ഐ.ഐ.എമ്മില്‍ പി.ജി പ്രവേശനം:  രജിസ്ട്രേഷന്‍ ഇപ്പോള്‍

കാറ്റ് സ്കോര്‍ മികവും അഭിമുഖത്തികവും മറ്റും മാനദണ്ഡമാക്കി രാജ്യത്തെ 20 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് അതിന്‍െറ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളില്‍ (പി.ജി.പി) പ്രവേശനത്തിന് അവസരമൊരുക്കുന്നു. 2016ലെ ഉയര്‍ന്ന കാറ്റ് സ്കോര്‍ ലഭിച്ചവര്‍ക്ക് ഐ.ഐ.എമ്മുകളിലെ മാനേജ്മെന്‍റ് പി.ജി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് രജിസ്ട്രേഷനുള്ള സമയമാണിത്. കാറ്റ് സ്കോര്‍ കാര്‍ഡ് www.iimcat.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. 
മാനേജ്മെന്‍റ് പി.ജി പ്രോഗ്രാമുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ‘കാറ്റ് സ്കോര്‍’ മികവിന് പ്രഥമപരിഗണനയാണുള്ളത്. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന അപേക്ഷാര്‍ഥികളില്‍നിന്ന് ഗ്രൂപ് ചര്‍ച്ച, വ്യക്തിഗത അഭിമുഖം എന്നീ തുടര്‍ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് ആവശ്യമായ ചുരുക്കപ്പട്ടിക തയാറാക്കുന്നത് കാറ്റ് സ്കോര്‍ കണക്കിലെടുത്താണ്.  അതത് സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ വെബ്സൈറ്റിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട്, തിരുച്ചിറപ്പിള്ളി, ബംഗളൂരു, വിശാഖപട്ടണം, അഹമ്മദാബാദ്, അമൃത്സര്‍, ബോധ്ഗയ, കല്‍ക്കട്ട, ഇന്ദോര്‍, ജമ്മു, കാഷിപൂര്‍, ലഖ്നോ, നാഗ്പൂര്‍, റായ്പൂര്‍, റാഞ്ചി, രോഹ്തക്, സാമ്പല്‍പൂര്‍, ഷില്ളോങ്, സേര്‍മൗര്‍, ഉദയ്പൂര്‍ എന്നിവിടങ്ങളിലാണ് ഐ.ഐ.എമ്മുകള്‍ ഉള്ളത്. എല്ലാ സ്ഥാപനങ്ങളിലും മാനേജ്മെന്‍റ് പി.ജി പ്രോഗ്രാമുകള്‍ നടത്തുന്നുണ്ട്. 
ഈ പ്രോഗ്രാമിന്‍െറ അഡ്മിഷന്‍ നടപടിക്രമങ്ങള്‍ അതത് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ വെബ്സൈറ്റിലുണ്ട്. ഐ.ഐ.എമ്മുകള്‍ക്ക് പുറമെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റ് സ്ഥാപനങ്ങളും മാനേജ്മെന്‍റ് പി.ജി പ്രവേശനത്തിനായുള്ള സ്ക്രീനിങ് ‘കാറ്റ് സ്കോര്‍’ ഉപയോഗിക്കാറുണ്ട്. ഈ സ്ഥാപനങ്ങളുടെ ലിസ്റ്റും www.iimcat.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. എന്നാല്‍, ഇത്തരം സ്ഥാപനങ്ങളുടെ പ്രവേശന നടപടിക്രമങ്ങളില്‍ ഐ.ഐ.എമ്മുകള്‍ക്ക് ഒരു പങ്കുമില്ല. ഐ.ഐ.ടികളുടെ എം.ബി.എ പ്രവേശനത്തിനായുള്ള സ്ക്രീനിങ്ങിനും കാറ്റ് സ്കോര്‍ തന്നെയാണ് അവലംബിക്കുന്നത്. 
ഐ.ഐ.എം മാനേജ്മെന്‍റ് പി.ജി പ്രവേശനത്തിനായുള്ള ആദ്യഘട്ടം രജിസ്ട്രേഷനാണ്. കോഴിക്കോട്ടെ ഐ.ഐ.എമ്മില്‍ 2017-19 വര്‍ഷത്തെ പി.ജി അഡ്മിഷന് ജനുവരി 15 വരെ കാറ്റ് രജിസ്ട്രേഷന്‍ നമ്പറും ഇ-മെയില്‍ ഐ.ഡിയും ഉപയോഗിച്ച് www.iimk.ac.in എന്ന വെബ്സൈറ്റിലൂടെ രജിസ്ട്രേഷന്‍ ചെയ്യാം. ഇതിന്‍െറ അടിസ്ഥാനത്തില്‍ തയാറാക്കപ്പെടുന്ന ചുരുക്കപ്പട്ടിക ജനുവരി അവസാനവാരം വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. 
ഇവിടെ കാറ്റ്-2016 ഇന്‍ഡക്സ് സ്കോര്‍ 75 ശതമാനം, ക്ളാസ് XII സ്കോര്‍ 7.5 ശതമാനം, ഗ്രാജ്വേഷന്‍ സ്കോര്‍ 7.5 ശതമാനം, വര്‍ക്ക് എക്സ്പീരിയന്‍സ് അഞ്ച് ശതമാനം എന്നിങ്ങനെ മൊത്തം 100 ഇന്‍ഡക്സ് സ്കോര്‍ കണക്കാക്കിയാണ് ഷോര്‍ട്ട് ലിസ്റ്റ് തയാറാക്കുക. ഈ ലിസ്റ്റില്‍പെടുന്നവര്‍ക്കുള്ള വ്യക്തിഗത അഭിമുഖം, ഗ്രൂപ് ചര്‍ച്ച, റൈറ്റിങ് എബിലിറ്റി ടെസ്റ്റ് എന്നിവയാണ് അടുത്തഘട്ട തെരഞ്ഞെടുപ്പ് പ്രക്രിയ. 
എന്നാല്‍, ഫൈനല്‍ സ്കോറിനായുള്ള സ്ക്രീനിങ്ങിന് വ്യക്തിഗത ഇന്‍റര്‍വ്യൂ മികവിന് 45 ശതമാനം, കാറ്റ് സ്കോറിന് 35 ശതമാനം, ഗ്രൂപ് ചര്‍ച്ച/റിട്ടണ്‍ എബിലിറ്റി ടെസ്റ്റിലെ മികവിന് 15 ശതമാനം, വര്‍ക്ക് എക്സ്പീരിയന്‍സിലെ ഗുണമേന്മക്ക് അഞ്ച് ശതമാനം എന്നിങ്ങനെയാണ് വെയ്റ്റേജ് നല്‍കി അന്തിമ മെരിറ്റ് ലിസ്റ്റ് തയാറാക്കുക.
ഐ.ഐ.എം തിരുച്ചിറപ്പള്ളിയില്‍ ‘പി.ജി.പി’ പ്രവേശനത്തിന് www.iimtrichy.ac.in എന്ന വെബ്സൈറ്റിലൂടെ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. ഇവിടെ 180 പേര്‍ക്ക് പ്രവേശനം ലഭിക്കും. 
പേഴ്സണല്‍ ഇന്‍റര്‍വ്യൂ, റിട്ടണ്‍ അനാലിസിസ് ടെസ്റ്റ്, അക്കാദമിക് മെരിറ്റ് വര്‍ക്ക് എക്സ്പീരിയന്‍സ്, കാറ്റ് സ്കോര്‍ എന്നിവ പരിഗണിച്ചാണ് ഇവിടെ മെരിറ്റ് ലിസ്റ്റ് തയാറാക്കുന്നത്.
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.