറങ്ങാൻ 12 മണിയുമാകും.

ഈ ഷെഡ്യൂളിന്റെ പേരിൽ വലിയ ചർച്ചയാണ് സാമൂഹിക മാധ്യമങ്ങളിൽ നടന്നത്. 2017 ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ കൽപിത് വീർവാളും പ്രതികരിച്ചവരുടെ കൂട്ടത്തിലുണ്ട്. വൈറലായ ഷെഡ്യൂളിൽ പറയുന്നതിന്റെ പകുതി സമയം പോലും താൻ പഠിച്ചിട്ടില്ലെന്നാണ് കൽപിത് വീർവാൾ പറയുന്നത്.

​2017ലെ ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ മുഴുവൻ മാർക്കും നേടി ഒന്നാംറാങ്ക് നേടാൻ എനിക്ക് സാധിച്ചു. ഇപ്പറയുന്നതിന്റെ പകുതിയും ഞാൻ പഠിച്ചിട്ടില്ല.-എന്നാണ് കൽപിത് കുറിച്ചത്. രാജസ്ഥാനിലെ കോട്ട പോലുള്ള സ്ഥാപനങ്ങളിൽ പോകാതെ സ്വന്തം നാട്ടിലിരുന്ന് പഠിക്കാനാണ് താൻ തീരുമാനിച്ചതെന്നും കൽപിത് പറയുന്നു. ഒരു ദിവസം എട്ടുമണിക്കൂറിലേറെ സമയമിരുന്ന് പഠിക്കും. അതിനിടയിലും തന്റെ ഹോബികൾക്കായും സമയം കണ്ടെത്തി.''കോട്ടയിൽ നിന്ന് അവരുടെ വി.ഐ.പി ഹോസ്റ്റലുകളിൽ താമസിച്ച് പഠിക്കാൻ ഓഫർ ലഭിച്ചതാണ്. അവരുടെ ക്ലാസുകളിൽ പ​ങ്കെടുക്കുന്നതിന് എനിക്ക് ഫീസ് പോലും തരാമെന്ന് പറഞ്ഞു. എന്നാൽ ഞാനത് നിരസിച്ചു. ഉദയ്പൂരിൽ പഠിക്കാനായിരുന്നു എനിക്ക് താൽപര്യം. എനിക്ക് ക്രിക്കറ്റ് കളിക്കണം, ടി.വി കാണണം. അതിനൊപ്പം കുറെ സമയം പഠിക്കുകയും വേണമായിരുന്നു. ഐ.ഐ.ടിയിൽ ചേർന്നപ്പോഴും അത്തരത്തിലുള്ള ഒരു ഷെഡ്യൂൾ തന്നെയാണ് ഞാൻ പിന്തുടരുന്നത്.''-എന്നാണ് കൽപിത് എക്സിൽ

കുറിച്ചത്. മറ്റുള്ളവരുടെ പരിശ്രമങ്ങളെ വിലകുറച്ചു കാണുന്നു എന്ന് പറഞ്ഞ് ചിലർ ഇദ്ദേഹത്തെ വിമർശിച്ചിട്ടുണ്ട്. അഖിലേന്ത്യ തലത്തിൽ ഒന്നാം റാ​​​ങ്കൊക്കെ കിട്ടി, നല്ലതു തന്നെ. എന്നാൽ മറ്റുള്ളവരുടെ കഠിനാധ്വാനത്തെ വിലകുറച്ചു കാണരുത് എന്നാണ് ഒരു യൂസർ എഴുതിയത്. ചിലർ കാര്യങ്ങൾ​ പെട്ടെന്ന് മനസിലാക്കുമ്പോൾ മറ്റുള്ളവർക്ക് ഗ്രഹിക്കാൻ കുറച്ചു സമയം വേണം എന്നാണ് മറ്റൊരാൾ കുറിച്ചത്.

Tags:    
News Summary - IIT-JEE topper after aspirant's rigorous schedule sparks debate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.