തിരുവനന്തപുരം: റാങ്ക് പട്ടിക പുതുക്കിയിറക്കിയതിന് പിന്നാലെ എൻജിനീയറിങ് പ്രവേശന നടപടികൾക്ക് തുടക്കംകുറിച്ച് സർക്കാർ. പ്രവേശനപരീക്ഷ കമീഷണർ നടത്തുന്ന കേന്ദ്രീകൃത അലോട്ട്മെന്റിനുള്ള വിജ്ഞാപനം വെള്ളിയാഴ്ച രാത്രിയോടെ പുറത്തിറക്കി. വിദ്യാർഥികൾക്ക് വിവിധ എൻജിനീയറിങ് കോഴ്സുകളിലേക്ക് ഓൺലൈനായി ഓപ്ഷൻ സമർപ്പിക്കാം. സർക്കാർ/ എയ്ഡഡ്/ സ്വയംഭരണ എയ്ഡഡ്/ സർക്കാർ കോസ്റ്റ് ഷെയറിങ്/ സ്വകാര്യ സ്വാശ്രയ സ്വയംഭരണ എൻജിനീയറിങ് കോളജുകളിലേക്കാണ് ഓപ്ഷനുകൾ സമർപ്പിക്കാനാവുക.
റാങ്ക് പട്ടികയിൽ ഉൾപ്പെട്ട് യോഗ്യത നേടിയവർക്ക് ജൂലൈ 16ന് രാവിലെ 11വരെ www.cee.kerala.gov.in ലൂടെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികളെ അലോട്ട്മെന്റിന് പരിഗണിക്കില്ല. ഈ ഘട്ടത്തിൽ ലഭ്യമാക്കിയ ഓപ്ഷനുകൾ തുടർന്നുവരുന്ന ഘട്ടങ്ങളിൽ പുതുതായി നൽകാൻ സാധിക്കില്ല. പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാ എൻജിനീയറിങ് ഴ്സുകളിലേക്കും ഈ ഘട്ടത്തിൽതന്നെ ഓപ്ഷൻ നൽകാൻ ശ്രദ്ധിക്കണം.
ജൂലൈ 17ന് ട്രയൽ അലോട്ട്മെന്റും 18ന് ആദ്യ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിച്ചവർക്ക് 18 മുതൽ 21ന് വൈകീട്ട് നാലുവരെ ഓൺലൈനായി ഫീസടക്കാം. അലോട്മെന്റ് ലഭിച്ചിട്ടും ഫീസ് അടക്കാത്തവരുടെ അലോട്ട്മെന്റും ഹയർ ഓപ്ഷനുകളും റദ്ദാകും. പ്രവേശന നടപടികളിൽ പങ്കെടുക്കുന്നവർ 2000 രൂപ ഓപ്ഷൻ രജിസ്ട്രേഷൻ ഫീസായി ഒടുക്കണം. അലോട്മെൻറ് ലഭിക്കുന്നവർക്ക് ഈ തുക കോഴ്സിന്റെ ട്യൂഷൻ ഫീസിൽ വകയിരുത്തി നൽകും. അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് ഫീസ് തിരികെ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.