ഗ്രേസ് മാർക്ക് പ്രത്യേകം രേഖപ്പെടുത്തും; 90 ശതമാനത്തിന് മുകളിൽ ഇനി ഗ്രേസ് മാർക്കില്ല

കൊച്ചി: കേരള സിലബസിൽ പൊതു പരീക്ഷയെഴുതുന്നവരുടെ ഗ്രേസ് മാർക്ക് സർട്ടിഫിക്കറ്റിൽ ഇനി തിയറി മാർക്കിനൊപ്പം ചേർക്കാതെ പ്രത്യേകം രേഖപ്പെടുത്തും. എ പ്ലസിന് അർഹമായ 90 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ച വിദ്യാർഥിക്ക് ഗ്രേസ് മാർക്ക് നൽകുകയുമില്ല. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച 2022ലെ ഹയർ സെക്കൻഡറി പരീക്ഷ മാന്വലിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നിയന്ത്രണങ്ങളില്ലാതെ ഗ്രേസ് മാർക്ക് നൽകുന്നതുമായി ബന്ധപ്പെട്ട് പരിഗണനയിലുള്ള ഹരജി സർക്കാറിന്‍റെ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിൽ ഹൈകോടതി തീർപ്പാക്കി.

ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് മാർക്ക് മോഡറേഷൻ നിർത്തുന്നതടക്കം തീരുമാനങ്ങൾ നടപ്പാക്കണമെന്ന് 2019 ജൂലൈയിൽ ഹൈകോടതി ഉത്തരവിട്ടിരുന്നു. കേന്ദ്ര സർക്കാർ വിളിച്ച സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാരുടെ യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കണമെന്നായിരുന്നു നിർദേശം.

എന്നാൽ, പാഠ്യേതര പ്രവർത്തനങ്ങൾക്ക് നൽകുന്ന ഗ്രേസ് മാർക്കിന്‍റെ കാര്യത്തിൽ ഉത്തരവിൽ കൂടുതൽ വ്യക്തത തേടി ഹരജിക്കാരായ പത്തനംതിട്ട കരവാളൂർ സ്വദേശി റോഷൻ ജേക്കബ്, അഞ്ചൽ സ്വദേശിനി ആൻസ് ജേക്കബ്, ചെങ്ങന്നൂർ സ്വദേശിനി ആർ. നന്ദൻ എന്നീ വിദ്യാർഥികൾ നൽകിയ അപ്പീൽ ഹരജിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനക്കെത്തിയത്.

വർഷങ്ങളായി കേരള സിലബസിൽ ക്രമാതീതമായി ഗ്രേസ് മാർക്കും മോഡറേഷനും നൽകുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രവേശന സമയത്ത് മറ്റ് സിലബസുകളിലുള്ള മികച്ച വിദ്യാർഥികൾ പിന്തള്ളപ്പെടാൻ ഇടയാക്കുമെന്നായിരുന്നു ഹരജിയിലെ ആരോപണം. ഇക്കാര്യത്തിൽ സർക്കാറിന്‍റെ വിശദീകരണം തേടിയ ഡിവിഷൻ ബെഞ്ച്, സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവുകൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സമയക്രമവും അറിയിക്കാൻ നിർദേശിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ഹരജി പരിഗണിക്കവെ, പുതിയ പരീക്ഷ മാന്വലിൽ ഗ്രേസ് മാർക്കും ഇളവുകളും സംബന്ധിച്ച് തങ്ങൾ ആവശ്യപ്പെട്ട രീതിയിലുള്ള പ്രഖ്യാപനം സർക്കാർ നടത്തിയതായി ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. 

Tags:    
News Summary - Grace marks will be recorded separately; No Grace marks for 90 percent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.