ഇംഗ്ലീഷ് മിത്രക്കെതിരെ വ്യാജ പോസ്റ്റ്; പൊലീസ് കേസെടുത്തു

കൊച്ചി: സ്പോക്കൺ ഇംഗ്ലീഷ് പരിശീലിപ്പിക്കുന്ന സ്ഥാപനം മതപരിവർത്തനം നടത്തുന്നതായി സമൂഹമാധ്യമങ്ങളിലൂടെ വ്യാജസന്ദേശം. സംഭവത്തിൽ കൊച്ചി സിറ്റി പൊലീസും സൈബർ സെല്ലും കേസെടുത്തു. കലൂർ ഷേണായ് റോഡിൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് മിത്ര എന്ന സ്ഥാപനത്തിനെതിരെയാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപോസ്റ്റർ പ്രചരിപ്പിച്ചത്.

ഹിന്ദുക്കളെ മുസ് ലിം വിഭാഗത്തിലേക്ക് മതപരിവർത്തനം നടത്തുന്ന സ്ഥാപനമാണെന്ന പേരിൽ ഒരാഴ്ച്ച മുമ്പാണ് ഇത്തരം സന്ദേശം സ്ഥാപന അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. ഇതേ തുടർന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർക്കും സൈബർ സെല്ലിനും പരാതി നൽകിയിരുന്നു. തുടർന്ന് രണ്ട് ദിവസത്തിനുശേഷം ഈ സ്ഥാപനം വണ്ടൂരിലെ ആർ.എസ്.എസുകാരുടേതാണെന്നും മുസ് ലിം പെൺകുട്ടികളെ ഹിന്ദു വിഭാഗത്തിലേക്ക് മതപരിവർത്തനം നടത്തുന്നുവെന്നമുള്ള രീതിയിൽ വടക്കൻകേരളത്തിലും പോസ്റ്റുകൾ പ്രചരിപ്പിച്ചു.

ഇതോടെ സ്ഥാപന അധികൃതർ മുഖ്യമന്ത്രിക്കും മലപ്പുറം എസ്.പിക്കും പരാതി നൽകി. മൂന്ന് വർഷത്തോളമായി പ്രവർത്തിക്കുന്ന സ്ഥാപനം വഴി ആയിരക്കണക്കിന് വിദ്യാർഥികൾ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. 150ലേറെ പരിശീലകരും സ്ഥാപനത്തിനുണ്ട്. ഇവരുടെ ജാതിയോ മതമോ തങ്ങൾ നോക്കാറിലെന്നും ഇത്തരം സന്ദേശങ്ങൾ പൂർണമായും വ്യാജമാണെന്നും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ഇംഗ്ലീഷ് മിത്ര അധികൃതർ അറിയിച്ചു.

Full View


Tags:    
News Summary - Fake post against English Mithra; Police have registered a case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.