തിരുവനന്തപുരം: വൈസ്ചാൻസലർ നിയമനത്തിൽ ചാൻസലറായ ഗവർണർക്ക് അമിതാധികാരം നൽകുന്നതുൾപ്പെടെയുള്ള കരട് റെഗുലേഷൻ വ്യവസ്ഥകൾ യു.ജി.സിയുടെ ഇല്ലാത്ത അധികാര പ്രയോഗമെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. കരട് റെഗുലേഷന്റെ ഭരണഘടന സാധുത സംസ്ഥാനം നിയമപരമായി ചോദ്യം ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനങ്ങളുടെ നിയമനിർമാണത്തിന് മുകളിൽ കേന്ദ്ര സർക്കാർ സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ സബോഡിനേറ്റ് നിയമനിർമാണത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന ചട്ടങ്ങൾ ആധിപത്യം നേടുന്ന സാഹചര്യവും കോടതിയിൽ ചോദ്യം ചെയ്യണം.
ഉന്നത വിദ്യാഭ്യാസത്തിനായി നീക്കിവെക്കുന്ന തുകയുടെ മഹാഭൂരിഭാഗവും ചെലവഴിക്കുന്ന സംസ്ഥാനങ്ങളെ സർവകലാശാലകളുടെ കാര്യത്തിൽ നിന്ന് പൂർണമായും അകറ്റിനിർത്തുന്നതിനെ ചോദ്യം ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു. ആസൂത്രണ ബോർഡ് മുൻ ഉപാധ്യക്ഷൻ പ്രഫ. പ്രഭാത് പട്നായിക് അധ്യക്ഷനായ മൂന്നംഗ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. സംസ്ഥാന സർവകലാശാലകളുടെ വി.സി, അധ്യാപക നിയമനങ്ങളിൽ ഉൾപ്പെടെയുള്ള വ്യവസ്ഥകൾ മാറ്റിയ കരട് റെഗുലേഷൻ ഭരണഘടനയുടെ ഫെഡറൽ തത്ത്വങ്ങൾക്ക് വിരുദ്ധമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയതായി ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.
റിപ്പോർട്ട് കൂടി പരിഗണിച്ചുള്ള സർക്കാർ നിലപാട് ഫെബ്രുവരി അഞ്ചിനകം യു.ജി.സിയെയും കേന്ദ്രസർക്കാറിനെയും അറിയിക്കും. യു.ജി.സി കരട് റെഗുലേഷനെതിരെ ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാർ ഉൾപ്പെടെ പങ്കെടുപ്പിച്ച് ഫെബ്രുവരി 20ന് സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ കൺവെൻഷൻ സംഘടിപ്പിക്കുമെന്നും മന്ത്രി ബിന്ദു അറിയിച്ചു. തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടക്കുന്ന കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൺവെൻഷനിലൂടെ ഉന്നത വിദ്യാഭ്യാസമേഖലയിലെ സംഘ്പരിവാറിന്റെ ഒളിയജണ്ടകൾക്കെതിരായ ദേശീയ പ്രക്ഷോഭത്തിനാണ് കേരളം തുടക്കമിടാൻ പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.