തിരുവനന്തപുരം: നിരന്തര മൂല്യനിർണയത്തിനുള്ള (സി.ഇ) മാർക്ക് തെറ്റായി അച്ചടിച്ച രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷയുടെ 30,000 സർട്ടിഫിക്കറ്റുകൾ പിൻവലിക്കുന്നു. കഴിഞ്ഞ മേയ് 22ന് ഫലം പ്രസിദ്ധീകരിച്ച പരീക്ഷയുടെ സർട്ടിഫിക്കറ്റുകളിലാണ് രണ്ടാം വർഷ സി.ഇ മാർക്ക് തെറ്റായി രേഖപ്പെടുത്തിയത്. പാർട് മൂന്ന് ഓപ്ഷനൽ വിഷയങ്ങളിലെ രണ്ടാമത്തെ പേപ്പറിന്റെ സി.ഇ മാർക്കിലാണ് തെറ്റ് വന്നത്.
കേരളത്തിന് പുറത്തുള്ള പ്രസിൽ അച്ചടിക്കായി നൽകിയ മാർക്ക് ലിസ്റ്റിൽ രണ്ടാമത്തെ ഓപ്ഷനൽ പേപ്പറിന്റെ ഒന്നാം വർഷ പരീക്ഷയിലെ സി.ഇ മാർക്ക് അതെപടി രണ്ടാം വർഷത്തിലും ആവർത്തിക്കുകയായിരുന്നു. വിദ്യാർഥിക്ക് രണ്ട് വർഷങ്ങളിലുമായി ലഭിച്ച ആകെ സി.ഇ മാർക്ക് ശരിയായ രീതിയിൽ അച്ചടിച്ചെങ്കിലും രണ്ടാം വർഷത്തേതിൽ പിശക് കടന്നുകൂടി. പ്രസിലെ സോഫ്റ്റ്വെയർ പ്രശ്നം കാരണം ഒന്നാം വർഷത്തിന് ലഭിച്ച സി.ഇ മാർക്ക് അതെ പടി രണ്ടാം വർഷത്തിന്റെ കോളത്തിലേക്കും കയറിയതാണ് പ്രശ്നമായതെന്നാണ് പരീക്ഷാ വിഭാഗം നൽകുന്ന വിശദീകരണം.
അച്ചടിക്ക് മുമ്പായി പ്രസിൽ നിന്ന് മാർക്ക് ലിസ്റ്റ് ‘മാപ്പിങ്’ നടത്തിയതിലുള്ള പിഴവാണ് പ്രശ്നമായതെന്നാണ് പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മാർക്ക് ലിസ്റ്റ് വിതരണം ആരംഭിച്ച ഘട്ടത്തിലാണ് പിഴവ് ശ്രദ്ധയിൽപെടുന്നത്. ഉടനെ പ്രസുകാരിൽ നിന്ന് വിശദീകരണം തേടി. തെറ്റുതിരുത്തിയ മാർക്ക് അടിയന്തിമായി അച്ചടി പൂർത്തിയാക്കി സ്കൂളുകളിലേക്ക് എത്തിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ഇന്നും നാളെയുമായി തെറ്റ് തിരുത്തിയ മാർക്ക് ലിസ്റ്റുകൾ സ്കൂളുകളിൽ എത്തുമെന്ന് പരീക്ഷാ സെക്രട്ടറി ഡോ. മാണിക്യരാജ് അറിയിച്ചു. ഓപ്ഷനൽ വിഷയങ്ങളിലെ രണ്ടാമത്തെ പേപ്പറിൽ ഒന്നാം വർഷത്തിലും രണ്ടാം വർഷത്തിലും വ്യത്യസ്ത സി.ഇ മാർക്ക് ലഭിച്ചവരുടെ സർട്ടിഫിക്കറ്റിലാണ് പിഴവ് കടന്നുകൂടിയത്. വ്യത്യസ്ത മാർക്ക് ലഭിച്ചവരുടെ എണ്ണം ഏകദേശം 30,000ത്തോളമാണ്.
-
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.